സമ്പത്ത് വളര്ത്താന് നിങ്ങള്ക്ക് നല്ലതോ സ്ഥിരനിക്ഷേപം?

സാധാരണക്കാരുടെ ഏറ്റവും വിശ്വസനീയ നിക്ഷേപമാർഗമാണ് ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ. തലമുറകളായി, ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സാമ്പത്തിക ആസൂത്രണത്തിന്റെ അടിത്തറയാണിത്. പലർക്കുമിത് നിക്ഷേപ ലോകത്തേക്കുള്ള ആദ്യചുവടുവയ്പ്പുമാണ്. വലിയ പാണ്ഡിത്യമൊന്നുമില്ലാതെ ലളിതമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്നതാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്ന ഒരു പ്രധാന ഘടകം. എന്നാൽ, ഓഹരിവിപണി, മ്യൂച്വൽ ഫണ്ട്, കടപ്പത്രങ്ങൾ, ഇടിഎഫ് തുടങ്ങിയ വിവിധ നൂതന നിക്ഷേപമാർഗങ്ങളുടെ ഒരു സൂപ്പർമാർക്കറ്റ്തന്നെ ഇപ്പോൾ മുന്നിലുള്ളപ്പോൾ ഈ പരമ്പരാഗത നിക്ഷേപരീതിക്ക് ഇന്നും പ്രസക്തിയുണ്ടോ എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്.
വിവിധ സാമ്പത്തിക പ്രസിദ്ധീകരണങ്ങളുടെ പഠനങ്ങൾപ്രകാരം ഒരു ഇന്ത്യക്കാരന്റെ ശരാശരി സ്ഥിരനിക്ഷേപം 4.25 ലക്ഷം രൂപയാണ്. ഏകദേശം 2.4 കോടി അക്കൗണ്ടുകളിലായി 103 ലക്ഷം കോടിയുടെ സ്ഥിരനിക്ഷേപങ്ങൾ വിവിധ ബാങ്കുകളിലായി ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. കണക്കുകളുടെ ഈ വലിപ്പം ആരെയും വിസ്മയിപ്പിക്കാം. എന്നാൽ, ഒരു സ്മാർട്ട് നിക്ഷേപകൻ പാരമ്പര്യത്തിനപ്പുറം നോക്കുകയും ഈ നിക്ഷേപമാർഗത്തിന്റെ പൂർണമായ ചിത്രം വിലയിരുത്തുകയും വേണം.
സ്ഥിരനിക്ഷേപം രണ്ടുതരം
ഏതെങ്കിലും ഒരു ധനസ്ഥാപനത്തിൽ നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത പലിശനിരക്കുപ്രകാരം ഒരു തുക നിക്ഷേപിക്കുന്നതാണ് സ്ഥിരനിക്ഷേപമെന്ന് പറയാം. ആ കാലാവധി കഴിയുമ്പോൾ നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കും. സഞ്ചിത സ്ഥിരനിക്ഷേപങ്ങളെന്നും അസഞ്ചിത (നോൺ- ക്യുമുലേറ്റീവ്) സ്ഥിരനിക്ഷേപങ്ങളെന്നും ഇത് രണ്ട് തരത്തിലുണ്ട്.
സഞ്ചിത സ്ഥിരനിക്ഷേപത്തിൽ പലിശ നിക്ഷേപത്തോടൊപ്പം ചേർത്ത് പുനർനിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ നിക്ഷേപിക്കുന്ന പലിശയ്ക്ക് വീണ്ടും പലിശ ലഭിക്കുകയും ചെയ്യുന്നു. സമ്പത്തുവർധന ലക്ഷ്യമിടുന്നവർക്ക് പറ്റിയതാണ് ഈ നിക്ഷേപമാർഗം. കൂടുതൽ കാലത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ തുക കൂടുതൽ വർധിക്കും.
അസഞ്ചിത സ്ഥിരനിക്ഷേപത്തിൽ, മാസം, ത്രൈമാസം, അർധവാർഷികം, വാർഷികം തുടങ്ങിയ നിശ്ചിത കാലയളവുകളിൽ പലിശ ലഭ്യമാകും. സ്ഥിരവരുമാനം ലക്ഷ്യമിടുന്നവർക്ക് ഇതാണ് നല്ലത്. സ്ഥിരനിക്ഷേപങ്ങൾ ഒരാളുടെ പേരിലോ, ഒന്നിലധികം ആൾക്കാരുടെ പേരിൽ ഒന്നിച്ചോ തുടങ്ങാവുന്നതാണ്. ഇതിന് നാമനിർദേശ സൗകര്യവും ലഭ്യമാണ്.
ഇൻഷുറൻസും ഉറപ്പുള്ള പലിശയും
ഈ പദ്ധതി മുന്നോട്ടുവയ്ക്കുന്ന സുരക്ഷിതത്വവും മൂലധനസംരക്ഷണവുംതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ബാങ്കുകൾ ഒരുവ്യക്തിയുടെ അഞ്ചുലക്ഷംവരെയുള്ള നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്.
മറ്റൊരു സവിശേഷത, ഇവ തരുന്ന ഉറപ്പുള്ള പലിശയാണ്. സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക്, അവ നിക്ഷേപിക്കുന്ന സമയത്തുതന്നെ നിശ്ചയിക്കപ്പെടുന്നു. പിന്നീട് ഉണ്ടാകുന്ന ചലനങ്ങൾ കാലാവധി തീരുംവരെ ഇവയെ ബാധിക്കുന്നില്ല. അതിനാൽ നിക്ഷേപകർക്ക് അവരുടെ വരുമാനം മുൻകൂട്ടി നിശ്ചയിക്കാനുള്ള അവസരം ലഭ്യമാകുന്നു.
