ഇ–ഫയലിങ്‌ തകരാർ: എൻഐസി അവകാശവാദം തെറ്റ്‌ : ഹൈക്കോടതി ഐടി സെൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 26, 2020, 01:38 AM | 0 min read


കൊച്ചി
ഹൈക്കോടതിയിലെ ഓൺലൈൻ ഫയലിങ്‌ സംവിധാനം തുടക്കത്തിലേ പാളിയത് എൻഐസിയുടെ സെർവർ തകരാർമൂലമെന്ന് ഹൈക്കോടതി ഐടി സെൽ. ഓൺലൈൻ ഫയലിങ്‌ പാളിയത്‌ തങ്ങളുടെ വീഴ്ചയല്ലെന്ന് കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള എൻഐസി വിശദീകരിച്ചതിന്‌ പിന്നാലെയാണിത്‌. മധ്യവേനൽ അവധിക്കാലത്ത് വീഡിയോ കോൺഫറൻസിലൂടെ കേസ് പരിഗണിക്കുന്നതിന് ഹൈക്കോടതി ഐടി സെൽ സംവിധാനം ഒരുക്കിയിരുന്നു. ഇത്‌ കുറ്റമറ്റനിലയിൽ പ്രവർത്തിച്ചു. അവധി കഴിഞ്ഞ് കോടതി തുറന്നപ്പോൾ പുതിയ കേസുകളെല്ലാം ഓൺലൈനിൽ ഫയൽ ചെയ്യാൻ തീരുമാനിച്ചു.  എൻഐസിയുടെ സെർവറാണ്‌ ഉപയോഗിച്ചത്‌.  ഇത് തുടക്കത്തിലേ പാളി. ഓൺലൈനായി ഫയൽചെയ്ത കേസുകൾ പലതും പരിഗണിക്കാൻ കോടതിക്കു കഴിഞ്ഞില്ല. വീഡിയോ കോൺഫറൻസും സുഗമമായി നടന്നില്ല. എൻഐസിയുടെ സെർവർ തകരാറിലായ ഉടൻ ഐടി സെൽ പകരം പുതിയ മെയിൽ ഐഡികൾ ഉണ്ടാക്കി  ഓൺലൈൻ സംവിധാനം രണ്ട് ദിവസത്തിനുള്ളിൽ പ്രവർത്തനക്ഷമമാക്കിയെന്ന് അധികൃതർ വിശദീകരിക്കുന്നു. എൻഐസി   മൊഡ്യൂൾ ആധുനികമല്ലെന്നും താരതമ്യേന പിന്നോക്കം നിൽക്കുന്ന സംവിധാനമാണെന്നും ഐടി സെൽ അധികൃതർ പറയുന്നു.

എൻഐസിയുടെ പിടിപ്പുകേടുകൊണ്ടാണ്‌ കേരള ഹൈക്കോടതി ഈ രംഗത്ത് മറ്റ് ഹൈക്കോടതികളേക്കാൾ പിന്നിലായതെന്നും  എൻഐസിയുടെ സോഫ്റ്റ് വെയറും ആപ്പുകളും ആധുനികമല്ലെന്നും കേരള ഹൈക്കോടതി ഇക്കാര്യത്തിൽ പത്ത് വർഷമെങ്കിലും പിന്നിലാണെന്നും ഐടി സെൽ ചുമതലയുള്ള ന്യായാധിപർ ‘ദേശാഭിമാനി’യോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home