ക്രൂഡ് ഇറക്കുമതിയുടെ പകുതിയിലധികവും റഷ്യയിൽ നിന്ന്; വെളിപ്പെടുത്തി പെട്രോളിയം മന്ത്രാലയം

പ്രതീകാത്മക എഐ ചിത്രം
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന സാമ്രാജ്യത്വ കടന്നാക്രമണങ്ങളെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ എണ്ണ പ്രതിസന്ധി മറികടക്കാൻ ഇന്ത്യ റഷ്യയെ കൂടുതൽ ആശ്രയിക്കുന്നു. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാനായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വൻതോതിൽ വർധിപ്പിച്ചതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. 2026 ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയിലധികവും റഷ്യയിൽ നിന്നായിരുന്നു.
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 2.6 ദശലക്ഷം ബാരലായാണ് ഉയർന്നത്. 2026 മേയ് മാസത്തിൽ റഷ്യയുടെ വിഹിതം മൂല്യത്തിലും അളവിലും 40 ശതമാനത്തിലധികം ഉയർന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജൂണിൽ റഷ്യൻ എണ്ണയെ ഇന്ത്യ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയത്.
പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പിന്നാലെ രാജ്യം സ്വീകരിച്ച ദീർഘകാല തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. 2026 ഫെബ്രുവരി അവസാനത്തോടെ പശ്ചിമേഷ്യയിലുണ്ടായ സാമ്രാജ്യത്വ സൈനിക അധിനിവേശങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടേണ്ടി വന്നിരുന്നു. ആഗോള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ സുപ്രധാന പാത അടഞ്ഞതോടെ ഇന്ത്യ കടുത്ത പ്രതിസന്ധിയിലായി. ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ 45 മുതൽ 50 ശതമാനം വരെ കടന്നുപോയിരുന്നത് ഈ ഒരൊറ്റ ജലപാതയിലൂടെയായിരുന്നു. ഈ പെട്ടെന്നുള്ള വിതരണ തടസം പരിഹരിക്കാനും രാജ്യത്തെ ഇന്ധനക്ഷാമത്തിൽ നിന്ന് രക്ഷിക്കാനും റഷ്യൻ എണ്ണ കൂടുതൽ വാങ്ങുക എന്നതായിരുന്നു ഇന്ത്യക്ക് മുന്നിലുണ്ടായിരുന്ന പ്രധാന വഴി.
കടലിടുക്ക് അടഞ്ഞുകിടന്ന സാഹചര്യത്തിൽ കൃത്യമായ ആസൂത്രണത്തോടെ മാസം തോറും നടപ്പിലാക്കിയ തന്ത്രപരമായ നീക്കങ്ങളുടെ ഫലമായാണ് റഷ്യൻ എണ്ണയുടെ വിഹിതം പകുതിയിലധികമായി ഉയർത്തിയത്. അന്താരാഷ്ട്ര ഉപരോധങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവയെല്ലാം മറികടക്കാനായി യാൻബു, ഫുജൈറ വഴി ചെങ്കടൽ പാതയിലൂടെ അന്താരാഷ്ട്ര സമുദ്ര അതിർത്തികളിൽ വെച്ച് കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് ഇന്ധനം മാറ്റുന്ന 'ഷിപ്പ്-ടു-ഷിപ്പ് ട്രാൻസ്ഫർ' രീതി ഇന്ത്യ വിജയകരമായി നടപ്പിലാക്കിയിരുന്നു. ഇത് റഷ്യയിൽ നിന്നുള്ള എണ്ണ പ്രവാഹം തടസ്സമില്ലാതെ ഇന്ത്യയിലേക്ക് എത്തുന്നതിന് സഹായിച്ചു. റഷ്യൻ വിപണിയെ വൻതോതിൽ ആശ്രയിക്കുന്നതിനൊപ്പം തന്നെ എണ്ണ സ്രോതസുകൾ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തുന്നുണ്ട്.
ഒരു പതിറ്റാണ്ട് മുൻപ് 27 രാജ്യങ്ങളിൽ നിന്ന് മാത്രമായിരുന്ന ഇന്ത്യയുടെ എണ്ണ ഇറക്കുമതി 2026ഓടെ 41ലധികം രാജ്യങ്ങളിലേക്ക് വിപുലീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇറാൻ, ചാഡ്, അൾജീരിയ, ടോഗോ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങാൻ തുടങ്ങി. ഇതിനൊപ്പം വെനസ്വേലയിൽ നിന്നുള്ള ഇറക്കുമതി 4.4 ശതമാനമായും ബ്രസീലിൽ നിന്നുള്ളത് 4.8 ശതമാനമായും അംഗോളയിൽ നിന്നുള്ളത് 4.2 ശതമാനമായും ഒമാനിൽ നിന്നുള്ളത് 2.7 ശതമാനമായും ഉയർത്തിയിട്ടുണ്ട്. ഗാബൺ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും വർദ്ധിപ്പിച്ചു. റഷ്യ, വെനിസ്വേല ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി പ്രതിസന്ധി ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യ ശക്തമായ ഉഭയകക്ഷി ബന്ധം സ്ഥാപിച്ചിരുന്നു. അമേരിക്ക - ഇസ്രയേൽ സഖ്യം പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തള്ളിവിട്ട സാഹചര്യത്തിൽ റഷ്യയുമായുള്ള ദൃഢമായ വ്യാപാര സൗഹൃദമാണ് ഇന്ത്യയുടെ ഊർജ മേഖലയ്ക്ക് ഇപ്പോൾ വലിയ തുണയായിരിക്കുന്നത്.











0 comments