കാര്‍ ഉടമകൾക്ക് മൈലേജ് സ്വയം പരിശോധിക്കാൻ കഴിയില്ല, ഇ20 അടിച്ചേൽപ്പിച്ചതിൽ ന്യായീകരണവുമായി മന്ത്രി

ന്യൂഡൽഹി: രാജ്യം 20 ശതമാനം എഥനോൾ ചേർത്ത പെട്രോളിലേക്ക് നിര്‍ബന്ധപൂര്‍വ്വം മാറിയതിന് പിന്നാലെ വാഹനങ്ങളുടെ മൈലേജ് കുറയുന്നു എന്ന പരാതികൾ തള്ളി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സാധാരണക്കാരായ കാർ ഉടമകൾക്ക് അവരുടെ വാഹനത്തിന്റെ മൈലേജ് സ്വയം കൃത്യമായി അളക്കാൻ കഴിയില്ലെന്നാണ് വിശദീകരണം. ഇതിനായി അംഗീകൃത ഡീലർമാരുടെ പരിശോധന നടത്തണമെന്നും പറഞ്ഞ് മന്ത്രി ഒഴിഞ്ഞു.
2023-ൽ വാങ്ങിയ തന്റെ കാറിന്റെ മൈലേജ് നഗരത്തിലെ ഡ്രൈവിങ്ങിൽ ലിറ്ററിന് 11 കിലോമീറ്ററിൽ നിന്ന് 7 കിലോമീറ്ററായി കുത്തനെ കുറഞ്ഞു എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തോ് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ20 ഇന്ധനം ഉപയോഗിച്ചാൽ വാഹനങ്ങൾക്ക് തകരാര്‍ ഇല്ലെന്നും മൈലേജ് കുറയില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. കാര്‍ നിര്‍മാണ കമ്പനികൾ തന്നെ മൈലേജ് നഷ്ടവും ടോര്‍ക് നഷ്ടവും ചൂണ്ടികാട്ടിയപ്പോഴും സര്‍ക്കാര്‍ പഴയ വാദം ആവര്‍ത്തിക്കയായിരുന്നു. ഇതിനിടെ കേന്ദ്ര മന്ത്രിയുടെ മക്കളുടെ പേരിലുള്ള എഥനോൾ കമ്പനികളുടെ താത്പര്യങ്ങൾ വരെ വാര്‍ത്തകളായി.
'കമ്പനി മെഷീൻ ഇല്ലാതെ മൈലേജ് അറിയാൻ കഴിയില്ല'
മൈലേജ് എങ്ങനെയാണ് കണക്കാക്കിയതെന്ന് ഗഡ്കരി ചോദിച്ചപ്പോൾ, സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ കാറിന്റെ ഡാഷ്‌ബോർഡിലെ ഡിസ്‌പ്ലേ നോക്കിയാണ് എന്ന് മാധ്യമപ്രവർത്തക മറുപടി നൽകി. എന്നാൽ ഈ വാദം തള്ളിയ മന്ത്രി, നിർമ്മാതാക്കൾ അംഗീകരിച്ച പരിശോധനാ ഉപകരണങ്ങളിലൂടെ മാത്രമേ കൃത്യമായ ഇന്ധനക്ഷമത കണ്ടെത്താനാകൂ എന്ന് ആവർത്തിച്ചു.
Related News
എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുമ്പോൾ ചില വാഹനങ്ങളിൽ 3 മുതൽ 5 ശതമാനം വരെ ഇന്ധനക്ഷമത കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം പരോക്ഷമായി സമ്മതിച്ചിരുന്നു. എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാമിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയായി മന്ത്രാലയം പുറത്തിറക്കിയ ചോദ്യോത്തര രേഖയിലാണ് ഇക്കാര്യമുള്ളത്. എങ്കിലും, രാജ്യത്തിന്റെ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും മലിനീകരണം തടയുന്നതിനും ഈ നയം അത്യാവശ്യമാണെന്നും, മൈലേജ് മാത്രമല്ല ഇതിന്റെ മാനദണ്ഡമെന്നും വാദിച്ചു. എന്നാൽ എഥനോൾ ചേര്‍ക്കുമ്പോഴുള്ള വിലക്കുറവ് പെട്രോൾ വാങ്ങിക്കുന്നവര്‍ക്ക് അനുവദിച്ച് നൽകാൻ കഴിയില്ലെന്നും പറഞ്ഞു.
