വിഷം നൽകിയിട്ടും രക്ഷപ്പെട്ടു, ഒടുവിൽ ക്ഷേത്ര ദർശനത്തിനിടെ ഇരുമ്പുവടികൊണ്ട് ഭാര്യയെ അടിച്ചുകൊന്നു; സൈനികൻ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
ബെംഗളൂരു: ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ സൈനികൻ പിടിയിൽ. കർണാടക ഭാൽകി സ്വദേശി ഭാഗവത് ജ്ഞാനേശ്വറാണ് ഭാര്യ സഞ്ജനയെ (26) കൊന്ന കേസിൽ ധന്നൂര പൊലീസിന്റെ പിടിയിലായത്. ക്രൂരമായ മർദനത്തിന് ഇരയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഞ്ജന മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുൻപ് നൽകിയ മരണമൊഴിയാണ് പ്രതിയെ കുടുക്കിയത്.
അവധിക്ക് നാട്ടിലെത്തിയ ഭാഗവത്, ഭാര്യയുടെ കുടുംബവീട്ടിലേക്ക് പോകാനെന്ന വ്യാജേനയാണ് സഞ്ജനയെ കാറിൽ കൂട്ടിക്കൊണ്ടുപോയത്. വഴിമധ്യേ ക്ഷേത്രദർശനം കഴിഞ്ഞ മടങ്ങുംവഴി വിജനമായ സ്ഥലത്തുവെച്ച് കാർ നിർത്തി, ഒളിപ്പിച്ചു വെച്ചിരുന്ന ഇരുമ്പുവടികൊണ്ട് സഞ്ജനയുടെ തലയ്ക്കും കഴുത്തിനും ക്രൂരമായി അടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇതൊരു റോഡപകടമാണെന്ന് വരുത്തിത്തീർക്കാനും പ്രതി ശ്രമിച്ചു.
ഗുരുതരമായി പരുക്കേറ്റ സഞ്ജന നാല് ദിവസത്തിന് ശേഷമാണ് സോലാപുരിലെ ആശുപത്രിയിൽ വെച്ച് മരണപ്പെടുന്നത്. എന്നാൽ മരണത്തിന് മുൻപ് ഭർത്താവിന്റെ ക്രൂരത സഞ്ജന പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഒരു വർഷം മുൻപ് സഞ്ജനയ്ക്ക് പാനീയത്തിൽ വിഷം കലർത്തി നൽകിയും ഇയാൾ കൊല്ലാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കൊലപാതകത്തിന് പിന്നിൽ മറ്റ് കുടുംബാംഗങ്ങൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന് ലഭിച്ച സൂചന











0 comments