കുറഞ്ഞ തുകയില്‍ മികച്ച നേട്ടത്തിന്


കെ അരവിന്ദ്
Published on Sep 15, 2026, 01:30 AM | 2 min read
ഓഹരികളിൽ നിക്ഷേപം നടത്താൻ വിവിധ മാർഗങ്ങളുണ്ട്. തുടക്കക്കാർക്ക് മ്യൂച്വൽ ഫണ്ടുകളാണ് അനുയോജ്യം. ഓഹരികളെക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും മതിയായ സമയവും കഴിവുമുള്ളവർക്ക് നേരിട്ട് നിക്ഷേപം നടത്താം. അപ്പോഴും ചിലർക്കെങ്കിലും ഓഹരികളുടെ തെരഞ്ഞെടുപ്പ് ആയാസകരമായി അനുഭവപ്പെടാവുന്നതാണ്; പ്രത്യേകിച്ചും ചില പ്രത്യേക മേഖലകളിൽ നിക്ഷേപിക്കാൻ താൽപ്പര്യപ്പെടുന്നവർക്ക്. ഇത്തരക്കാർക്ക് സ്വീകരിക്കാവുന്ന മാർഗമാണ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ അഥവാ ഇടിഎഫുകൾ.
ഉറപ്പാക്കാം, വൈവിധ്യവൽക്കരണം
ഓഹരിവിപണിയിൽ സാധാരണ ഓഹരികൾപോലെ വാങ്ങാനും വിൽക്കാനും കഴിയുന്ന ഒരുതരം മ്യൂച്വൽ ഫണ്ടുകളാണ് ഇടിഎഫുകളെന്ന് പറയാം. മ്യൂച്വൽ ഫണ്ടിന്റെ സുരക്ഷിതത്വവും അതോടൊപ്പം ഒരു കമ്പനിയുടെ ഓഹരി വാങ്ങുന്നതുപോലെയുള്ള എളുപ്പവും ഒന്നിച്ചുചേരുന്ന നിക്ഷേപമാർഗം എന്നാണ് ഇടിഎഫുകൾ പൊതുവിൽ വിശേഷിപ്പിക്കപ്പെടുന്നത്. ഇടിഎഫിൽ നിക്ഷേപിക്കാൻ നിങ്ങൾക്ക് ഒരു ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ട് ഉണ്ടായിരിക്കണം.
മേഖലാധിഷ്‌ഠിതമായി, ഒരേ സ്വഭാവമുള്ള ഒരുകൂട്ടം ഓഹരികളിലാണ് ഇടിഎഫുകൾ നിക്ഷേപിക്കുന്നത്. ഒരു പ്രത്യേക ഓഹരിക്കുപകരം ആ ഓഹരി ഉൾപ്പെടുന്ന മേഖലയെ അടിസ്ഥാനമാക്കിയിരിക്കുന്ന ഇടിഎഫിൽ നിക്ഷേപിക്കുമ്പോൾ നിക്ഷേപത്തിലെ റിസ്‌ക് കുറയ്‌ക്കാനും വൈവിധ്യവൽക്കരണം ഉറപ്പുവരുത്താനും സാധിക്കും. ഉദാഹരണത്തിന് ഒരു നിക്ഷേപകൻ ബാങ്കിങ് മേഖലയിലെ ഓഹരികൾ വാങ്ങാൻ താൽപ്പര്യപ്പെടുന്നുവെന്നിരിക്കട്ടെ.എന്നാൽ, പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി ഒട്ടേറെ ബാങ്കിങ് ഓഹരികളുള്ളതിനാൽ ഇവയെ താരതമ്യം ചെയ്‌ത് ചെലവ് കുറഞ്ഞതും വളർച്ചസാധ്യതയുള്ളതുമായ ഒന്നോ രണ്ടോ ഓഹരികൾ തെരഞ്ഞെടുക്കുക ഒരു സാധാരണ നിക്ഷേപകന് എളുപ്പമുള്ള കാര്യമല്ല. അപ്പോൾ ഏത് ബാങ്ക് ഓഹരിയിൽ നിക്ഷേപിക്കണമെന്ന ആശയക്കുഴപ്പം നേരിടാം. അത്തരം നിക്ഷേപകർക്ക് ബാങ്കിങ് മേഖലയിൽ നിക്ഷേപിക്കുന്ന ഒരു ഇടിഎഫ് തെരഞ്ഞെടുക്കാവുന്നതാണ്.
