31 January Tuesday

ഇരുളിൽ മുറിഞ്ഞ ഈണം: മലയാള സിനിമയിലെ ആദ്യ സംഗീതസംവിധായകന് സംഭവിച്ചതെന്ത്?

ഡോ. ഇ സന്ധ്യUpdated: Sunday Apr 22, 2018

ഇ ഐ വാര്യരുടെ ലഭ്യമായ ഏക ചിത്രം

ഡോ.ഇ സന്ധ്യ

ഡോ.ഇ സന്ധ്യ

മലയാള സിനിമ പിന്നണി പാടി തുടങ്ങിയിട്ട് 70 വർഷം പിന്നിടുന്നു.
1948 ഫെബ്രുവരിയിൽ പുറത്തുവന്ന ‘നിർമ്മല’യിലാണ് ആദ്യമായി
പാടി റെക്കോഡ് ചെയ്ത ഗാനങ്ങൾ  ഉപയോഗിക്കുന്നത്. അതിനുമുമ്പ്
പുറത്തിറങ്ങിയ മൂന്ന് മലയാള ശബ്ദചിത്രങ്ങളിൽ നടീനടന്മാർ പാടി
അഭിനയിക്കുകയായിരുന്നു. നിർമ്മലയുടെ സംഗീതം നിർവഹിച്ചത്
രണ്ടുപേർ. ഇ ഐ വാര്യരും പി എസ് ദിവാകറും.
 

പി എസ് ദിവാകർ പിന്നെയും
നൂറ്റി മുപ്പതിലേറെ ചിത്രങ്ങളിൽ പാട്ടുകൾ ചെയ്തു. പക്ഷേ, ഇ ഐ വാര്യരെപ്പറ്റി
മലയാളം പിന്നെ കേട്ടിട്ടില്ല. മലയാള സിനിമാചരിത്രരേഖകളിലെങ്ങും
ഒരു ചിത്രംപോലും അവശേഷിപ്പിക്കാതെ അദ്ദേഹം മറഞ്ഞു.
നിർമ്മലയുടെ വാർഷികാഘോഷങ്ങളിൽപോലും അദ്ദേഹം വിസ്മരിക്കപ്പെട്ടു.

സംഗീത ശാസ്ത്രകാരൻ ആറ്റൂർ കൃഷ്ണ പിഷാരടിയുടെ ശിഷ്യനും സംഗീതത്തിൽ അക്കാലത്തുതന്നെ സ്വന്തം പാത തുറക്കുകയും ചെയ്തിരുന്ന വാര്യർ എവിടെപ്പോയി?
ഉത്തരം തേടുകയാണിവിടെ.  ഒരു ദുരന്തകാവ്യംപോലെ അവസാനിച്ച
ഇ ഐ വാര്യരുടെ ജീവിതം പറയുകയാണ് അദ്ദേഹത്തിന്റെ സഹോദരിയുടെ
ചെറുമകളും കവിയും കഥാകൃത്തുമായ ഡോ. ഇ സന്ധ്യ.  ഒപ്പം വാര്യരുടെ
സംഗീത സംവിധാനത്തിൽ ആദ്യ പിന്നണിഗാനങ്ങളിലൊന്ന് പാടിയ
ഗായിക വിമല ബി വർമയും വാര്യരെ ഓർക്കുന്നു

തടിച്ച്, പൊക്കമുള്ള ശരീരം. പല്ലെല്ലാം പോയതിനാൽ തൊണ്ണ മുഴുവൻ കാണിച്ചുള്ള ചിരി. എപ്പോഴും എന്തോ ചവച്ചുകൊണ്ടിരിക്കുംപോലെ. അമ്മയുടെ ചേച്ചി കൊടുക്കുന്ന ഭക്ഷണം പരാതിയോ പരിഭവമോ ഇല്ലാതെ നിലത്തിരുന്നു കഴിക്കും. പാത്രം കഴുകി ബഞ്ചിനു കീഴെവച്ച് ഒന്നും മിണ്ടാതെ പോകും. ഹൈഡ്രോസിൽ രോഗം വന്നതുകാരണം പലരുടെയും പരിഹാസപാത്രം. തലയ്ക്ക് സുഖമില്ലാത്ത ആളെന്ന നിലയിൽ കുടുംബക്കാർ എഴുതിത്തള്ളിയ ആ മനുഷ്യൻ മലയാള സിനിമാചരിത്രത്തിന്റെ ഭാഗമായിരുന്നു എന്നറിയാൻ വൈകി. അറിഞ്ഞിരുന്നവർ പലരും

