ad
Deshabhimani

ഇന്ന് 'റെഡ് അലർട്ട്'! ഓഹരി വിപണി തകർച്ചയിൽ

Stock Market Red

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 11, 2026, 10:31 AM | 1 min read

മുംബൈ : യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നത് ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചു. തിങ്കളാഴ്ച വിപണി ആരംഭിച്ചപ്പോൾ തന്നെ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.


രാവിലെ 9:30ഓടെ സെൻസെക്സ് 807.12 പോയിന്റ് അഥവാ 1.04 ശതമാനം ഇടിഞ്ഞ് 76,521.06 എന്ന നിലയിലെത്തി. നിഫ്റ്റി 237.05 പോയിന്റ് അഥവാ 0.98 ശതമാനം താഴ്ന്ന് 23,939.10ലേക്കെത്തി.


നിലവിൽ സെൻസെക്സ് 1,001.89 പോയിന്റ് അഥവാ 1.32 ശതമാനം കുത്തനെ ഇടിഞ്ഞ് 76,309.73 എന്ന നിലയിലാണ്. നിഫ്റ്റി 50 സൂചിക 281 പോയിന്റ് അഥവാ 1.16 ശതമാനത്തോളം നഷ്ടത്തിൽ 23,895.25 എന്ന നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ചത്തെ ഇടിവിന് ശേഷം നിഫ്റ്റി നിലവിൽ ഒരു നിർണയക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.


അമേരിക്കയുടെ സമാധാന നിർദേശത്തിന് ഇറാൻ നൽകിയ മറുപടി "അസ്വീകാര്യമാണെന്ന്" ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് വില 3.5 ശതമാനം ഉയർന്ന് ബാരലിന് 105 ഡോളറിലെത്തി. ഇത് വിപണിയിൽ വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്.


സ്വർണ്ണാഭരണ വിപണിയിലും തകർച്ചയുണ്ടായി. ടൈറ്റൻ (Titan), സെൻകോ ഗോൾഡ് (Senco Gold) തുടങ്ങിയ ജ്വല്ലറി ഓഹരികളുടെ വില ഇന്ന് വ്യപാരം ആരംഭിച്ചപ്പോൾ തന്നെ 9 ശതമാനം വരെ ഇടിഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വർണ്ണ ഉപഭോഗവും വിദേശയാത്രകളും താൽക്കാലികമായി മാറ്റിവെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തതാണ് ഈ ഇടിവിന് പിന്നിലെ പ്രധാന കാരണം. ഇന്ധനവില വർധനവും സ്വർണ്ണ വിപണിയിലെ തിരിച്ചടിയും നിക്ഷേപകരെ ജാഗ്രതയോടെ നീങ്ങാൻ പ്രേരിപ്പിക്കുകയാണ്.


ബാങ്ക് ഓഫ് ബറോഡ (Bank of Baroda), ബാങ്ക് ഓഫ് ഇന്ത്യ (Bank of India), സ്വിഗ്ഗി (Swiggy) എന്നിവയുൾപ്പെടെയുള്ള പ്രമുഖ കമ്പനികളുടെ സാമ്പത്തിക ഫലങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിനാൽ ഈ ഓഹരികളുടെ പ്രതികരണങ്ങളും ഇന്നത്തെ വിപണിയിൽ നിർണായകമാകും. ആഗോള വിപണിയിലെ സമ്മർദങ്ങൾക്കിടയിൽ ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ പ്രകടനം നിക്ഷേപകർ അതീവ ശ്രദ്ധയോടെയാണ് കാണുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home