"ഇറാന്റെ സൈനിക ശേഷി തകർന്നു, മൊജ്തബ ഖമ്നേയിയും"; പുതിയ അവകാശവാദവുമായി ട്രംപ്

വാഷിംഗ്ടൺ : പശ്ചിമേഷ്യയിൽ സൈനിക സംഘർഷം കടുക്കുന്നതിനിടെ ഇറാന്റെ പ്രതിരോധ - സൈനിക ശേഷി പൂർണമായും തകർത്തെന്ന അവകാശവാദവുമായി ട്രംപ്. അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ സംയുക്ത വ്യോമാക്രമണങ്ങൾ ഇറാന്റെ സൈനിക വ്യൂഹത്തെ നിഷ്പ്രഭമാക്കിയെന്നും അവരുടെ വ്യോമസേനയും നാവികസേനയും വ്യോമപ്രതിരോധ സംവിധാനങ്ങളും ഇപ്പോൾ നിലവിലില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഫെബ്രുവരിയിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖമ്നേയിയുടെ വിയോഗത്തിന് പിന്നാലെ ഇറാന്റെ മികച്ച സൈനിക കമാൻഡർമാരെല്ലാം വധിക്കപ്പെട്ടതായും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന്റെ പുതിയ പരമോന്നത നേതാവും അലി ഖമ്നേയിയുടെ മകനുമായ മൊജ്തബ ഖമ്നേയിയെ ലക്ഷ്യമിട്ടും ട്രംപ് കടുത്ത പരാമർശങ്ങൾ നടത്തി. വ്യോമാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൊജ്തബ ഖമേനി "90 ശതമാനവും തീർന്നു"എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ഈ മാസം ആദ്യം നടന്ന തന്റെ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പോലും മൊജ്തബ ഖമ്നേയി പങ്കെടുത്തിരുന്നില്ല. നിലവിൽ രേഖാമൂലമുള്ള പ്രസ്താവനകളിലൂടെ മാത്രമാണ് അദ്ദേഹം പ്രതികരണങ്ങൾ അറിയിക്കുന്നത്. ഇറാൻ ഭരണകൂടത്തിന് ഇനി തിരിച്ചടിക്കാനുള്ള ശേഷിയില്ലെന്ന് വരുത്തിത്തീർക്കുകയാണ് ട്രംപിന്റെ നീക്കം.
ഹോർമുസ് കടലിടുക്കിൽ ഇറാനെ പ്രതിരോധിക്കാൻ പുതിയ നീക്കങ്ങളും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന്റെ സംരക്ഷകരായി അമേരിക്ക മാറുമെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസപ്പെടുത്താൻ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഈ വഴി കടന്നുപോകുന്ന കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനെതിരെ നാവിക ഉപരോധം ഏർപ്പെടുത്തും. സുരക്ഷാ ചെലവിലേക്കായി ചരക്കുനീക്കത്തിന്റെ 20 ശതമാനം തുക ഈടാക്കുമെന്നും ട്രംപ് മുന്നോട്ടുവെച്ചു. എന്നാൽ അമേരിക്കയുടെ ഈ നീക്കത്തെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ശക്തമായി തള്ളിക്കളഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ യഥാർത്ഥ കാവൽക്കാർ ചരിത്രപരമായി ഇറാനാണെന്നും അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും ഇറാൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിൽ വെച്ച് വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ പൂർണമായും അവസാനിച്ചിരിക്കുകയാണ്. ഇറാന്റെ ആഭ്യന്തര താവളങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. എന്നാൽ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഇതിനിടെ ട്രംപിന്റെ വധഭീഷണികൾക്കും ആക്രമണങ്ങൾക്കും മുന്നിൽ പതറാതെ പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് മൊജ്തബ ഖമ്നേയി വ്യക്തമാക്കിയിരുന്നു.










0 comments