വര: സനല്‍ കുമാര്‍

വര: സനല്‍ കുമാര്‍

അറിഞ്ഞില്ലെന്നു നടിച്ചു. അദ്ദേഹമാണ് ടൂത്രമ്മാൻ എന്ന് എല്ലാവരും വിളിച്ചിരുന്ന ഇ ഐ വാര്യർ. എന്റെ മുത്തശ്ശിയുടെ സഹോദരിയുടെ മകൻ. 1919ൽ ജനനം. അമ്മ ഇടക്കുന്നിവാര്യത്ത് കൊച്ചു മാധവി വാരസ്യാർ.

വീണവായനയിൽ അദ്വിതീയൻ. അതിപ്രശസ്തനായ വീണവിദ്വാൻ ആറ്റൂർ കൃഷ്ണപ്പിഷാരടിയായിരുന്നു ഗുരു.  വീണ ടൂത്രമ്മാന് പലതരത്തിൽ വഴങ്ങിക്കൊടുത്തിരുന്നു. ആ അതുല്യ പ്രതിഭാധനൻ വീണ മാറിൽ വിലങ്ങനെവെച്ചും കുത്തനെ നിർത്തിയും ഒക്കെ വായിക്കാറുണ്ടായിരുന്നുവത്രെ. ടൂത്രമ്മാനും സംഗീതത്തിൽ കമ്പക്കാരായ മറ്റു ചില ബന്ധുക്കളും ചേർന്ന് ചില വൈകുന്നേരങ്ങളിൽ തറവാട്ടിലെ പടിപ്പുരയിൽ അരങ്ങേറിയിരുന്ന സംഗീതസപര്യകൾ അമ്മ ഓർത്തെടുക്കുന്നുണ്ട്. ആ സംഗീതസപര്യ കുറച്ചുകൂടി മെച്ചമാക്കാനാവും അന്നദ്ദേഹം ബോംബെക്ക് പോകാമെന്നു തീരുമാനിച്ചത്. തീരുമാനം ഗുരുവിനെ അറിയിച്ചപ്പോൾ എന്തോ മുന്നിൽ കണ്ടെന്നപോലെ അദ്ദേഹം ചോദിച്ചത്രേ, അതു വേണോ ടൂത്രാ എന്ന്.

പക്ഷേ, ശിഷ്യൻ പോകുകതന്നെ ചെയ്തു. ബോംബെ എന്ന മഹാനഗരത്തിന്റെ ഭാഗമായി. അനേകം പ്രശസ്ത ഹിന്ദിസിനിമകൾക്ക് (അനാർക്കലി ഉൾപ്പെടെ) സംഗീതസംവിധാനം ചെയ്ത സി രാമചന്ദ്രയ്‌ക്ക് ഒപ്പം പ്രവർത്തിച്ചു. ഇതിനിടയിലാണ് കേരളത്തിലെത്തി നിർമ്മലയിൽ സംഗീതം ചെയ്തത്. വീണ്ടും ബോംബെക്ക് പോയി. ഉയർച്ചയുടെ നാളുകളിലൊന്നിൽ അതു സംഭവിച്ചു. മനസ്സ് താളം തെറ്റി പാടാൻ തുടങ്ങി. അറുപതുകളിലെപ്പോഴോ അദ്ദേഹം തിരിച്ചുവന്നു. ഇംഗ്ലീഷും ഹിന്ദിയും ഒക്കെ ചേർത്ത് ആരോടൊക്കെയോ ചറപറാ വർത്തമാനം പറഞ്ഞ് നടന്നു. എന്താണ് സംഭവിച്ചതെന്ന് പറയാൻ ആരുമുണ്ടായിരുന്നില്ല.

