അരപ്പട്ടയിൽ രണ്ടുകോടി രൂപയുടെ സ്വര്‍ണ്ണ പേസ്റ്റ്; നെടുമ്പാശ്ശേരിയിൽ ദമ്പതികൾ പിടിയിൽ

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വിലവരുന്ന സ്വർണ്ണ പേസ്റ്റ് പൗച്ചുകളുമായി തമിഴ്‌നാട് സ്വദേശികളായ യുവദമ്പതികൾ പിടിയിലായി. തമിഴ്‌നാട് പുതുക്കോട്ട ജില്ലക്കാരായ രിഫ്നാസ് ഹമീദ് (26), ഭാര്യ ജനോഫർ (23) എന്നിവരാണ് പിടിയിലായത്.
അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇവർ തിങ്കളാഴ്ച കൊച്ചിയിലെത്തിയത്. മെറ്റൽ ഡിറ്റക്ടറുകളുടെ കണ്ണുവെട്ടിക്കാനായി സ്വർണ്ണം രാസവസ്തുക്കൾ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി പ്രത്യേക പ്ലാസ്റ്റിക് പൗച്ചുകളിൽ അരപ്പട്ടയിൽ ചേര്‍ത്ത് തുന്നിയ നിലയിലായിരുന്നു. പരിശോധനയ്ക്കിടെ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ ദമ്പതികളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഈ തന്ത്രം പുറത്തായത്.
പിടിച്ചെടുത്ത സ്വർണ്ണ പേസ്റ്റിൽ നിന്ന് കസ്റ്റംസ് രാസപ്രക്രിയയിലൂടെ സ്വർണ്ണം വേർതിരിച്ചെടുത്തപ്പോൾ 1.35 കിലോ ഗ്രാം തങ്കമാണ് (24-carat) ലഭിച്ചത്. ഇതിന് വിപണിയിൽ കൃത്യം ഏകദേശം 1.94 കോടി രൂപ വിലവരും.
അറസ്റ്റിലായ ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.










0 comments