കുതിച്ചു കയറി ക്രൂഡ് ഓയിൽ; വിപണിയിൽ കൂട്ടത്തകർച്ച

പ്രതീകാത്മക എഐ ചിത്രം
മുംബൈ : യുഎസ് - ഇറാൻ വെടിനിർത്തലിനെത്തുടർന്നുള്ള ആശങ്കകൾക്കിടയിൽപ്പെട്ട് ഇന്ത്യൻ ഓഹരി വിപണി. ബാങ്കിംഗ്, ഊർജ മേഖലകളിലെ ഓഹരികൾ നേരിട്ട വിൽപന സമ്മർദത്താൽ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും വെള്ളിയാഴ്ച തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 516.33 പോയിന്റ് അഥവാ 0.66 ശതമാനം ഇടിഞ്ഞ് 77,328.19 എന്ന നിലയിലെത്തി. നിഫ്റ്റി 150.50 പോയിന്റ് അഥവാ 0.62 ശതമാനം താഴ്ന്ന് 24,176.15 എന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.
സെൻസെക്സിൽ എസ്ബിഐ ആണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. എസ്ബിഐ ഓഹരികൾ 6.62 ശതമാനം ഇടിഞ്ഞ് 1019.55 രൂപയിലെത്തി. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, അൾട്രാടെക് സിമന്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ മറ്റ് പ്രധാന ഓഹരികൾ.
ടൈറ്റൻ കമ്പനി, ഏഷ്യൻ പെയിന്റ്‌സ്, അദാനി പോർട്‌സ് എന്നീ ഓഹരികൾ ഇന്ന് ലാഭമുണ്ടാക്കി. ഇവയുടെ മൂല്യം 4.76 ശതമാനം വരെ വർധിച്ചു. സെൻസെക്സിലെ വലിയ ഇടിവിന് പ്രധാനമായും കാരണമായത് എസ്‌ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ (L&T) എന്നീ അഞ്ച് ഓഹരികളാണ്.
ക്രൂഡ് ഓയിൽ വില 100 ഡോളറിന് അടുത്തെത്തിയതും രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതും വിപണിയുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ഏഷ്യൻ വിപണികളിലെ തളർച്ചയും യുഎസിൽ നിന്നുള്ള സമ്മിശ്ര സൂചനകളും ആഭ്യന്തര ഓഹരി വിപണിയിലെ ഇടിവിന് കാരണമായിട്ടുണ്ട്.











0 comments