സർക്കാരിന്റെ കരുതലിന് നൂറ് മാർക്ക് ; സർക്കാർ ഇടപെടൽ ഫലപ്രദമായിരുന്നെന്ന് സർവേ ഫലം

സ്വന്തം ലേഖകൻ
അടച്ചുപൂട്ടൽകാലത്ത് പൊതുവിതരണ സംവിധാനത്തിലൂടെയുള്ള സംസ്ഥാന സർക്കാർ ഇടപെടൽ ജനങ്ങൾക്ക് ആശ്വാസമായെന്ന് സർവേ. സാർവത്രിക പൊതുവിതരണ സംവിധാനം ഏറ്റവുമാദ്യം പ്രയോജനപ്പെടുത്തിയത് കേരളമാണെന്നും സെന്റർ ഫോർ സോഷ്യോ-എക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസ് (സിഎസ്‌ഇഎസ്) നടത്തിയ പഠനം വ്യക്തമാക്കുന്നു.
റേഷൻ അവകാശമാക്കി
റേഷൻ കാർഡുള്ള കുടുംബങ്ങളിൽ 92 ശതമാനം റേഷൻ വാങ്ങി. 16 ശതമാനം ആദ്യമായിട്ടോ വളരെക്കാലത്തിന് ശേഷമോ ആണ് വാങ്ങിയത്. മുൻഗണനാ വിഭാഗത്തിലെ 98 ശതമാനം കുടുംബങ്ങളും സംസ്ഥാന സബ്സിഡി വിഭാഗത്തിലെ 91 ശതമാനവും മുൻഗണനേതര വിഭാഗത്തിലെ 85 ശതമാനം കുടുംബങ്ങളും വാങ്ങി.
നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പ്രാദേശിക പലചരക്ക് കടകളെ ആശ്രയിക്കുന്നവർ 15 ശതമാനം വർധിച്ചു . സൂപ്പർ മാർക്കറ്റുകളെ ആശ്രയിച്ചിരുന്നവർ 38ൽനിന്ന് 20 ശതമാനമായി.
വരുമാനം കുറഞ്ഞു
സംസ്ഥാനത്തെ 504 പേരിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. 61 ശതമാനംപേർ വരുമാനം കുറഞ്ഞതായി അഭിപ്രായപ്പെട്ടു. മുൻഗണനാ വിഭാഗക്കാരിൽ 97 ശതമാനംപേരും മുൻഗണനേതര വിഭാഗത്തിലെ പകുതിയോളവും ഇതേ അഭിപ്രായക്കാരാണ്. ദൈനംദിന ചെലവുകൾ ചുരുക്കേണ്ടി വരുമെന്ന് 92 ശതമാനംപേരും അഭിപ്രായപ്പെട്ടു.
മാസ്‌ക് മുഖ്യം
87 ശതമാനം കുടുംബങ്ങളും പുറത്തുപോകുമ്പോൾ മാസ്‌കോ ടവ്വലോ ഉപയോഗിച്ച് മുഖം മറയ്ക്കാറുണ്ടെന്നും 70 ശതമാനംപേർ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈ വൃത്തിയാക്കാറുണ്ടെന്നും അഭിപ്രായപ്പെട്ടു.








0 comments