ആലപ്പുഴ ബൈപ്പാസ് യാഥാര്‍ഥ്യത്തിലേക്ക്‌; കുതിരപ്പന്തി റെയിൽവേ ഓവർ ബ്രിഡ്‌ജ്‌ ഗർഡറുകൾ സ്ഥാപിക്കാൻ അനുമതിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 29, 2020, 09:51 PM | 0 min read

തിരുവനന്തപുരം > ആലപ്പുഴ നിവാസികളുടെ സ്വപ്നമായ ബൈപ്പാസിന്റെ കുതിരപ്പന്തി ഭാഗത്തെ റെയിൽവേ ഓവർ ബ്രിഡ്‌ജിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന് റെയിൽവേ അനുമതി നൽകിയതായി മന്ത്രി ജി സുധാകരൻ അറിയിച്ചു. ആലപ്പുഴ ബൈപ്പാസിന്റെ ഭാഗമായ രണ്ട് റെയിൽവേ ഓവർബ്രിഡ്‌ജുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ ഉന്നയിച്ചിരുന്ന സാങ്കേതികമായ പ്രശ്നങ്ങൾ പരിഹരിച്ച് ഒരു ഓവർബ്രിഡ്ജിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നത് ജനുവരിയോടെ പൂർത്തിയാക്കിയിരുന്നു. ഒന്നാമത്തെ റെയിൽവേ ഓവർബ്രിഡ്ജിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്.

രണ്ടാം ഓവർബ്രിഡ്ജിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന് റെയിൽവേ ഉന്നയിച്ചിരുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചിരുന്നെങ്കിലും ഗർഡറുകൾ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചിരുന്നില്ല. അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും കത്തയച്ചതിന്റെ ഫലമായാണ്‌ ഇപ്പോൾ അനുമതി ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു. അനുമതി ലഭ്യമായതോടെ എത്രയും വേഗം ഗർഡറുകൾ സ്ഥാപിക്കാനുള്ള പ്രവൃത്തികൾ ആരംഭിക്കുമെന്നും രണ്ട് മാസം കൊണ്ട് ഓവർബ്രിഡ്ജിന്റെ പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കളർകോട്, കൊമ്മാടി ജങ്‌ഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട നിർമാണ പ്രവൃത്തികൾ 70 ശതമാനം പൂർത്തിയായതായും എത്രയും വേഗം ബാക്കി നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ആഗസ്‌ത്‌ മാസത്തോടെ ബൈപ്പാസ് നാടിന് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home