യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യ; ഔദ്യോഗിക പ്രചാരണത്തിന് തുടക്കം

പ്രതീകാത്മക ചിത്രം | REUTERS/Jeenah Moon/File Photo
ന്യൂയോർക്ക് : ലോകത്ത് യുദ്ധങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ (യു എൻ എസ് സി) കൂടുതൽ ശക്തമായ പങ്കാളിത്തം ഉറപ്പാക്കാനൊരുങ്ങി ഇന്ത്യ. യുഎൻ ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ വെച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ 2028-29 വർഷങ്ങളിലേക്കുള്ള ഇന്ത്യയുടെ താൽക്കാലിക അംഗത്വത്തിനായുള്ള ഔദ്യോഗിക പ്രചാരണത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആഗോള വെല്ലുവിളികളും യുഎൻ നേരിടുന്ന പരിഷ്കരണങ്ങളും ചർച്ചയിൽ വിഷയമായി. 'സമാധാനം, ഭൂമി, പുരോഗതി' (#India4UNSC 2028-29 Peace, Planet, Progress) എന്ന സന്ദേശമുയർത്തിയാണ് ഇന്ത്യ ഇത്തവണ മത്സരരംഗത്തിറങ്ങുന്നത്.
പ്രചാരണ വേളയിൽ ആഗോള ഭരണക്രമത്തിനായി ഇന്ത്യ മുന്നോട്ടുവെച്ച 'ശാന്തി' (SHANTI - Securing Holistic Advancement through Norms, Trust and Integrity) എന്ന പുതിയ ദർശനം ജയ്ശങ്കർ ലോകരാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. നിയമങ്ങളും പരസ്പര വിശ്വാസവും അഖണ്ഡതയും മുറുകെപ്പിടിച്ചുകൊണ്ട് മാത്രമേ ആഗോളതലത്തിൽ സമഗ്രമായ പുരോഗതിയും സമാധാനവും കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് ഈ നയം വ്യക്തമാക്കുന്നത്. ലോകം കടുത്ത ഭിന്നതകളിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യ എക്കാലവും ചർച്ചകൾക്കും നയതന്ത്ര ചർച്ചകൾക്കും മാത്രമാണ് മുൻഗണന നൽകിയിട്ടുള്ളതെന്നും ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യ നിലകൊള്ളുമെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭയുടെ സമാധാന സംരക്ഷണ സേനയിൽ (യുഎൻ പീസ്കീപിംഗ്) ഇന്ത്യ കാലങ്ങളായി നൽകിപ്പോരുന്ന വൻ സംഭാവനകളെ കുറിച്ച് വിദേശകാര്യമന്ത്രി ചടങ്ങിൽ എടുത്തു പറഞ്ഞു. യുഎന്നിന്റെ ചരിത്രത്തിൽ ഇതുവരെ ഏകദേശം 50 ദൗത്യങ്ങളിലായി മൂന്ന് ലക്ഷത്തോളം ഇന്ത്യൻ സൈനികരെ രാജ്യം വിന്യസിച്ചിട്ടുണ്ട്. നിലവിൽ വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം ഇന്ത്യൻ സമാധാന സേനാംഗങ്ങൾ സേവനമനുഷ്ഠിക്കുന്നുണ്ട്. സുരക്ഷാ കൗൺസിലിലെ തീരുമാനങ്ങൾ കൂടുതൽ ജനാധിപത്യപരമാക്കാൻ ഇന്ത്യയുടെ സാന്നിധ്യം സഹായിക്കുമെന്നും അതുകൊണ്ട് തന്നെ യുഎൻ അംഗരാജ്യങ്ങൾ ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
2027 ജൂൺ മാസത്തിലാണ് 2028-29 കാലയളവിലേക്കുള്ള താൽക്കാലിക അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുക. ഏഷ്യ - പസഫിക് ഗ്രൂപ്പ് വിഭാഗത്തിൽ ലഭ്യമായ ഏക സീറ്റിനായി ഇന്ത്യയും താജിക്കിസ്ഥാനും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. മുൻപ് എട്ട് തവണ ഇന്ത്യ താൽക്കാലിക അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 1945ൽ രൂപീകരിച്ച നിലവിലെ രക്ഷാസമിതി ഘടന സമകാലിക ലോക യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും സ്ഥിരം കൗൺസിൽ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് വിപുലമായ യുഎൻ പരിഷ്കരണങ്ങൾ എത്രയും വേഗം നടപ്പിലാക്കണമെന്നുമുള്ള കർശനമായ നിലപാടിൽ തന്നെയാണ് ഇന്ത്യ ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.









0 comments