ad
Deshabhimani

"രക്തം വിയർത്തുണ്ടാക്കുന്ന പണമാണ്, ഇത് റിവേഴ്സ് റെമിറ്റൻസ് അല്ല; വരുമാനത്തിന്റെ മൂന്നിലൊന്നും ചെലവാക്കുന്നത് കേരളത്തിൽ"

Migrant Workers

Representative Image | AI

വെബ് ഡെസ്ക്

Published on Jul 14, 2026, 01:15 PM | 3 min read

തിരുവനന്തപുരം: കേരളത്തിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പണം ചെലവഴിക്കുന്നതിനെക്കുറിച്ച് നിയമസഭയിൽ അധിക്ഷേപകരമായ പരാമർശം നടത്തിയ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത് കേരളത്തിൽ ജോലി ചെയ്യുന്ന 50 ലക്ഷത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ, തങ്ങൾക്ക് ലഭിക്കുന്ന കൂലി മുഴുവൻ 'റിവേഴ്സ് റെമിറ്റൻസ്' ആയി അവരുടെ നാട്ടിലേക്ക് അയക്കുകയാണെന്നും, ഇവിടെ മദ്യത്തിന്റെ പണം മാത്രമാണ് സർക്കാരിലേക്ക് തിരികെ കിട്ടുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. തീർത്തും വ്യാജമായ കണക്കുകളെ മുന്നിൽവെച്ചാണ് വംശീയവും അപരവിദ്വേഷം പരത്തുന്നതുമായ വാക്കുകൾ മുഖ്യമന്ത്രി ഉപയോ​ഗിച്ചത്.


പ്രവാസി മലയാളികൾ 2.16 ലക്ഷം കോടിയിലേറെ രൂപ കേരളത്തിലേക്ക് അയക്കുമ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികൾ 52,000 കോടി നാട്ടിലേക്ക് അയക്കുന്നുവെന്ന് ആക്ഷേപിക്കുന്നതെന്ന് സെന്‍റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്മെന്‍റ് (സിഎംഐഡി) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനോയ് പീറ്റർ ചൂണ്ടിക്കാട്ടുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ പണം ‘കടത്തിക്കൊണ്ടു’ പോകുകയല്ല ചെയ്യുന്നത്. മിക്കപ്പോഴും മലയാളിയായ തൊഴിലാളിയേക്കാള്‍ കുറഞ്ഞ കൂലിക്ക് കൂടുതൽ സമയം പണിയെടുത്ത് രക്തം വിയർത്തുണ്ടാക്കുന്ന പണമാണ് അവര്‍ നാട്ടിലേക്കയയ്ക്കുന്നതെന്നും സമകാലിക മലയാളം വാരികയിൽ സതീശ് സൂര്യന് നൽകിയ അഭിമുഖത്തിൽ ഡോ. ബിനോയ് പീറ്റർ പറയുന്നു.


റിവേഴ്സ് റെമിറ്റൻസ് എന്നാൽ പ്രവാസിക്ക് നാട്ടിൽനിന്നും അയച്ചുകൊടുക്കുന്ന തുകയാണ്, അല്ലാതെ പ്രവാസി നാട്ടിലേക്ക് അയക്കുന്ന പണമല്ല. യൂറോപ്പിലും യുഎസ്സിലും കാനഡയിലും മറ്റും പഠിക്കാൻ പോയിട്ടുള്ള കുട്ടികൾക്ക് ഫീസിനത്തിലും മറ്റു ജീവിതച്ചെലവുകൾക്കും ആയിരക്കണക്കിനു കോടി രൂപയാണ് നമ്മൾ മലയാളികൾ റിവേഴ്‌സ് റെമിറ്റൻസ് ആയി അയച്ചുകൊടുക്കുന്നത്. മണിയോര്‍ഡര്‍ ഇക്കോണമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പണം അയക്കുന്നത് അരുടെ അവകാശമാണ്. അത് റിവേഴ്‌സ് റെമിറ്റൻസ് അല്ല. മറിച്ച് റെമിറ്റൻസ് ആണ്.


