വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ സഹായപദ്ധതികള്‍


ഡോ. ബൈജു നെടുങ്കേരി
Published on May 13, 2025, 12:13 PM | 3 min read
കേരളത്തിന്റെ സ്റ്റാർട്ടപ് ഇക്കോ സിസ്‌റ്റം ഇന്ത്യക്കാകെ മാതൃകയായി മാറിക്കഴിഞ്ഞു. ഇതിലൂടെ പുതിയകാലത്ത് ചെറുപ്പക്കാർക്കും വിദ്യാർഥികൾക്കും നൂതന ആശയങ്ങളിലും സാങ്കേതികവിദ്യകളിലും അധിഷ്ഠിതമായ സംരംഭങ്ങളിലൂടെ ശോഭനമായ ഭാവി സൃഷ്ടിക്കാൻ സാധിക്കുന്നു. ഒരു സ്റ്റാർട്ടപ്പ് രൂപപ്പെടുത്താനും വളർത്താനും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും സാമൂഹിക, -സാമ്പത്തിക, - വൈജ്ഞാനിക പിന്തുണയും ഇന്ന് സംസ്ഥാനത്ത് ലഭ്യമാണ്.
ആശയരൂപീകരണം, പ്രോട്ടോടൈപ്പ് നിർമാണം, ടെസ്റ്റിങ്, മാർക്കറ്റ് ആക്സസ്, സ്കെയിലപ്പ് തുടങ്ങിയ ഘട്ടങ്ങളിലെല്ലാം സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ഗ്രാന്റുകളും മറ്റ് സഹായങ്ങളും ലഭ്യമാകുന്ന വിവിധ സ്കീമുകൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ട്.
സ്റ്റാർട്ടപ് മേഖലയിലേക്ക് വരുന്ന സ്ത്രീസംരംഭകരുടെ എണ്ണം ഇന്ന് വളരെ വർധിച്ചിട്ടുണ്ട്. കേരളത്തിലെ ഉയർന്ന സ്ത്രീവിദ്യാഭ്യാസനിരക്കും സാമൂഹിക സമത്വവും സുരക്ഷിതത്വവുമെല്ലാം ഇതിന് വഴിയൊരുക്കുന്നു. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കൈകാര്യം ചെയ്യാനുള്ള ശേഷി സ്ത്രീസംരംഭകർക്ക് കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. വനിതാ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മികച്ച രണ്ട് സഹായപദ്ധതികൾ പരിചയപ്പെടാം.
സ്റ്റാർട്ടപ് തുടങ്ങാൻ സീഡ് ഫണ്ട്
സ്ത്രീകളുടെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ കേരള സ്റ്റാർട്ടപ് മിഷൻവഴി നടപ്പാക്കുന്ന പദ്ധതിയാണ് "വനിതാ സ്റ്റാർട്ടപ്പുകൾക്കുള്ള സീഡ് ഫണ്ട്'. തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, വരുമാനവർധന എന്നിവയിലൂടെ കേരള സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സ്ത്രീകൾക്കിടയിൽ കൂടുതൽ തൊഴിലും വരുമാനവും ഉറപ്പുവരുത്താനും ആത്മവിശ്വാസവും സുരക്ഷിതത്വവും പകരാനും ഈ പദ്ധതി സഹായകമാകുന്നു.
സ്റ്റാർട്ടപ്പിന്റെ ആദ്യഘട്ടത്തിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്താനും മാർക്കറ്റ് നേടിയെടുക്കാനും പ്രവർത്തനമൂലധനം ആർജിക്കാനുമെല്ലാം ഈ തുക ഉപയോഗപ്പെടുത്താം.
