ലക്ഷകണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസം
ട്രംപിന് കോടതിയുടെ തിരിച്ചടി, യുഎസ് പൗരത്വത്തിനുള്ള"ജന്മാവകാശം" നിഷേധിക്കാനാവില്ല

വാഷിങ്ടൺ: അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ഏതൊരാൾക്കും ജന്മനാൽ പൗരത്വത്തിന് അവകാശമുണ്ടെന്ന് യുഎസ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാമതും അധികാരമേറ്റ ഉടൻ പുറപ്പെടുവിച്ച വിവാദമായ എക്സിക്യൂട്ടീവ് ഉത്തരവ് സുപ്രീം കോടതി 5-4 ഭൂരിപക്ഷത്തിൽ റദ്ദാക്കി.
മാതാപിതാക്കൾ രാജ്യത്ത് നിയമവിരുദ്ധമായോ താൽക്കാലികമായോ താമസിക്കുന്നവരാണെങ്കിൽ പോലും അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ഉറപ്പുനൽകുന്നതാണ് ഭരണഘടനയുടെ 14-ാം ഭേദഗതി എന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ട്രംപ് പൗരത്വ നിഷേധത്തിനുള്ള വിവാദ ഉത്തരവിറക്കിയത്. മാതാപിതാക്കളിൽ ഒരാളെങ്കിലും യുഎസിൽ നിയമപരമായ പൗരത്വമുള്ളവരാണെങ്കിൽ മാത്രമേ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകാവൂ എന്നതായിരുന്നു ട്രംപിന്റെ ഉത്തരവ്. ട്രംപിന്റെ രണ്ടാം ഭരണകാലത്ത് സുപ്രീം കോടതി റദ്ദാക്കുന്ന രണ്ടാമത്തെ പ്രധാന നയമാണിത്. ഫെബ്രുവരിയിൽ ട്രംപിന്റെ താരിഫ് (നികുതി) നയവും കോടതി റദ്ദാക്കിയിരുന്നു.
കോടതി വിധിയും
നിരീക്ഷണങ്ങളും
1868-ൽ അംഗീകരിച്ച ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം അമേരിക്കയിൽ ജനിക്കുന്ന എല്ലാ കുട്ടികളും ഇവിടുത്തെ നിയമപരിധിയിൽ വരുന്നവരും ജനനാലെ പൗരത്വത്തിന് അർഹരുമാണെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് പറഞ്ഞു. യു എസ് രാഷ്ട്രീയ സമൂഹത്തിൽ സ്വതന്ത്രമായി പങ്കാളികളാകാനുള്ള അവകാശമാണ് പൗരത്വം.
പ്രസിഡന്റ് കോടതിയിൽ
ഏപ്രിൽ 1-ന് ഈ കേസിന്റെ വാദം കേൾക്കുന്നതിനായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് സുപ്രീം കോടതിയിൽ ഹാജരായിരുന്നു. യുഎസ് ചരിത്രത്തിൽ ഒരു സിറ്റിംഗ് പ്രസിഡന്റ് ഇത്തരത്തിൽ കോടതിയിൽ ഹാജരാകുന്നത് ആദ്യമായാണ്.
ജസ്റ്റിസ് ക്ലാരൻസ് തോമസ് ട്രംപിന്റെ ഉത്തരവിനെ അനുകൂലിച്ച് ഭിന്നവിധി എഴുതി. ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ യഥാർത്ഥ അർത്ഥം കണക്കിലെടുക്കുമ്പോൾ പ്രസിഡന്റിന്റെ ഉത്തരവ് നിലനിൽക്കുന്നതാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ഓരോ വര്‍ഷവും
2.5 ലക്ഷം കുട്ടികൾ
ട്രംപിന്റെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചിരുന്നെങ്കിൽ, അമേരിക്കയിൽ ഓരോ വർഷവും ജനിക്കുന്ന 2.5 ലക്ഷത്തോളം കുട്ടികളുടെ നിയമപരമായ പൗരത്വത്തെ അത് ദോഷകരമായി ബാധിക്കുമായിരുന്നു. ട്രംപിന്റെ അടുത്ത വൃത്തങ്ങളിലുള്ള വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, സെക്കൻഡ് ലേഡി ഉഷ വാൻസ് എന്നിവരെല്ലാം ഇത്തരത്തിൽ കുടിയേറ്റക്കാരായ മാതാപിതാക്കൾക്ക് യുഎസിൽ ജനിച്ചതിലൂടെ പൗരത്വം ലഭിച്ചവരാണ് എന്ന വൈരുദ്ധ്യവും നിലനിൽക്കുന്നു.
ഇന്ത്യൻ-അമേരിക്കൻ
സമൂഹത്തിന് ആശ്വാസം
ലോംഗ് വിസ ബാക്ക്‌ലോഗുകളിലും ഗ്രീൻ കാർഡിനായുള്ള നീണ്ട കാത്തിരിപ്പിലും കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ-സൗത്ത് ഏഷ്യൻ കുടുംബങ്ങൾക്ക് ഈ വിധി വലിയ ആശ്വാസമാണ് നൽകുന്നത്. "ഇന്ത്യൻ, ദക്ഷിണേഷ്യൻ കുടിയേറ്റ കുടുംബങ്ങളെയാണ് ട്രംപിന്റെ ഉത്തരവ് ഏറ്റവും കൂടുതൽ ബാധിക്കാനിരുന്നത്. നിങ്ങളുടെ കുട്ടികൾ അമേരിക്കക്കാരാണ്, അവർ ഇവിടെയുള്ളവരാണ് എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്," എക്സിക്യൂട്ടീവ് ഡയറക്ടർ ചിന്തൻ പട്ടേൽ പറഞ്ഞു.
നിലവിൽ 5.2 ദശലക്ഷം വരുന്ന ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൽ 12 ലക്ഷം വിദഗ്ധ പ്രൊഫഷണലുകളും കുടുംബങ്ങളും ഗ്രീൻ കാർഡിനായി വർഷങ്ങളായി കാത്തിരിക്കുകയാണെന്ന് ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് തലവൻ ഖണ്ഡേറാവു കണ്ട് പറയുന്നു.











0 comments