പിന്നീടെന്നോ മദിരാശിയിൽ എച്ച്എംവിയുടെ സരസ്വതി സ്റ്റോർസിൽ ‐ഗ്രാമഫോൺ റെക്കോർഡ് വിൽക്കുന്ന സ്ഥലം ‐ സ്റ്റാഫ് ആർട്ടിസ്റ്റ് ആയി ചേർന്നതായി അറിവുണ്ട്. പക്ഷേ, അതും അധികകാലമുണ്ടായില്ല. നാട്ടിൽ വന്നശേഷം ചില അമ്പലങ്ങളിലൊക്കെ ചെറിയ പരിപാടികൾക്ക് വീണ വായിച്ചിരുന്നു. ഒരിക്കൽ തൃശൂർ പടിഞ്ഞാറെ കോട്ടയിലുള്ള സെന്റ് ആൻസ് സ്കൂളിന്റെ വാർഷികപരിപാടിക്ക് രണ്ടു പ്രോഗ്രാമിനിടയ്‌ക്കുള്ള സമയത്ത് ആരോ വീണ വായിക്കുന്നതായി കേട്ട് എന്റെ ചേച്ചി നോക്കിയപ്പോൾ അത് ടൂത്രമ്മാനായിരുന്നുവത്രെ. ഇന്ത്യ അറിയേണ്ടിയിരുന്ന ആ മഹാപ്രതിഭ തുച്ഛം കാശിനുവേണ്ടി ചെറിയ പരിപാടികൾക്ക് പോകേണ്ടിവന്നു.

അമ്പതുകളില്‍ മുംബയിലെത്തിയ ഇ ഐ വാര്യര്‍ അനാർക്കലി ഉൾപ്പെടെ അനേകം പ്രശസ്ത ഹിന്ദിസിനിമകൾക്ക്  സംഗീതസംവിധാനം ചെയ്ത സി രാമചന്ദ്രയ്‌ക്ക് ഒപ്പം പ്രവർത്തിച്ചിരുന്നു.. ഇതിനിടയിലാണ് കേരളത്തിലെത്തി നിർമ്മലയിൽ സംഗീതം ചെയ്തത്. വീണ്ടും ബോംബെക്ക് പോയി. പിന്നീടെപ്പോഴോ മനസ്സ് കൈവിട്ട നിലയിലായി

വ്യക്തിജീവിതത്തിൽ രോഗങ്ങൾക്കൊപ്പം ദുരന്തങ്ങളും വേട്ടയാടി. വിവാഹം കഴിച്ചിരുന്നുവെങ്കിലും കുട്ടികൾ ഉണ്ടായില്ല. കീരംകുളങ്ങര വാര്യത്ത് സരസ്വതി വാരസ്യാരായിരുന്നു ഭാര്യ. ദുരന്തങ്ങൾക്ക് നടുവിൽ പിടിച്ചുനിൽക്കാനാകാതെ അവർ അവരുടെ സഹോദരിക്കൊപ്പം ആത്മഹത്യചെയ്തു.  ആ   വേർപാട് അദ്ദേഹത്തെ ഒന്നുകൂടി ദുഃഖിതനും ആലംബമറ്റവനുമാക്കി. 1979ൽ അദ്ദേഹം അന്തരിച്ചു.

നിർമ്മല സിനിമയുമായി ബന്ധപ്പെട്ട പ്രമുഖരിൽ  ഇന്ന് ജീവിച്ചിരിക്കുന്നത് ഗായിക വിമല ബി വർമ മാത്രം.

'നിര്‍മ്മല' യുടെ പോസ്റ്റര്‍

'നിര്‍മ്മല' യുടെ പോസ്റ്റര്‍

സിനിമയിൽ വിമലാ ബി വർമ പാടിയ 'ഏട്ടൻ വരുന്ന ദിനമേ...' എന്ന ഗാനം അടുത്തകാലത്ത് വീണ്ടും ആളുകളുടെ ശ്രദ്ധയിലെത്തി. ചടുലമായ വാദ്യങ്ങളുടെ അകമ്പടിയോടെ ഈ ഗാനം വാട്സ് ആപ്പിൽ ഷെയർ ചെയ്തുവരികയായിരുന്നു. ഇ ഐ വാര്യരും സാക്സഫോൺ വാദകനായ പി എസ് ദിവാകരനും ചേർന്നാണ് ഈ പാട്ടിന്റെയും അതോടൊപ്പമുള്ള മറ്റു 14 പാട്ടുകളുടെയും സംഗീതസംവിധാനം നിർവഹിച്ചത്.

