ചെങ്കോട്ട റെയിൽവേ ട്രാക്കിൽ നിലയുറപ്പിച്ച് കാട്ടാന; ഒഴിവായത് വൻ ദുരന്തം

ട്രാക്കില്‍ നിലയുറപ്പിച്ച കാട്ടാന (Photo: Screengrab)
തെന്മല: കൊല്ലം-ചെങ്കോട്ട റെയിൽവേ ട്രാക്കിൽ കാട്ടാന നിലയുറപ്പിച്ചു. ഒറ്റക്കൽ റെയിൽവേ സ്റ്റേഷനുസമീപത്തെ ട്രാക്കിലാണ് ട്രെയിനിനു മുന്നിൽ കാട്ടാന എത്തിയത്. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലാണ് വൻ ദുരന്തം വഴിമാറിയത്. ചൊവ്വാഴ്ച പുലർച്ചെ പുനലൂർ ഭാഗത്തുനിന്ന് ചെങ്കോട്ട ഭാഗത്തേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസിന് മുന്നിലാണ് ഒറ്റക്കൽ സ്റ്റേഷനും ഇടമണ്ണിനും ഇടയിലുള്ള ഇരപ്പിൻചാൽ ഭാഗത്ത് കാട്ടാന നിന്നത്.
ട്രാക്കിൽ വീണു കിടന്നിരുന്ന മരക്കൊമ്പുകൾ ഭക്ഷണമാക്കുകയായിരുന്നു ആന. ട്രെയിൻ വരുന്നത് കണ്ടിട്ടും ആന ട്രാക്കിൽ നിന്നും മാറിയിരുന്നില്ല. ട്രെയിനിന് വേഗത കുറവായിരുന്നതും ദൂരെവെച്ചുതന്നെ ആനയെ കണ്ട ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തുകയായിരുന്നു. ഏകദേശം 15 മിനിറ്റ് ട്രാക്കിൽ തുടർന്ന ആന, ലോക്കോ പൈലറ്റ് തുടർച്ചയായി ഹോൺ മുഴക്കിയതോടെ വനത്തിലേക്ക് മടങ്ങിയതോടെയാണ് ട്രെയിൻ യാത്ര തുടർന്നത്.
പശ്ചിമഘട്ട മലയടിവാരത്തിലൂടെ കടന്നുപോകുന്ന റെയിൽവേ പാതയിലെ ഇടമൺ, ഒറ്റക്കൽ, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ് എന്നീ മേഖലകളിൽ കാട്ടാനകളും മ്ലാവുകളും ട്രാക്കിൽ ഇറങ്ങുന്നത് പതിവ് കാഴ്ചയാണ്. അടുത്തിടെ കഴുതുരുട്ടി ഭാഗത്ത് പശുക്കൾ കൂട്ടമായി ട്രാക്കിൽ കയറിയതിനെത്തുടർന്ന് ട്രെയിനിന്റെ വേഗത കുറയ്ക്കേണ്ടി വന്നിരുന്നു. പാതയിൽ വനംവകുപ്പും റെയിൽവേയും ചേർന്ന് സംയുക്ത പട്രോളിങ് നടത്തണമെന്നാണ് ഉയരുന്ന ആവശ്യം.











0 comments