ഡോളറിനെതിരെ രൂപയ്ക്ക് വൻ തിരിച്ചടി; തുടർച്ചയായ മൂന്നാം ദിവസവും നഷ്ടം

പ്രതീകാത്മക എഐ ചിത്രം
മുംബൈ : ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 67 പൈസ ഇടിഞ്ഞ് 95.23 എന്ന നിരക്കിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക കരുത്താർജ്ജിച്ചതാണ് വളർന്നുവരുന്ന വിപണികളിലെ കറൻസികൾക്ക് തിരിച്ചടിയായത്.
അന്താരാഷ്ട്ര വിപണിയിൽ അമേരിക്കൻ കറൻസി ശക്തിപ്പെട്ടു. വിദേശ നിക്ഷേപം തുടർച്ചയായി പുറത്തേക്ക് ഒഴുകുന്നതും മറ്റ് ഏഷ്യൻ കറൻസികൾ നേരിടുന്ന പൊതുവായ തകർച്ചയുമാണ് വിനിമയ നിരക്കിനെ കടുത്ത സമ്മർദ്ദത്തിലാക്കിയത്. മാത്രമല്ല രൂപയുടെ മൂല്യം 95.00 എന്ന നിലവാരം മറികടന്ന് താഴേക്ക് പോയതോടെ വിപണിയിലെ നിക്ഷേപകർ അതീവ ജാഗ്രതയിലാണ്.
ഇന്റർബാങ്ക് വിദേശനാണ്യ വിനിമയ വിപണിയിൽ ഡോളറിനെതിരെ 94.67 എന്ന നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടയിൽ ഒരു ഘട്ടത്തിൽ 94.60 വരെ ഉയർന്ന രൂപ പിന്നീട് 95.29 വരെയുള്ള താഴ്ന്ന നിരക്കിലേക്കും നീങ്ങി.
ഒടുവിൽ വ്യാപാരം അവസാനിക്കുമ്പോൾ മുൻ ദിവസത്തെ ക്ലോസിംഗ് നിരക്കിൽ നിന്ന് 67 പൈസയുടെ ഇടിവ് രേഖപ്പെടുത്തി 95.23 എന്ന നിലയിലാണ് രൂപ എത്തിനിൽക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഡോളറിനെതിരെ 5 പൈസയുടെ നേരിയ ഇടിവോടെ 94.56 എന്ന നിരക്കിലായിരുന്നു രൂപ ക്ലോസ് ചെയ്തിരുന്നത്.
പ്രധാന കറൻസികൾക്കെതിരെ യുഎസ് ഡോളർ ശക്തിപ്രാപിച്ചതുമാണ് ഇന്ത്യൻ രൂപയ്ക്ക് തുടർച്ചയായ മൂന്നാം സെഷനിലും തിരിച്ചടിയായത്. മറ്റ് ഏഷ്യൻ കറൻസികളിലുണ്ടായ ഇടിവ് രൂപയുടെ മേലുള്ള സമ്മർദ്ദം വീണ്ടും വർധിപ്പിച്ചു.











0 comments