നിർമാണവും സംവിധാനവും സംഗീതവും അടക്കം ഒരു സിനിമയുടെ എല്ലാ മേഖലയും മലയാളികൾ കൈകാര്യം ചെയ്ത ആദ്യ ചിത്രമായിരുന്നു നിർമ്മല. പി വി കൃഷ്ണയ്യർ സംവിധാനം ചെയ്ത്, പി ജെ ചെറിയാൻ നിർമിച്ച ചിത്രം മലയാളത്തിലെ നാലാമത്തെ ശബ്ദചലച്ചിത്രമായിരുന്നു. പുത്തേഴത്തു രാമൻമേനോന്റെ തിരക്കഥ. ഗാനരചന പ്രശസ്ത കവി ജി ശങ്കരക്കുറുപ്പ്.  കേരള ടാക്കീസായിരുന്നു നിർമാണക്കമ്പനി. ആകെ 15 പാട്ടുകൾ. പി ലീല, സി കെ രാഘവൻ, സരോജിനി മേനോൻ, ടി കെ ഗോവിന്ദറാവു, വാസുദേവക്കുറുപ്പ്, വിമല ബി  വർമ എന്നിവർ ഗായകർ. ഗോവിന്ദറാവുവും സരോജിനി മേനോനും അങ്ങനെ ആദ്യത്തെ യുഗ്മഗായകരായി. 'ഏട്ടൻ വരുന്ന ദിനമേ' എന്ന ഗാനം പാടിയ വിമല  ബി വർമ സിനിമയ്ക്കുവേണ്ടി പാടിയത് ആറാം ക്ലാസിൽ പഠിക്കുമ്പോൾ.

ടൂത്രമ്മാന്റെ സംഗീതജീവിതത്തെക്കുറിച്ച് കൂടുതലെന്തെങ്കിലും പറയാൻ ബാക്കിയുള്ളത് ഇവർ മാത്രം. ചരിത്രത്തിന്റെ ഭാഗമായിത്തീർന്ന അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ചിലതെങ്കിലും നൂതന സാങ്കേതികവിദ്യയാൽ ഇപ്പോൾവിസ്മൃതിയിൽനിന്ന് പുറത്തുവന്നു. ഒപ്പം ചില അറിവുകളും. പക്ഷേ, ജീവിച്ചിരിക്കുമ്പോൾ കിട്ടാതെപോയ അംഗീകാരത്തിനും പരിഗണനയ്‌ക്കും എന്തു പകരം കൊടുത്താലാവും?
***********************************

വിമല ബി വര്‍മ്മ

വിമല ബി വര്‍മ്മ

വിമല വർമയുടെ ഓർമയിൽ
ശാന്തസ്വരൂപിയായ ‘വാര്യർ സാർ’

പറഞ്ഞുകൊടുത്ത ഭാഗങ്ങൾ റിഹേഴ്സലിനിടയ്ക്ക് നന്നായി പാടുമ്പോൾ തോളിൽ തട്ടി അഭിനന്ദിക്കുന്ന വാര്യർ സാറിനെ മറന്നിട്ടില്ല വിമല ബി വർമ. ആറാംക്ലാസ് വിദ്യാർഥിയായിരിക്കെ മലയാള സിനിമയുടെ ആദ്യ പിന്നണി ഗാനങ്ങളിലൊന്നിന് ശബ്ദം നൽകി ചരിത്രത്തിലേക്ക് കയറുകയായിരുന്നുവെന്നൊന്നും അന്ന് അവർ അറിഞ്ഞില്ല. 
തൃപ്പൂണിത്തുറയിലെ വീട്ടിലിരുന്ന് അവർ ആദ്യഗാനത്തിന്റെ പിറവിദിനം ഓർത്തെടുത്തു; ഒപ്പം ആ സംഗീത സംവിധായകനെയും.

‘‘ഒത്ത ഉയരവും വണ്ണവുമുള്ള സുമുഖനും ശാന്ത സ്വഭാവിയുമായിരുന്നു വാര്യർ സാർ. അൽപം ചില മാനസിക പ്രശ്നങ്ങൾ ഉള്ളതായി അന്നും തോന്നിയിരുന്നു. പാട്ട് പരിശീലിപ്പിക്കുന്നതിനിടയ്ക്ക് പെട്ടെന്ന് എഴുന്നേറ്റു പോകുമായിരുന്നു. അൽപം വിശ്രമിച്ച ശേഷം മടങ്ങി വന്ന് ഊർജസ്വലനായി വീണ്ടും പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ ഒരു കാരണവുമില്ലാതെ ചിരിക്കും. ഒരിക്കലും കയർത്തു സംസാരിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിരുന്നില്ല.’’‐വിമല ബി വർമ പറഞ്ഞു.

