ad
Deshabhimani

രണ്ട് മാസത്തിനിടെ 18 പ്രസവമരണങ്ങൾ; രാജസ്ഥാനിലെ ആരോഗ്യരംഗം കടുത്ത പ്രതിസന്ധിയിൽ

MATERNAL DEATH

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 14, 2026, 12:49 PM | 2 min read

ഭിൽവാര: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തെ തുടർന്ന് യുവതികൾ മരണപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ കടുത്ത ആശങ്കയിലാക്കുന്നു. ഭിൽവാരയിലെ സർക്കാർ ആശുപത്രിയിൽ മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ച് അമ്മമാരാണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്.


കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി 18 പ്രസവമരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംഭവങ്ങൾക്ക് പിന്നാലെ അന്വേഷണ സമിതികളെ നിയോഗിക്കാറുണ്ടെങ്കിലും മെഡിക്കൽ രംഗത്തെ അനാസ്ഥ തുടരുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്.


ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് മരണങ്ങൾക്ക് കാരണമാകുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മരണപ്പെട്ട ഈഷ എന്ന 24-കാരിക്ക് ആശുപത്രിയിൽ എത്തിച്ചിട്ടും കൃത്യസമയത്ത് ബെഡോ ഡോക്ടർമാരുടെ സേവനമോ ലഭിച്ചില്ലെന്ന് ഭർത്താവ് മനീഷ് കുറ്റപ്പെടുത്തി.


ഈഷയുടെ നില വഷളായപ്പോൾ പലതവണ അഭ്യർത്ഥിച്ചിട്ടും ഡോക്ടർമാർ ചായ കുടിക്കാനും സംസാരിക്കാനും സമയം കണ്ടെത്തിയതല്ലാതെ കൃത്യസമയത്ത് ചികിത്സ നൽകാൻ തയ്യാറായില്ലെന്ന് യുവതിയുടെ അമ്മയും ആരോപിച്ചു. പ്രസവിച്ച് 48 മണിക്കൂറിനുള്ളിൽ അമ്മ മരിച്ചതോടെ നാല് വയസ്സുകാരിയായ മകളും ഏഴു ദിവസം മാത്രം പ്രായമുള്ള നവജാതശിശുവും അമ്മയില്ലാത്തവരായി മാറി.


വാർത്തയെത്തുടർന്ന് മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ ഭിൽവാര സർക്കാർ ആശുപത്രിയിലെ ദയനീയമായ അവസ്ഥയാണ് പുറത്തുവന്നത്. മതിയായ സൗകര്യങ്ങളില്ലാതെ രോഗികളും ഗർഭിണികളും തറയിലും ബെഞ്ചുകളിലുമാണ് കിടക്കുന്നത്.


ആശുപത്രിയിലെ രണ്ട് ഓപ്പറേഷൻ തിയേറ്ററുകളിൽ ഒരെണ്ണം അണുബാധയെത്തുടർന്ന് ദിവസങ്ങളോളം അടച്ചിട്ടിരിക്കുകയായിരുന്നു. മൂന്ന് തവണ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ഇത് വീണ്ടും തുറന്നത്.


"അമ്മമാരുടെ വിശ്വാസം ഞങ്ങളോടൊപ്പമുണ്ട്" എന്ന മുദ്രാവാക്യം എഴുതിവെച്ച ഓപിയുടെ

മുന്നിലാണ് ഈ ദുരന്തങ്ങളെല്ലാം അരങ്ങേറുന്നത്. ഇതിനിടയിൽ ഗ്രാമീണ മേഖലകളിൽ ഗർഭിണികളെ നിരീക്ഷിക്കേണ്ട ആശാ വർക്കർമാർ സമരത്തിലായതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.


എന്നാൽ, മെഡിക്കൽ കോളേജ് അധികൃതർ തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടിലാണ്. മരണങ്ങൾ വ്യത്യസ്തമായ മെഡിക്കൽ കാരണങ്ങളാലാണ് സംഭവിച്ചതെന്ന് സൂപ്രണ്ട് ഡോ അരുൺ ഗൗർ പ്രസ്താവിച്ചു. ഹൃദയാഘാതം, പൾമണറി ത്രോംബോ എംബോളിസം, എക്ലാംപ്സിയ, പ്രസവാനന്തര രക്തസ്രാവം എന്നിവയാണ് മരണകാരണമായി ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്.


സംഭവത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രി ഗജേന്ദ്ര സിംഗ് ഖിംസറിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പ്രസവമരണങ്ങളുടെ ദേശീയ ശരാശരിയേക്കാൾ താഴെയാണ് രാജസ്ഥാനിലെ നിരക്കെന്നും മരണങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ പരിശോധന നടത്തുമെന്നും മന്ത്രി വിഷയത്തെ ന്യായികരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home