ഈടുരഹിത വായ്‌പ, കുറഞ്ഞ പലിശ
കാലികപ്രസക്തിയുള്ള വനിതാ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ 15 ലക്ഷം രൂപവരെയാണ് വായ്‌പ ലഭിക്കുക. രണ്ടുവർഷം തിരിച്ചടവിന് മൊറൊട്ടോറിയം ലഭിക്കും. മൂന്നുവർഷംകൊണ്ട് തിരിച്ചടച്ചാൽ മതി. ഈടൊന്നും നൽകേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ആറുശതമാനംമാത്രമാണ് പലിശ. വ്യവസായങ്ങൾക്ക് ലഭിക്കുന്ന മറ്റേത് വായ്‌പയേക്കാളും കുറഞ്ഞ നിരക്കാണിത്.
അർഹതാമാനദണ്ഡങ്ങൾ
നൂതന ആശയത്തിലൂന്നിയതോ ആധുനിക സാങ്കേതിക വിദ്യാധിഷ്ഠിതമോ ആയ സ്റ്റാർട്ടപ്പായിരിക്കണം.
കമ്പനി നിയമപ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്‌ത് പ്രവർത്തിക്കുന്നതാകണം. ലിമിറ്റഡ് ലയബിലിറ്റി പാർടണർഷിപ് (എൽഎൽപി) സ്ഥാപനങ്ങൾക്കും സീഡ് ഫണ്ട് ലഭിക്കും.
കേരള സ്റ്റാർട്ടപ് മിഷനിൽ രജിസ്റ്റർ ചെയ്‌ത് തിരിച്ചറിയൽനമ്പർ നേടണം.
കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ ഡിഐപിപി രജിസ്‌ട്രേഷനെടുക്കണം.
സ്റ്റാർട്ടപ് ഡയറക്ടർക്ക് സിബിൽ സ്‌കോർ 750ൽ കൂടുതൽ ഉണ്ടായിരിക്കണം.
രാജ്യത്തെ ഒരു സർക്കാർ ഏജൻസിയുടെയും കരിമ്പട്ടികയിൽപെട്ടതാകരുത്.
സർക്കാർ ഏജൻസികൾ, കേരള സ്റ്റാർട്ടപ് മിഷൻ, മറ്റ് സംസ്ഥാന ഇൻകുബേറ്ററുകൾ എന്നിവയിൽ കുടിശ്ശിക ഉണ്ടാകരുത്.
എങ്ങനെ അപേക്ഷിക്കാം
കേരള സ്റ്റാർട്ടപ് മിഷന്റെ https://startupmission.kerala.gov.in എന്ന വെബ് സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. തുടർന്ന് വിദഗ്ധസമിതിക്കുമുന്നിൽ സ്റ്റാർട്ടപ് ആശയം അവതരിപ്പിക്കണം . തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾ സ്റ്റാർട്ടപ് മിഷനുമായി കരാറിൽ ഏർപ്പെടണം. വിവിധ ഘട്ടങ്ങളിലെ പണവിനിയോഗത്തിന് അനുസരിച്ചാണ് സീഡ് ഫണ്ട് ലഭിക്കുക.
പുത്തൻ ആശയങ്ങൾക്കുള്ള അംഗീകാരം
നൂതനാശയങ്ങൾ അവതരിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പരമ്പരാഗത രീതിയിലുള്ള ബാങ്ക് വായ്‌പ ലഭിക്കാൻ ബുദ്ധിമുട്ടാണ്. പലപ്പോഴും ബാങ്കുകളുടെ വായ്പ പ്രോസസിങ് കേന്ദ്രങ്ങളിലെ അപേക്ഷ വിലയിരുത്താൻ ചുമതലപ്പെട്ടവർ പുതിയ ആശയങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകാറില്ല. എന്തിന് വെറുതെ തങ്ങൾ റിസ്കെടുക്കണം എന്ന ചിലരുടെ ചിന്ത പലരുടെയും സംരംഭസ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുന്നുണ്ട്. പല സംരംഭകർക്കും തങ്ങളുടെ പുതിയ ആശയങ്ങൾ ഈ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനും കഴിയാതെ പോകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പുതിയ സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും പ്രയോജനപ്രദമായ വായ്‌പ പദ്ധതിയാണ് സീഡ് ഫണ്ട്.
