Deshabhimani

ചെറുകിട സംരംഭങ്ങൾക്ക് 50 കോടി രൂപ വരെ വായ്പ; എസ്ബിഐ പദ്ധതിയെ കുറിച്ചറിയാം

SBI
വെബ് ഡെസ്ക്

Published on Nov 27, 2026, 09:27 PM | 1 min read

മുംബൈ : എംഎസ്എംഇകൾക്ക് കൂടുതൽ വായ്പ ലഭ്യമാക്കാൻ വായ്പാ പരിധി ഉയർത്താനൊരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എംഎസ്എംഇ ഡ്രീം വായ്പാ പദ്ധതിയിലൂടെ അനുവദിക്കുന്ന പരമാവധി തുക 50 കോടി രൂപയായി ഉയർത്താനാണ് തീരുമാനം. 2027 മാർച്ചോടെ പുതിയ മാറ്റം പ്രാബല്യത്തിൽ വരും. ഈ പദ്ധതി വഴി നിലവിൽ അഞ്ച് കോടി രൂപ വരെയാണ് വായ്പ ലഭിക്കുന്നത്.


നവംബർ 30 മുതൽ എല്ലാ ശാഖകളിലും വായ്പാ പരിധി 10 കോടി രൂപയായി ഉയർത്താനാണ് ബാങ്കിന്റെ തീരുമാനം. അന്നുതന്നെ എംഎസ്എംഇ ഡ്രീം വായ്പാ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച് 2027 മാർച്ചോടെ എല്ലാ ശാഖകളിലും 50 കോടി രൂപ വരെയുള്ള വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം.


2023 ഡിസംബറിൽ ആരംഭിച്ച എംഎസ്എംഇ ഡ്രീം പദ്ധതിയിലൂടെ ഇതുവരെ 2.25 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിച്ചതായി എസ്ബിഐ അറിയിച്ചു. ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് പദ്ധതിയിൽ വായ്പ അനുവദിക്കുന്നത്. സംരംഭകർക്ക് ആവശ്യമായ വിവരങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സമർപ്പിക്കാം. സംരംഭകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വായ്പയെടുക്കാനുള്ള സാമ്പത്തിക ശേഷി വിലയിരുത്തി 45 മിനിറ്റിനുള്ളിൽ വായ്പയ്ക്ക് അനുമതി നൽകുമെന്നും ബാങ്ക് അറിയിച്ചു.


വായ്പാ തുക വിതരണം ചെയ്യാൻ നേരത്തേ ഒരു മാസം വരെ എടുത്തിരുന്നു. എന്നാൽ, ഡിജിറ്റൽ നടപടികളിലൂടെ ഇത് ഒരാഴ്ചയ്ക്കുള്ളിൽ വായ്പ തുക വിതരണം ചെയ്യാൻ സാധിച്ചതായും ബാങ്ക് അധികൃതർ പറഞ്ഞു. വായ്പാ നടപടികൾ വേഗത്തിലാക്കുന്നതിനൊപ്പം ചെറുകിട സംരംഭങ്ങൾക്ക് ആവശ്യമായ മൂലധനം സമയബന്ധിതമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home