ഇതരസംസ്ഥാന തൊഴിലാളികൾക്ക് “ഗോതമ്പുപൊടിയും ഉള്ളിയും മദ്യവും മതി” എന്ന സതീശന്റെ കണ്ടെത്തലിനെയും ബിനോയ് പീറ്റർ ഖണ്ഡിക്കുന്നു. ബഹുഭൂരിപക്ഷം തൊഴിലാളികളും അരി പ്രധാന ഭക്ഷണമായിട്ടുളള സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ഗോതമ്പുപൊടി അവർക്കു വേണ്ട. മദ്യം കഴിക്കുന്നവർ ഒരു ന്യൂനപക്ഷം മാത്രമാണ്.


ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ അവരുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് ഇവിടെയാണ് ചെലവഴിക്കുന്നത്. ഏകദേശക്കണക്കുകള്‍ പ്രകാരം, ആകെ കുടിയേറ്റ തൊഴിലാളികളില്‍ മൂന്നിലൊന്നു പേര്‍, അതായത് 15 ലക്ഷം പേര്‍, വാടക ഇനത്തിൽ ശരാശരി 1200 രൂപ പ്രതിമാസം നൽകുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളില്‍ പലരും ലോട്ടറിയ്ക്കു വേണ്ടി പണം ചെലവഴിക്കുന്നവരാണ്. പ്രതിമാസം പത്തു ലക്ഷം ടിക്കറ്റുകൾ 30 രൂപ വെച്ച് എടുത്താലും എത്രയാകും? 35 ലക്ഷം പേർ പ്രതിമാസം 100 രൂപയ്ക്ക് മൊബൈൽ റീചാർജ് ചെയ്താൽ എത്രയാകും? രണ്ടു ലക്ഷം പേര് വർഷത്തിൽ 10000 രൂപയുടെ ഒരു മൊബൈൽ ഫോൺ വാങ്ങിയാൽ എത്രയാകും? അവരിലെ 35 ലക്ഷം പുരുഷന്മാർ രണ്ടു മാസം കൂടുമ്പോൾ 100 രൂപയ്ക്ക് മുടിവെട്ടിയാൽ എത്രയാകും? മൂന്നിലൊന്നു പേർ, അതായത് 15 ലക്ഷം പേർ, ശരാശരി 40 രൂപ രൂപ നിരക്കിൽ പ്രതിദിനം ബസ്സുകൂലി നൽകിയാൽ 300 ദിവസം മാത്രമെടുത്താൽ എത്രയാകും? നാട്ടിലേക്ക് ആഴ്ചതോറും നൂറുക്കണക്കിന് ബസ്സുകളാണ്‌ കേരളത്തിൽനിന്ന് ഒഡിഷ, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഇവ നടത്തുന്നത് മലയാളികൾ. ആഴ്ചയിൽ 10000 പേര് 2500 രൂപ നിരക്കിൽ നാട്ടിൽ പോയാൽ ഒരു വർഷം എത്രയാകും? അഞ്ചുലക്ഷം പേര് ഒരു ദിവസം രണ്ടു പൊറോട്ടയും സാമ്പാറും 24 രൂപ നിരക്കിൽ കഴിച്ചാൽ പ്രതിവർഷം എത്രയാകും? 45 ലക്ഷം പേര് വർഷത്തിൽ 300 രൂപ വിലയുള്ള രണ്ടു വസ്ത്രം വാങ്ങിയാൽ എത്രയാകും? അഞ്ചുലക്ഷം പേർ ആഴ്ചയിൽ ഒരു കിലോ കോഴിയിറച്ചി 120 രൂപ നിരക്കിൽ വാങ്ങിയാൽ പ്രതിവർഷം എത്രയാകും? പത്തുലക്ഷം പേര് പ്രതിമാസം 10,000 രൂപ നാട്ടിലേക്കയയ്ക്കാൻ ആയിരത്തിന് പത്തു രൂപ നൽകിയാൽ പ്രതിവർഷം എത്രയാകും? 20 ലക്ഷം പേര് ആറു മാസത്തിലൊരിക്കൽ മരുന്നു വാങ്ങാൻ ചെലവാക്കുന്നതുതന്നെ പ്രതിവർഷം എത്ര രൂപയാകും? മുപ്പതു ലക്ഷം പേർ ആഴ്ചയിൽ 250 രൂപയ്ക്ക് അരിയും മറ്റു സാധനങ്ങളും വാങ്ങിയാൽ പ്രതിവർഷം എത്രയാകും?- അഭിമുഖത്തിൽ ബിനോയ് പീറ്റർ ചോദിക്കുന്നു.