കാർ ഉടമകൾക്ക് മൈലേജ് സ്വയം പരിശോധിക്കാൻ കഴിയില്ലേ
വാഹന രംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തിൽ, വീട്ടിൽ വെച്ച് നൂറ് ശതമാനം കൃത്യതയോടെ മൈലേജ് അളക്കാൻ കഴിയില്ലെങ്കിലും, യാഥാർത്ഥ്യത്തോട് വളരെ അടുത്ത നിൽക്കുന്ന കണക്കുകൾ കണ്ടെത്താൻ സാധിക്കും. ആധുനിക കാറുകളിൽ ഇഞ്ചക്ട് ചെയ്യപ്പെടുന്ന ഇന്ധനത്തിന്റെ അളവ്, സഞ്ചരിച്ച ദൂരം, എഞ്ചിൻ കൺട്രോൾ യൂണിറ്റിൽ നിന്നുള്ള വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് മൈലേജ് കാണിക്കുന്നത്. ഇവ ഏകദേശ കണക്കുകളാണെങ്കിലും, മാന്വൽ പരിശോധനകളുമായി 2-5% വരെ മാത്രമേ ഇതിൽ വ്യത്യാസമുണ്ടാകാറുള്ളൂ.
ഫുൾ ടാങ്ക് രീതി
ഇതാണ് ഏറ്റവും പ്രായോഗികവും കൃത്യവുമായ വഴി. ഇന്ധന ടാങ്ക് പൂർണ്ണമായി നിറച്ച ശേഷം ട്രിപ്പ് മീറ്റർ പൂജ്യമാക്കുക. പിന്നീട് വാഹനം ഉപയോഗിച്ച ശേഷം വീണ്ടും ഇന്ധനം നിറയ്ക്കുമ്പോൾ സഞ്ചരിച്ച ആകെ ദൂരത്തെ, ആവശ്യമായി വന്ന ഇന്ധനത്തിന്റെ ലിറ്റർ കൊണ്ട് ഹരിക്കുക.
മന്ത്രി നിര്‍ദ്ദേശിച്ച കാർ നിർമ്മാതാവിന്റെ ഡയഗ്നോസ്റ്റിക് ടൂൾ വെറുമൊരു മൈലേജ് മീറ്ററല്ല. ഇത് എഞ്ചിൻ കൺട്രോൾ യൂണിറ്റിൽ നിന്നുള്ള വിശദമായ വിവരങ്ങൾ ശേഖരിക്കുകയും, ഫ്യുവൽ ഇഞ്ചക്ടറുകൾ, ഓക്സിജൻ സെൻസറുകൾ, എയർഫ്ലോ സെൻസറുകൾ എന്നിവ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയുമാണ് ചെയ്യുന്നത്. എഞ്ചിൻ തകരാറുകളും ഇന്ധനക്ഷമതയെ ബാധിക്കുന്ന ഇലക്ട്രോണിക് പിഴവുകളും കണ്ടെത്താൻ ഇത് സഹായിക്കും.
എന്നാൽ, ട്രാഫിക് ബ്ലോക്ക്, എസി ഉപയോഗം, ടയർ പ്രഷർ, ഡ്രൈവിംഗ് ശൈലി, വാഹനത്തിലെ ഭാരം എന്നിവയൊക്കെ മൈലേജിനെ സ്വാധീനിക്കുന്നതിനാൽ, യഥാർത്ഥ റോഡ് സാഹചര്യങ്ങളിലെ മൈലേജ് ഈ മെഷീൻ നേരിട്ട് അളക്കുന്നില്ല.
Related News
മന്ത്രി അവകാശപ്പെടുന്നത് പോലെ ഡീലർമാരുടെ പരിശോധനാ ഉപകരണങ്ങൾ മൈലേജ് അളക്കാനുള്ളതല്ല, മറിച്ച് ഇന്ധനക്ഷമത കുറയ്ക്കുന്ന തകരാറുകൾ കണ്ടെത്താനുള്ളതാണ്. കാറിലെ ഡിസ്‌പ്ലേയും ഫുൾ-ടാങ്ക് രീതിയും സാധാരണക്കാർക്ക് തങ്ങളുടെ വാഹനത്തിന്റെ യഥാർത്ഥ മൈലേജ് മനസ്സിലാക്കാൻ പൂർണ്ണമായും പര്യാപ്തമായി പരിഗണിക്കപ്പെടുന്നു. എഥനോൾ കലര്‍പ്പ് അനുവദിച്ചിട്ടുള്ള മറ്റ് രാജ്യങ്ങൾ എല്ലാം തന്നെ ഇ5 മുതലുള്ള പെട്രോൾ പമ്പുകളിൽ ലഭ്യമാക്കുന്നുണ്ട്. ആവശ്യമായവര്‍ക്ക് പര്യാപ്തമായത് ഏതെന്ന് നിശ്ചയിച്ച് ഉപയോഗിക്കാം. നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത് ഉപഭോക്താക്കളെ പോലും അറിയിക്കാതെ കലര്‍പ്പ് ഘട്ടങ്ങളായി പൂര്‍ത്തീകരിക്കയായിരുന്നു.










0 comments