മുംബൈയിൽ കെട്ടിടത്തിന്റെ ബാൽക്കണി തകർന്നുവീണ് ഒരാൾ മരിച്ചു

മുംബൈ : ദക്ഷിണ മുംബൈയിൽ പഴയ കെട്ടിടത്തിന്റെ ബാൽക്കണി തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ദക്ഷിണ മുംബൈയിലെ വാക്കേശ്വർ പ്രദേശത്താണ് അപകടം. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയുടെ ഒരു ഭാഗം തകർന്നുവീണ് മുംബൈ സ്വദേശിയായ സന്തോഷ് രാമചന്ദ്ര ഭാരസ്‌കറാണ് (51) മരിച്ചതെന്ന് ഉദ്യോഗസ്ഥർ ബുധനാഴ്ച അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 11.22 ഓടെയാണ് ബാബുൽനാഥ് റോഡിലെ നാല് നില കെട്ടിടത്തിലെ മൂന്നാം നില തകർന്നത്. നഗരത്തിൽ കനത്ത മഴ പെയ്തതിനു പിന്നാലെയായിരുന്നു അപകടം. ബാൽക്കണി ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സന്തോഷിനെ ഉടൻതന്നെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
തകർന്നുവീണത് 'സെസ്ഡ്' കെട്ടിടമായിരുന്നുവെന്ന് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രധാനമായും സൗത്ത് മുംബൈയിൽ കാണപ്പെടുന്ന പഴയ സ്വകാര്യ ഘടനകളാണ് സെസ്ഡ് കെട്ടിടങ്ങൾ. അറ്റകുറ്റപ്പണികൾക്കായി മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (എംഎച്ച്എഡിഎ) ഇവർ 'സെസ്' എന്നറിയപ്പെടുന്ന പ്രത്യേക നികുതി അടയ്ക്കുന്നു. കെട്ടിടം പരിപാലിക്കുന്നതിനുള്ള അറ്റകുറ്റപ്പണി ഫണ്ടായി സർക്കാർ ഈ സെസ് ഉപയോഗിക്കുന്നു. ഈ കെട്ടിടങ്ങളിൽ ഭൂരിഭാഗവും ഏറെ പഴക്കമുള്ളവയാണ്.











0 comments