ഇന്ത്യയിൽ വിദൂര നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഗൾഫ് നാടുകളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കുടിയേറിയ മലയാളികൾ താണ്ടിയ കനൽവഴികൾ നാം മറക്കരുത്. ലോകമെമ്പാടും വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുന്നത് ഇങ്ങനെ അന്യദേശങ്ങളില്‍നിന്നും കുടിയേറുന്ന തൊഴിലാളികളോട് വംശീയവിരോധം വളര്‍ത്തിയാണ്. കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥ ചലിപ്പിക്കുന്നതില്‍ ഈ തൊഴിലാളികള്‍ക്ക് വലിയ പങ്കുണ്ട്. അവര്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനോ ആഘോഷങ്ങള്‍ക്കോ നാട്ടില്‍ പോയാല്‍ ഹോട്ടലുകള്‍ പൂട്ടും. ഫാക്ടറികള്‍ നിശ്ചലമാകും. കണ്‍സ്ട്രക്‍ഷന്‍ ജോലികള്‍ തടസ്സപ്പെടും.


സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ കണക്കുകൾ പ്രകാരം 2017-’18-ൽ 31 ലക്ഷം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് ഏകദേശം 45 ലക്ഷത്തോളമാണ്. ഏറ്റവും കുറഞ്ഞ ശരാശരിയായ 800 രൂപ കൂലിയിൽ മാസം 22 ദിവസം ഈ തൊഴിലാളികൾ പണിയെടുക്കുന്നു എന്നു കണക്കാക്കിയാൽ തന്നെ, പത്ത് മാസത്തെ അവരുടെ വരുമാനം ഏകദേശം 72,000 കോടി രൂപ വരും. അതിൽ അവരുടെ ചെലവുകൾ കഴിഞ്ഞുള്ള തുകയാണ് അവർ തങ്ങളുടെ നാടുകളിലേക്ക് അയയ്ക്കുന്നത്. വാത്തുരുത്തിയിലെ സ്ത്രീകൾക്ക് പ്രതിദിനം 1200 രൂപയും മരം വെട്ടുകാർക്ക് 2500 രൂപയും പൊറോട്ട അടിക്കുന്നവർക്ക് 1500 രൂപയും വരെ കിട്ടുന്നുണ്ട് എന്നതും ഇതിനോട് ചേർത്ത് വായിക്കണം. ബി.കോം കഴിഞ്ഞ് അക്കൗണ്ടന്റിന്റെ ജോലി ചെയ്യുന്ന നമ്മുടെ നാട്ടുകാരായ ഒരാള്‍ക്കോ തുണിക്കടയിലെ പെൺകുട്ടിക്കോ കിട്ടുന്നത് പതിനായിരമോ പന്ത്രണ്ടായിരമോ രൂപ മാത്രമാകുമ്പോഴാണ് കഠിനാധ്വാനം ചെയ്യുന്ന ഈ തൊഴിലാളികൾ പ്രതിമാസം ഇരുപതിനായിരത്തിലധികം രൂപ സമ്പാദിക്കുന്നത്. എന്നിട്ടും ഇവർ അനുഭവിക്കുന്നത് കൊടിയ അരക്ഷിതാവസ്ഥയാണെന്നും ബിനോയ് പീറ്റർ ചൂണ്ടിക്കാട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home