Deshabhimani

VIDEO - ജമാഅത്തെ ഇസ്ലാമിയുടെ നാവാകുന്ന മുൻന്യായാധിപൻ ഞങ്ങളുടെ ചരിത്രം മനസ്സിലാക്കണം - പിണറായി വിജയൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 25, 2020, 11:01 AM | 0 min read

കൊല്ലം > പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നു പറഞ്ഞിടത്ത്‌ ഉറച്ചുനിൽക്കുമെന്നും അതിനുശേഷം വരുന്ന കാര്യത്തിലും പറഞ്ഞയിടത്തു തന്നെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ബഹുമാന്യനായ ഒരു റിട്ട. ന്യായാധിപൻ മുഖ്യമന്ത്രി പറഞ്ഞ ഇക്കാര്യത്തിൽ സംശയം ഉന്നയിച്ചതു കേട്ടു. ‘ചോദ്യത്തിന്‌  ഉത്തരം കൊടുത്തില്ലെങ്കിൽ പൗരത്വം ഇല്ലാത്ത അവസ്ഥവരും’ എന്നാണ്‌ അദ്ദേഹം പറയുന്നത്‌. അപ്പോൾ ഈ പറയുന്നവരുണ്ടാകുമോ എന്നും അദ്ദേഹം ചോദിക്കുന്നു. ജമാ അത്തെ ഇസ്ലാമിക്കുവേണ്ടി സംസാരിക്കുന്ന പഴയ ന്യായാധിപന്റെ സ്വരമാണിത്‌. അങ്ങ്‌ ഇരുന്ന കസേരയുടെ വലിപ്പം ചിന്തിക്കണം.  പറഞ്ഞതിന്‌ ഒപ്പം നിന്ന ചരിത്രമാണുള്ളത്‌. ജമാഅത്തെ ഇസ്ലാമിക്കു വേണ്ടി വാദിക്കാൻ വസ്‌തുതാവിരുദ്ധമായ കാര്യങ്ങൾ പറയരുത്‌. അങ്ങ്‌ ആരു പറഞ്ഞതാണ്‌ കേട്ടത്‌.  അങ്ങയുടെ മനസ്സിലുള്ള വികലമായ ധാരണ മുഖ്യമന്ത്രിയുടെ നാക്കിൽ കെട്ടിവയ്‌ക്കരുത്‌. ദേശീയ ജനസംഖ്യ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമായ എന്യൂമറേഷൻ കേരളത്തിൽ നടക്കില്ല. സെൻസസിന്റെ ഭാഗമായതേ നടക്കൂ. വീടിന്റെ കണക്ക്‌, സ്വഭാവം,  അംഗങ്ങളുടെ എണ്ണം, പ്രായം, ലിംഗം എന്നിവയെല്ലാമാണ്‌ അതിൽ വരുന്നത്‌. അച്ഛന്റെയോ അമ്മയുടെയോ ജനനത്തീയതിയും ജന്മസ്ഥലവുമൊന്നും അതിലുണ്ടാകില്ല. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ ഭാഗമായ എന്യൂമറേഷനും രജിസ്റ്ററും നടക്കില്ല. പഴയ ന്യായാധിപൻ ജമാഅത്തെ ഇസ്ലാമിക്ക്‌ വേണ്ടി തെറ്റിദ്ധരിപ്പിക്കുന്നു.

ചിലർക്ക്‌ ചില വേലാതികൾ ഉണ്ട്‌. ആർഎസ്‌എസ്‌ അപ്പുറത്ത്‌ ചെയ്യുന്നത്‌ എസ്‌ഡിപിഐയും ജമാഅത്തെ  ഇസ്ലാമിയും ഇപ്പുറത്ത്‌ ചെയ്യുന്നു. മതനിരപേക്ഷതയ്‌ക്ക്‌ സംരക്ഷണം നൽകുന്ന ഭരണഘടനയാണ്‌ നമ്മുടേത്‌. ഭൂരിപക്ഷ–- ന്യൂനപക്ഷ സമുദായത്തിലുള്ളവരിൽ മഹാഭൂരിപക്ഷവും  മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്‌.

വർഗീയ കാഴ്‌ചപ്പാടുള്ളവരെ മാറ്റിനിർത്തി യോജിച്ച സമരമാണ്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കേണ്ടത്‌. ചിലരുടെ ദുർവാശി അതിന്റെ സാഹചര്യം ഇല്ലാതാക്കുന്നു. ഇവർ ജമാഅത്തെ ഇസ്ലാമിയുമായും പരോക്ഷമായി എസ്‌ഡിപിഐയുമായും ചേരുന്നു. ഇത്‌ എവിടെ എത്തിക്കുമെന്ന്‌ ചിന്തിക്കണം. ഇക്കൂട്ടർ ഗതികേടിൽനിന്ന്‌ കൂടുതൽ ഗതികേടിലേക്കാണ്‌ നീങ്ങുന്നത്‌ - മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home