'അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് കാണിച്ചുതന്നതിന് നന്ദി'; കുഞ്ഞുമിയക്കായി 16.5 കോടി സമാഹരിച്ചു

സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച നന്ദി കുറിപ്പ്
തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി ടൈപ് 1 എന്ന അപൂർവരോഗം സ്ഥിരീകരിച്ച ജിനു ജോർജ്- നിമ്മി ജോഷി ദമ്പതികളുടെ മകൾ മിയ മരിക്കായി 16.5 കോടി രൂപ സമാഹരിച്ചു. സേവ് ബേബി മിയ ക്യാംപെയ്നുവേണ്ടി രൂപീകരിച്ച സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് പണം സമാഹരിച്ച വിവരം പുറത്തുവിട്ടത്. മിയ്ക്കായി കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
വിദേശത്തുനിന്ന് പതിനാറര കോടിയുടെ മരുന്നെത്തിച്ച് ജീൻ തെറാപ്പി നൽകിയാൽ മാത്രമേ ഏഴുമാസം പ്രായമുള്ള മിയയുടെ ജീവൻ രക്ഷിക്കാനാവുമായിരുന്നുള്ളൂ. കുഞ്ഞുമിയയെ രക്ഷിക്കണമെങ്കിൽ ജീൻ തെറാപ്പി ചെയ്യണമെന്നും പതിനാറരക്കോടിയാണ് അതിനു വേണ്ടിവരുന്ന ചിലവെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ബേബി മിയയ്ക്കായി ക്യാമ്പെയിൻ ആരംഭിച്ചത്.
നിങ്ങളുടെ സംഭാവനകൾ, പ്രാർത്ഥനകൾ, പ്രോത്സാഹനങ്ങൾ എന്നിവ ഞങ്ങളുടെ ധനസമാഹരണം വിജയകരമായി ലക്ഷ്യം വരിക്കാൻ സഹായിച്ചു. ഈ വിജയം നിങ്ങളിൽ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. മിയയോടും അവളുടെ കുടുംബത്തോടും നിങ്ങൾ കാണിച്ച ഐക്യദാർഢ്യത്തിനും ഒരുമിച്ച് നമുക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് കാണിച്ചുതന്നതിനും നന്ദി. കുറിപ്പിൽ പറയുന്നു.
പോരാടാനും സുഖം പ്രാപിക്കാനും ഒരു നല്ല ഭാവിയെക്കുറിച്ച് സ്വപ്നം കാണാനും അവസരം നൽകിയതിന് നന്ദി. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, ഞാൻ പ്രതീക്ഷയോടെ ഈ പുതിയ അധ്യായം ആരംഭിക്കാൻ പോകുന്നു.-എന്ന് ബേബി മിയയുടെ സന്ദേശമായും കുറിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രാർത്ഥനകളിലും അനുഗ്രഹങ്ങളിലും തന്നെ എപ്പോഴും ഓർക്കണമെന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നുവെന്നും ചികിത്സ നല്ല രീതിയിൽ നടക്കാനും പൂർണ്ണമായി സുഖം പ്രാപിക്കാനും ആരോഗ്യത്തോടെ വളർന്ന് എല്ലാവരെയും അഭിമാനം കൊള്ളിക്കാനും പ്രാർത്ഥിക്കണമെന്നും കുറിച്ചു. മിയയ്ക്കായി രൂപീകരിച്ച അക്കൗണ്ട് നമ്പറിലേക്ക് പണമയക്കുന്നത് ഉടനടി നിർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.











0 comments