നിഫ്റ്റി ബാങ്ക് സൂചിക പിന്തുടരുന്ന ഇടിഎഫുകൾ സൂചികയിൽ ഓരോ ബാങ്കിനും എത്രത്തോളം പ്രാധാന്യമുണ്ടോ ആ വെയ്‌റ്റേജിനനുസരിച്ച് നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്. വിപണിയിൽ നിഫ്റ്റി ബാങ്ക് സൂചിക ഉയരുമ്പോൾ, അതായത് ബാങ്ക് ഓഹരികളുടെ വില വർധിക്കുമ്പോൾ ഇടിഎഫ് യൂണിറ്റുകളുടെയും വില വർധിക്കുകയും സൂചിക താഴുമ്പോൾ വിലയും താഴുകയും ചെയ്യും. എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയ 14 ബാങ്കുകളാണ് നിഫ്‌റ്റി ബാങ്ക് സൂചികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
എസ്‌ഐപിക്ക് ഫണ്ട് ഓഫ് ഫണ്ടുകൾ
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐപി)വഴിയും ഇടിഎഫുകളിൽ നിക്ഷേപിക്കാം. ഫണ്ട് ഓഫ് ഫണ്ടുകളാണ് ഇതിന് അനുയോജ്യം. ഇടിഎഫുകളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഫണ്ട് ഓഫ് ഫണ്ടുകൾ. മ്യൂച്വൽ ഫണ്ടുകളിൽ എല്ലാമാസവും നിശ്ചിത തീയതിക്ക് നിശ്ചിത തുക നിക്ഷേപിക്കുന്നതുപോലെയാണ് ഫണ്ട് ഓഫ് ഫണ്ടുകളിലും നിക്ഷേപിക്കുന്നത്. ഇടിഎഫുകളുടെ വില ഓഹരിവിലപോലെ ഓരോ ദിവസവും വ്യാപാരത്തിനിടെ മാറുമ്പോൾ ഫണ്ട് ഓഫ് ഫണ്ടുകളുടെ വില (എൻഎവി) ഓരോ ദിവസത്തെയും വ്യാപാരം കഴിഞ്ഞശേഷം അന്നത്തെ ഇടിഎഫിന്റെ ക്ലോസിങ് വില അനുസരിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. വിവിധ സൂചികകളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളായ ഇൻഡക്‌സ് ഫണ്ടുകളും എസ്‌ഐപി നിക്ഷേപത്തിന് അനുയോജ്യമാണ്.
ലഭ്യമാണ് തീമാറ്റിക് ഫണ്ട്
സെൻസെക്സോ നിഫ്‌റ്റിയോ ആധാരമാക്കി നിക്ഷേപം നടത്തുന്ന ഇടിഎഫുകളും ഇൻഡക്‌സ് ഫണ്ടുകളുമാണ് നേരത്തേ കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നത്. എന്നാൽ, സമീപകാലത്തായി ഫണ്ടുകളുടെ നിരയിൽ വലിയ വൈവിധ്യവൽക്കരണമാണ് സംഭവിച്ചിരിക്കുന്നത്. ഡിഫൻസ് ഇടിഎഫ്, ഫാർമ ഇടിഎഫ്, ഓട്ടോ ഇടിഎഫ് തുടങ്ങിയ വളരെ സജീവമായ വിവിധ തീമുകളെ അടിസ്ഥാനമാക്കിയുള്ള ഇടിഎഫുകൾ വിപണിയിൽ ലഭ്യമാണ്. ഐപിഒകളിൽ നിക്ഷേപിക്കാൻ താൽപ്പര്യപ്പെടുന്നവർക്ക് ഐപിഒ ഇടിഎഫും ലഭ്യമാണ്.
സ്വർണത്തിനും വെള്ളിക്കും ഇടിഎഫ്
ഓഹരികളിൽമാത്രമല്ല, സ്വർണം, വെള്ളി പോലുള്ള ഇതര ആസ്‌തിമേഖലകളിലും ഇടിഎഫുകളിലൂടെ നിക്ഷേപിക്കാം. സ്വർണത്തിലും വെള്ളിയിലും ഏറ്റവും ചെലവുകുറഞ്ഞനിലയിൽ നിക്ഷേപിക്കാനുള്ള മാർഗംകൂടിയാണ് ഗോൾഡ്, സിൽവർ ഇടിഎഫുകൾ. ഭൗതികരൂപത്തിൽ സ്വർണവും വെള്ളിയും വാങ്ങുമ്പോൾ വരുന്ന നികുതി, പണിക്കൂലി തുടങ്ങിയ അധിക ചെലവുകളും വിൽക്കുമ്പോൾ വരാവുന്ന വിലവ്യതിയാനവും ഒഴിവാക്കാമെന്ന നേട്ടവുമുണ്ട്.
(ഹെഡ്‌ജ് ഇക്വിറ്റീസിന്റെ ഓൺലൈൻ ജേർണലായ ഹെഡ്‌ജ്‌ഓഹരി.കോമിന്റെ എഡിറ്ററാണ് ലേഖകൻ)










0 comments