ഇറാന്റെ ആണവ രഹസ്യങ്ങളുടെ ഭൂഗർഭക്കോട്ട; ട്രംപിന്റെ ഉറക്കംകെടുത്തുന്ന 'പിക്ആക്സ് മൗണ്ടൻ'

പിക്ആക്സ് മൗണ്ടന്റെ ഉപഗ്രഹ ചിത്രം | Photo by Vantor / via ABC News
പശ്ചിമേഷ്യയിൽ ആധിപത്യമുറപ്പിക്കാൻ യുദ്ധവെറിയുമായി നടക്കുന്ന അമേരിക്ക കണ്ണുനട്ടിരിക്കുന്ന ഒരു ഭൂഗർഭ ആണവ പ്രതിരോധ കോട്ടയുണ്ട് ഇറാനിൽ. ഇറാന്റെ വിഖ്യാതമായ സാഗ്രോസ് പർവ്വതനിരകളിൽ ആഴത്തിൽ പടുത്തുയർത്തിയിട്ടുള്ള 'പിക്ആക്സ് മൗണ്ടൻ' (Pickaxe Mountain - പേർഷ്യൻ ഭാഷയിൽ കുഹ്-ഇ കൊലാങ് ഗസ് ലാ) എന്ന ഭൂഗർഭ തുരങ്ക സമുച്ചയമാണ് ഇപ്പോൾ ട്രംപിന്റെ പുതിയ ഭീഷണികൾക്ക് പ്രധാന കാരണമായിരിക്കുന്നത്. അമേരിക്കയുടെ പക്കലുള്ള ഏറ്റവും വിനാശകാരിയായ ബങ്കർ ബസ്റ്റർ ബോംബുകൾക്ക് പോലും തകർക്കാൻ കഴിയാത്തത്ര സുരക്ഷിതമാണ് ഇവിടുത്തെ പർവ്വതതുരങ്കങ്ങൾ എന്നതാണ് സാമ്രാജ്യത്വ ചേരിയെ ചൊടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിലാണ് ട്രംപ് ഈ രഹസ്യ പർവ്വത കേന്ദ്രത്തെ തങ്ങൾ തകർക്കാൻ പോകുകയാണെന്ന് വീരവാദം മുഴക്കിയത്. 'ദി ഹഗ് ഹെവിറ്റ് ഷോ' എന്ന അഭിമുഖത്തിൽ സംസാരിക്കവെ പിക്ആക്സ് മൗണ്ടനെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും വൈകാതെ അവിടെ ആക്രമണം നടത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. കഴിഞ്ഞ വർഷം നടത്തിയ സൈനിക ആക്രമണങ്ങളോടെ ഇറാന്റെ ആണവ പദ്ധതികൾ പൂർണമായും തകർത്തുവെന്ന ട്രംപിന്റെ തന്നെ മുൻ അവകാശവാദങ്ങൾ പച്ചക്കള്ളമായിരുന്നു എന്ന് തെളിയിക്കുന്നതാണിത്.
തകർക്കാനാകാത്ത ആണവ കരുത്ത്
അമേരിക്കയും ഇസ്രയേലും ചേർന്ന് കഴിഞ്ഞ വർഷം ജൂണിൽ നടത്തിയ ബോംബാക്രമണത്തിൽ ഇറാന്റെ നതാൻസ് ആണവ നിലയത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഈ നിലയത്തിൽ നിന്നും വെറും രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് കടുപ്പമേറിയ പാറകൾ നിറഞ്ഞ പിക്ആക്സ് മൗണ്ടൻ സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെയും മലകളുടെയും അടിയിൽ അതീവ സുരക്ഷിതമായി പണിതുയർത്തിയിട്ടുള്ള ഈ തുരങ്ക സമുച്ചയം ഭൂമിയിൽ നിന്നും ഏതാണ്ട് 260 മുതൽ 330 അടി വരെ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്.
അമേരിക്കയുടെ ഏറ്റവും ശേഷിയേറിയ ബങ്കർ ബസ്റ്റർ ബോംബുകൾക്ക് പരമാവധി 200 അടി താഴ്ചയിലുള്ള മണ്ണും പാറകളും അല്ലെങ്കിൽ 20 അടി കനത്തിലുള്ള കോൺക്രീറ്റ് പാളികളും മാത്രമേ തുളച്ചുകയറാൻ കഴിയൂ. അതായത് പിക്ആക്സ് മൗണ്ടനിലെ ഭൂഗർഭ അറകളിലേക്ക് കടന്നുചെല്ലാൻ അമേരിക്കയുടെ കൈയിലുള്ള സൈനികശക്തിക്ക് കഴിയില്ലെന്ന് ചുരുക്കം. ഇറാന്റെ ഏറ്റവും സുരക്ഷിതമായ ഫോർഡോ ആണവ കേന്ദ്രത്തേക്കാൾ ആഴത്തിലാണ് ഈ പുതിയ പ്രതിരോധ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ആക്രമണങ്ങളെ അതിജീവിച്ച് കുതിക്കുന്ന ഇറാൻ
കഴിഞ്ഞ വർഷമുണ്ടായ കനത്ത വ്യോമാക്രമണങ്ങൾക്ക് ശേഷവും ഈ ഭൂഗർഭ കേന്ദ്രത്തിൽ നിർമാണ പ്രവർത്തനങ്ങൾ സജീവമായി തുടരുന്നുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. 2020ൽ ആരംഭിച്ച ഈ തുരങ്ക നിർമാണം മുൻപ് സാമ്രാജ്യത്വ അട്ടിമറിയിലൂടെ തകർക്കപ്പെട്ട സെൻട്രിഫ്യൂജ് കേന്ദ്രത്തിന് പകരം സുരക്ഷിതമായ പുതിയ ബദൽ സംവിധാനം ഒരുക്കാനാണ് ഇറാൻ ഉപയോഗിക്കുന്നത്. ആഴമേറിയ ഈ തുരങ്കങ്ങൾ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയകളെയും വിലപ്പെട്ട ഇന്ധന ശേഖരങ്ങളെയും വ്യോമാക്രമണങ്ങളിൽ നിന്ന് കാത്തുസൂക്ഷിക്കാനുള്ള തന്ത്രപ്രധാന സുരക്ഷാ കോട്ടയാണ്.
ആണവോർജ്ജ ഏജൻസിക്ക് പോലും പരിശോധന നടത്താൻ അനുമതി നൽകാതെ അതീവ രഹസ്യമായാണ് ഇറാൻ ഈ കേന്ദ്രത്തിന്റെ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂണിലെ ആക്രമണങ്ങൾക്ക് ശേഷം ഇവിടുത്തെ സുരക്ഷാ മതിലുകൾ വികസിപ്പിച്ചതായും തുരങ്ക കവാടങ്ങൾ കൂടുതൽ ശക്തമാക്കിയതായും ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്. പശ്ചിമേഷ്യയിൽ ഇസ്രയേൽ - അമേരിക്ക സഖ്യം നടത്തുന്ന യുദ്ധവെറികൾക്കും അധിനിവേശങ്ങൾക്കുമെതിരെ തങ്ങളുടെ ശാസ്ത്ര സാങ്കേതിക കരുത്തും പ്രതിരോധശേഷിയും കൊണ്ട് ഇറാൻ തീർത്ത ഈ പർവ്വതകോട്ട തകർക്കുക എന്നത് സാമ്രാജ്യത്വ ശക്തികൾക്ക് അസാധ്യമായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.










0 comments