സിബിഎസ്ഇ സ്കൂളുകളിൽ മൂന്ന് ഭാഷാ നയം നടപ്പിലാക്കുന്നു; പുതിയ മാർഗ്ഗരേഖ പുറത്തിറക്കി

സലാല : ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായി സിബിഎസ്ഇ സ്കൂളുകളിൽ മൂന്ന് ഭാഷാ നയം നടപ്പിലാക്കുന്നതിനുള്ള വിശദമായ മാർഗ്ഗരേഖ സിബിഎസ്ഇ പുറത്തിറക്കി. 2026-27 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന നയമനുസരിച്ച് വിദ്യാർഥികൾ പഠിക്കുന്ന മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യൻ ഭാഷകൾ ആയിരിക്കണം. നിലവിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ പുതിയ ഭാഷാ നയം ബാധകമല്ലെന്നും അവർ പഴയ രീതിയിലുള്ള രണ്ട് ഭാഷാ സമ്പ്രദായം തന്നെ തുടരുമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ മാർഗരേഖ പ്രകാരം ഒമ്പതാം ക്ലാസിലെ എല്ലാ വിദ്യാർഥികളും മൂന്ന് ഭാഷകൾ പഠിക്കേണ്ടതുണ്ട്. ഇതിൽ രണ്ട് ഭാഷകൾ നിർബന്ധമായും ഇന്ത്യൻ ഭാഷകളായിരിക്കണം, മൂന്നാമത്തെ ഭാഷയായി വിദേശ ഭാഷകൾ തെരഞ്ഞെടുക്കാം. എന്നാൽ നിലവിൽ ഒമ്പത്, എട്ട്, ഏഴ് ക്ലാസുകളിൽ പഠിക്കുന്നതും രണ്ട് വിദേശ ഭാഷകൾ ഇതിനകം തിരഞ്ഞെടുത്തതുമായ വിദ്യാർഥികൾക്ക് താൽക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് ആ രണ്ട് വിദേശ ഭാഷകൾക്കൊപ്പം ഒരു ഇന്ത്യൻ ഭാഷ കൂടി അധികമായി പഠിച്ചാൽ മതിയാകും. കൂടാതെ ഈ ബാച്ചുകളിലെ വിദ്യാർഥികൾ പത്താം ക്ലാസിലേക്ക് എത്തുമ്പോൾ മൂന്നാമത്തെ ഭാഷയ്ക്ക് സിബിഎസ്ഇ ബോർഡ് പരീക്ഷ ഉണ്ടായിരിക്കുന്നതല്ലെന്നും, സ്കൂൾ തലത്തിലുള്ള ആന്തരിക മൂല്യനിർണ്ണയം മാത്രമേ ഉണ്ടാകൂ എന്നും ബോർഡ് അറിയിച്ചു. അതേസമയം 2026-27 വർഷത്തിൽ ആറാം ക്ലാസിൽ പ്രവേശിക്കുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസിലെത്തുമ്പോൾ മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷ നിർബന്ധമായിരിക്കും.
ഭിന്നശേഷിക്കാരായ കുട്ടികൾ, വിദേശത്തുള്ള സി ബി എസ് ഇ സ്കൂളുകളിലെ വിദ്യാർത്ഥികൾ, ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന വിദേശ വിദ്യാർഥികൾ എന്നിവർക്ക് ഈ മൂന്ന് ഭാഷാ നയത്തിൽ നിന്ന് പൊതുവായ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ജോലിസ്ഥലം മാറ്റം കാരണം കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങളും സ്കൂളുകൾ ചെയ്യേണ്ടതുണ്ട്. പുതിയ ഭാഷകൾ പഠിപ്പിക്കുന്നതിനായി സ്കൂളുകളിൽ നിലവിലുള്ള അധ്യാപകരുടെ സേവനത്തിന് പുറമെ വിരമിച്ച അധ്യാപകരെയോ പാർട്ട് ടൈം അധ്യാപകരെയോ നിയമിക്കാനും ഓൺലൈൻ, ഹൈബ്രിഡ് അധ്യാപന രീതികൾ ഉപയോഗിക്കാനും സ്കൂളുകൾക്ക് അനുമതിയുണ്ട്.











0 comments