കേരള കോഴികൾ ഒരാഴ്ചയ്‌ക്കകം; വില കുറയാൻ സാധ്യത

തൃശൂർ
ലോക്‌ഡൗൺ പ്രതിസന്ധികൾക്കിടെ കേരളത്തിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന കോഴികൾ ഒരാഴ്‌ചയ്‌ക്കകം വിപണിയിലെത്തും. ഇതോടെ കോഴിവില കുറയാൻ സാധ്യത. തമിഴ്‌നാടുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് കോഴികളും കുഞ്ഞുങ്ങളും വരവ് കുറഞ്ഞതോടെയാണ് കോഴിക്ക് കുത്തനെ വിലകൂടിയത്. കിലോയ്‌ക്ക് 156 രൂപവരെയായി ഉയർന്നിരുന്നു. ലഗോൺകോഴിക്ക് വരെ 120 രൂപവന്നു.
കോവിഡ് മൂലം നേരത്തെ തമിഴ്‌നാട്, മഹാരാഷ്‌ട്ര, കർണാടക സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ കോഴി കേരളത്തിലേക്ക് തള്ളിവിട്ടിരുന്നു. ഇതിനിടെ പക്ഷിപ്പനി പടർന്നു. അതോടെ കിലോയ്‌ക്ക് 20 രൂപവരെയായി കുറഞ്ഞു. കേരളത്തിലെ 60 ശതമാനം കർഷകരും കോഴികൃഷിയിൽനിന്ന് പിന്മാറി. 35 രൂപ നൽകി വാങ്ങുന്ന കോഴിക്കുഞ്ഞിനെ വളർത്താൻ തീറ്റക്കൂലിയടക്കം കുറഞ്ഞത് 185 രൂപ ചെലവ് വരും. ഇതോടെ കേരളത്തിൽ കോഴി ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു.
അന്യസംസ്ഥാനങ്ങളിൽനിന്നുള്ള കോഴിവരവും കുറഞ്ഞു. തമിഴ്‌നാട്ടിൽനിന്ന് കുഞ്ഞുങ്ങളേയും ലഭിക്കാത്ത സ്ഥിതിയായി. കേരളത്തിൽ ഏതാനും ഫാമുകളിൽ സ്റ്റോക്കുള്ള കോഴികളാണ് ഇപ്പോൾ വിറ്റഴിക്കുന്നത്. ആവശ്യക്കാർ കൂടുതലായതോടെ വില കൂടി.
കേരളത്തിലെ കോഴികർഷകർ ഉൽപ്പാദിപ്പിക്കുന്നവ 45 ദിവസത്തെ പൂർണവളർച്ചക്കുശേഷം അടുത്തയാഴ്‌ചയോടെ വിപണിയിലെത്തുമെന്ന് പൗൾട്രി ഫാർമേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടിയും സെക്രട്ടറി ടി എസ് പ്രമോദും പറഞ്ഞു. വില വർധന താൽക്കാലികമാണ്. ഒരാഴ്‌ചക്കകം സാധാരണ നിലയിലാകുമെന്നും അവർ പറഞ്ഞു.









0 comments