രൂപയ്ക്ക് കനത്ത തിരിച്ചടി; ഡോളറിനെതിരെ 96 കടന്ന് റെക്കോർഡ് താഴ്ച

പ്രതീകാത്മക എഐ ചിത്രം
മുംബൈ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന സാമ്രാജ്യത്വ കടന്നാക്രമണങ്ങൾക്കും ട്രംപിന്റെ പുതിയ യുദ്ധപ്രഖ്യാപനങ്ങൾക്കും പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് ഇന്ത്യൻ രൂപയ്ക്ക് വലിയ തിരിച്ചടിയാകുന്നു. ട്രംപ് ഇറാനെതിരെയുള്ള നിലപാടുകൾ കൂടുതൽ കടുപ്പിച്ചതോടെ വ്യാപാരത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 96ഉം ഭേദിച്ച് താഴേക്ക് പോയി. ഇതിനുമുമ്പ് 2026 മേയ് അവസാന വാരത്തിലാണ് രൂപയുടെ മൂല്യം 96 എന്ന നിലവാരത്തിന് താഴേക്ക് പോയത്.
ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ 95.96 എന്ന നിലവാരത്തിൽ ദുർബലമായി വ്യാപാരം ആരംഭിച്ച രൂപ, ഒരു ഘട്ടത്തിൽ 96.1725 വരെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തുകയായിരുന്നു. നിലവിൽ 96.16 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളിലെയും ചരക്കുകൾക്ക് 20 ശതമാനം വരെ ട്രാൻസിറ്റ് ഫീസ് ഈടാക്കുമെന്ന ട്രംപിന്റെ ഭീഷണിയും യുഎസ്-ഇറാൻ സൈനിക നീക്കങ്ങളും എണ്ണവിലയിൽ വലിയ പ്രതിഫലനമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ ദിവസം ബാരലിന് 79 ഡോളറിലായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില ഈ സാമ്രാജ്യത്വ ഇടപെടലുകളെത്തുടർന്ന് ഒറ്റയടിക്ക് വർധിച്ച് 85 ഡോളറിലേക്ക് ഉയർന്നു.
ഇന്ത്യ തങ്ങളുടെ ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിന്റെ 90 ശതമാനത്തോളവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അതിനാൽ എണ്ണവിലയിലുണ്ടാകുന്ന നേരിയ വദ്ധനവ് പോലും രാജ്യത്തിന്റെ ധനക്കൂട്ടുകളെയും വ്യാപാര കമ്മി കണക്കുകളെയും പൂർണമായി താളംതെറ്റിക്കുകയും ആഭ്യന്തര വിപണിയിൽ കടുത്ത പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്യും. രാജ്യത്തെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന വിലക്കയറ്റത്തിലേക്കാണ് വിദേശനയങ്ങളിലെ ഈ പാളിച്ചകൾ വിരൽ ചൂണ്ടുന്നത്.











0 comments