ആഗോള പ്രതിസന്ധിയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും; ഓഹരി വിപണി നഷ്ടത്തിൽ

പ്രതീകാത്മക എഐ ചിത്രം
മുംബൈ : യുഎസ് - ഇറാൻ സൈനിക സംഘർഷം കൂടുതൽ വഷളാകുന്നതും രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും ഇന്ത്യൻ ഓഹരി വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി. വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കാൻ തുടങ്ങിയതോടെ ചൊവ്വാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. രാവിലെ 10.21ഓടെ സെൻസെക്സ് 522.55 പോയിന്റ് അഥവാ 0.67 ശതമാനം ഇടിഞ്ഞ് 77,093.84 എന്ന നിലവാരത്തിലും, നിഫ്റ്റി 138.45 പോയിന്റ് അഥവാ 0.57 ശതമാനം താഴ്ന്ന് 24,072.55 എന്ന നിലയിലുമാണ് വ്യാപാരം നടത്തിയത്.
അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾ പശ്ചിമേഷ്യയിൽ അടിച്ചേൽപ്പിച്ച യുദ്ധം കാരണം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം തടസ്സപ്പെടുകയും ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 85 ഡോളറിന് മുകളിൽ തുടരുകയും ചെയ്യുന്നത് വിപണിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത് രാജ്യത്ത് പണപ്പെരുപ്പ ഭീഷണി വർധിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ കമ്പനികളുടെ ലാഭവിഹിതത്തെ ദോഷകരമായി ബാധിക്കുമെന്ന ഭീതിയാണ് നിക്ഷേപകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അമേരിക്കൻ വിപണിയിലുണ്ടായ വൻ ഇടിവിന് പിന്നാലെ ഏഷ്യൻ വിപണികളിൽ നേരിയ മുന്നേറ്റം ദൃശ്യമായി. ഭൗമരാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വിദേശ നിക്ഷേപകർ പൊതുവെ ജാഗ്രതയിലാണ്.
രാജ്യത്ത് ജൂൺ മാസത്തിലെ ചില്ലറ പണപ്പെരുപ്പ നിരക്ക് 4.38 ശതമാനമാണ് രേഖപ്പെടുത്തിയത്. ഇത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുരക്ഷിത പരിധിക്കുള്ളിലാണെങ്കിലും വിപണിയിൽ വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നതിനാൽ കൃത്യമായ സാമ്പത്തിക നയങ്ങളും സുഗമമായ വിതരണ ശൃംഖലയും പണപ്പെരുപ്പത്തിന് മേലുള്ള നിരന്തര നിരീക്ഷണവും ആവശ്യമാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രധാന സൂചികകളിൽ ദുർബലമായ തുടക്കമാണ് ഉണ്ടായതെങ്കിലും മിഡ്-ക്യാപ്, സ്മോൾ-ക്യാപ് ഓഹരികളുടെ കരുത്തിന്റെ പിൻബലത്തിൽ ചില ഓഹരികളിൽ മികച്ച അവസരങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ.











0 comments