പ്രവർത്തന മൂലധനത്തിന് പർച്ചേസ് ഓർഡറിന്മേൽ
വായ്‌പ
വിപണിയിൽ സ്വീകാര്യത നേടിയ ഉൽപ്പന്നങ്ങൾ നിർമിച്ചിട്ടുള്ള വനിതാ സ്റ്റാർട്ടപ്പുകളെ മുന്നോട്ടുപോക്കിന് സഹായിക്കുന്ന സർക്കാർ പദ്ധതിയാണ് "പർച്ചേസ് ഓർഡറിന്മേലുള്ള വായ്‌പ'. മികച്ച ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിട്ടുള്ള പല സ്റ്റാർട്ടപ്പുകളും വളർച്ചയുടെ രണ്ടാംഘട്ടത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പ്രവർത്തന മൂലധനത്തിന്റെ അഭാവം. ഉൽപ്പന്നത്തിന്റെ നിർമാണപ്രക്രിയ പൂർത്തിയാകുന്നതുവരെയുള്ള വേതനം, മറ്റ് പ്രവർത്തനച്ചെലവുകൾ എന്നിവ സ്ഥാപനം വഹിക്കേണ്ടതായി വരും.
ഇത് തിരിച്ചറിഞ്ഞാണ് സർക്കാർ പർച്ചേസ് ഓർഡറിന്മേൽ വായ്പ ലഭ്യമാക്കുന്നത്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും ലഭിക്കുന്ന പർച്ചേസ് ഓർഡറുകൾ നടപ്പാക്കാനുള്ള പ്രവർത്തന മൂലധനമായാണ് ഈ വായ്പ ലഭ്യമാക്കുന്നത്.
കേരള സ്റ്റാർട്ടപ് മിഷൻവഴിയാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്. വലിയ ഓർഡറുകൾ ഏറ്റെടുക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും താൽക്കാലികാടിസ്ഥാനത്തിൽ ലഭ്യമാകുന്ന ഈ വായ്‌പ സഹായകമാകും. സപ്ലൈ പൂർത്തിയാകുന്നതിനൊപ്പം വായ്‌പയും അവസാനിക്കും എന്നതിനാൽ ദീർഘകാലം വായ്‌പബാധ്യത നിലനിൽക്കുകയുമില്ല.
പലിശയും കാലാവധിയും
വനിതാ സ്റ്റാർട്ടപ്പുകൾക്ക് ഓർഡർ ലഭിക്കുന്ന തുകയുടെ 80 ശതമാനംവരെ (പരമാവധി 15 ലക്ഷം രൂപ ) വായ്‌പ ലഭിക്കും. ഓർഡർപ്രകാരമുള്ള പ്രവൃത്തി പൂർത്തിയാകുന്നമുറയ്‌ക്കോ പരമാവധി ഒരുവർഷത്തിനുള്ളിലോ വായ്‌പ തിരിച്ചടയ്ക്കണം. ഇതിനും ആറുശതമാനം പലിശ നൽകിയാൽ മതി. ഈ നിബന്ധനകൾ പാലിക്കണം സ്റ്റാർട്ടപ്പിൽ സ്ത്രീകൾക്ക് കുറഞ്ഞത് 51 ശതമാനം ഓഹരി ഉണ്ടായിരിക്കണം. സ്റ്റാർട്ടപ് പ്രൈവറ്റ് ലിമിറ്റഡ് ആയോ എൽഎൽപിയായോ കേരളത്തിൽ രജിസ്റ്റർ ചെയ്‌തിരിക്കണം. കേരള സ്റ്റാർട്ടപ് മിഷന്റെ തിരിച്ചറിയൽ നമ്പരും കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ ഡിഐപിപി രജിസ്‌ട്രേഷനും നിർബന്ധമാണ്.
എങ്ങനെ അപേക്ഷിക്കാം
കേരള സ്റ്റാർട്ടപ് മിഷന്റെ https://startupmission.kerala.gov.in വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8047180470. (പിറവം അഗ്രോ പാർക്ക് ചെയർമാനാണ് ലേഖകൻ)
0 comments