“വാര്യർ സാറിന്റെ  അസ്വസ്ഥതകളുടെ സമയത്ത് ഗായകൻ ഗോവിന്ദറാവുവാണ് ഹാർമോണിയത്തിൽ സ്വരസ്ഥാനം വായിച്ച് പാട്ടുകാരെ പരിശീലിപ്പിച്ചിരുന്നത്.

'ഏട്ടൻ വരുന്ന ദിനമേ' എന്ന പാട്ടിന്റെ പശ്ചാത്തല സംഗീതം ഒരു ട്രെയിനിന്റെ താളവുമായി ഇണക്കിച്ചേർത്ത പോലെയായാണ് അദ്ദേഹം കംപോസ് ചെയ്തത്. ദൂരദേശത്തു നിന്നും തീവണ്ടിയിൽ ഏട്ടൻ വരുന്ന കാര്യം മനസ്സിലോർത്ത് പാടുന്ന കുട്ടിയുടെ മനസ്സിൽ ആ താളം രൂപപ്പെടുക സ്വാഭാവികം.

അമ്പത് വർഷത്തോളം തൃശൂരിൽ താമസിച്ചെങ്കിലും പിന്നീട് ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല എന്നതും വിമല ബി വർമ അത്ഭുതത്തോടെ ഓർക്കുന്നു. എങ്കിലും 1973ലോ മറ്റോ വിമല അനൗൺസറായി ജോലി ചെയ്യുന്ന അവസരത്തിൽ ഒരു ബാലമണ്ഡലം പരിപാടിക്ക് വീണവായിക്കാൻ അദ്ദേഹം ആകാശവാണിയിൽ എത്തിയെന്നറിഞ്ഞ് കാണാൻ ചെന്നെങ്കിലും അദ്ദേഹം പൊയ്ക്കഴിഞ്ഞിരുന്നു‐ വിമല വർമ പറഞ്ഞു.

വിമലയെയും സഹോദരി ഗിരിജയെയും നിർമ്മലയിൽ പാടാൻ ക്ഷണിച്ചത് അവരുടെ സംഗീത അധ്യാപിക ആയിരുന്ന സരോജിനി മേനോൻ ആണ്. സേലത്തെ മോഡേൺ തിയറ്ററിലായിരുന്നു റെക്കോർഡിങ്. ഗാനങ്ങൾ റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോൾ അതേ ചിത്രത്തിൽ അഭിനയിക്കാനും അവസരം കൈവന്നു. സരോജിനി മേനോൻ ചിട്ടപ്പെടുത്തിയ ‘കരുണാകര പീതാംബര’ എന്ന് തുടങ്ങുന്ന ഗാനവും, മറ്റു രണ്ടു ഗാനങ്ങളും അവർ സിനിമയിൽ പാടി. ഇതിൽ ആദ്യഗാനം അഭിനയിച്ചതും വിമല തന്നെ. മലയാളത്തിലെ ആദ്യ ഡബിൾ റോളുകാരി എന്ന ബഹുമതിയും ഈ സിനിമയിലൂടെ അവർ സ്വന്തമാക്കി. നിർമ്മല എന്ന നായിക കഥാപാത്രത്തിന്റെ അനിയത്തിയായും ചിത്രത്തിന്റെ രണ്ടാം പകുതിയിൽ വരുന്ന ലളിത എന്ന കഥാപാത്രമായും അവർ അഭിനയിച്ചു. ചിത്രത്തിൽ ‘ഏട്ടൻ വരുന്ന ദിനമേ’ എന്ന ഗാനരംഗം അഭിനയിച്ചത് വിമലയാണ്.

നിർമ്മല റിലീസ് ആയതോടെ വിമലയും പ്രശസ്തയായി. 1956 ൽ ഓൾ ഇന്ത്യാ റേഡിയോ കോഴിക്കോട് നിലയത്തിൽ പാടിത്തുടങ്ങിയ അവർ 1962ൽ  സ്ഥിരജോലിക്കാരി ആയി. 1993‐ൽ സ്വയം വിരമിച്ചു.

 'ഏട്ടൻ വരുന്ന ദിനമേ’ എന്ന ഗാനം  ഇവിടെ കേള്‍ക്കാം:


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top