സ്ഥിരനിക്ഷേപങ്ങൾ ഈടായി സ്വീകരിച്ച് പല ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപത്തുകയുടെ 90 ശതമാനംവരെ വായ്പയും നൽകുന്നുണ്ട്. ചെറുകാലയളവിലേക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ ഇത് ഉപകാരപ്രദമാകും.
ശ്രദ്ധിക്കണം പണപ്പെരുപ്പം
സ്ഥിരനിക്ഷേപങ്ങൾക്ക് ഈ പ്രത്യേകതകളൊക്കെ പറയുമ്പോഴും ആദ്യം ചോദിച്ച ഇക്കാലത്തും ഇതാണോ മികച്ചമാർഗം എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. ഉയർന്ന പണപ്പെരുപ്പമാണ് അതിന് പ്രധാന കാരണം. പണപ്പെരുപ്പത്തെ സ്ഥിരനിക്ഷേപങ്ങളുടെ ശത്രുവെന്നാണ് സാമ്പത്തിക വിദഗ്ധർ വിശേഷിപ്പിക്കുന്നത്.
സുരക്ഷിതത്വം ഉറപ്പുവരുത്തുന്നുണ്ടെങ്കിലും സ്ഥിരനിക്ഷേപം പണപ്പെരുപ്പത്തെ കവച്ചുവയ്ക്കുന്ന ആദായം നൽകുന്നില്ല എന്നതാണ് ഇതിന് കാരണം. അതിനാൽ സുരക്ഷിതമായ ഒരു നിക്ഷേപമാർഗമാണെങ്കിലും നിങ്ങളുടെ സ്വത്ത് അഭിവൃദ്ധിപ്പെടുത്താൻ ഉപകരിക്കുന്നില്ല എന്നൊരു ന്യൂനത സ്ഥിരനിക്ഷേപങ്ങൾക്ക് ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്.
ഇപ്പോൾത്തന്നെ 10 ശതമാനത്തോളമായിരുന്ന സ്ഥിരനിക്ഷേപ പലിശനിരക്ക് ആറ് ശതമാനത്തോളമായി കുറഞ്ഞിരിക്കുന്നു. അതായത് പണപ്പെരുപ്പനിരക്കിന് സമാനമായ പലിശനിരക്ക് മാത്രമാണുള്ളത്. അതിൽനിന്ന് ആദായനികുതികൂടി കുറച്ചുകഴിയുമ്പോൾ പിന്നെ കാര്യമായ നേട്ടമില്ലെന്ന് വരുന്നു.
സ്ഥിരനിക്ഷേപത്തിൽ പണം വളരുന്നുണ്ടെങ്കിലും അതിന്റെ വാങ്ങൽശേഷി അഥവാ വസ്തുക്കൾ വാങ്ങാനുള്ള മൂല്യം ഗണ്യമായി കുറയുന്നത് കാണാം. പലിശനിരക്ക് വരുംവർഷങ്ങളിൽ ഇനിയും കുറയാനും സാധ്യതയുണ്ട്. ഇക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ സമ്പത്ത് വർധിപ്പിക്കുകയാണ് ലക്ഷ്യമെങ്കിൽ മറ്റ് നിക്ഷേപമാർഗങ്ങൾകൂടി സ്വീകരിക്കുന്നതാണ് നല്ലത്.
സ്ഥിരനിക്ഷേപവും നികുതിയും
സ്ഥിരനിക്ഷേപത്തിൽനിന്നുള്ള പലിശ, ആദായനികുതി നിയമപ്രകാരം മറ്റ് സ്രോതസ്സുകളിൽനിന്നുള്ള വരുമാനങ്ങൾ എന്ന വിഭാഗത്തിൽ നികുതിവിധേയമാണ്. എന്നാൽ, അഞ്ചുവർഷം പൂർത്തിയാകുന്നതിനുമുമ്പ് പിൻവലിക്കാൻ സാധിക്കാത്ത സ്ഥിരനിക്ഷേപമാണെങ്കിൽ പഴയ സമ്പ്രദായപ്രകാരം നികുതി കണക്കുകൾ സമർപ്പിക്കുന്നവർക്ക് വകുപ്പ് 80 സി പ്രകാരം ഇളവുകൾ ലഭിക്കും. സ്ഥിരനിക്ഷേപങ്ങളിൽനിന്ന് ലഭിക്കുന്ന പലിശ സ്രോതസ്സിൽനിന്നുള്ള നികുതിപിരിക്കലിനും (ടിഡിഎസ്) വിധേയമായിരിക്കും.
വേണം സമതുലിത നിക്ഷേപപദ്ധതി
ഇതിനർഥം സ്ഥിരനിക്ഷേപം ഒരു "മോശം" നിക്ഷേപമാണെന്നല്ല. സമ്പത്ത് സൃഷ്ടിക്കാനുള്ള ഏറ്റവും മികച്ച ഉപാധിയായി ഇതിനെ ഇപ്പോൾ കണക്കാക്കാനാവില്ല എന്നാണ്. ഒരുപാടുപേർ ഈ മാർഗം സ്വീകരിച്ചിട്ടുണ്ട് എന്നതുകൊണ്ട് നിങ്ങളും സ്വീകരിക്കുന്നത് ബുദ്ധിയല്ല. മറ്റൊരാളുടെ നിക്ഷേപരീതികൾ കണ്ണടച്ച് പിന്തുടരാതിരിക്കുക.
ഓരോരുത്തരും അവരുടെ വ്യക്തിപരമായ സാമ്പത്തിക ആവശ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും റിസ്ക് എടുക്കാനുള്ള ശേഷിക്കും അനുസൃതമായി നിക്ഷേപമാർഗങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ദീർഘകാല സമ്പത്ത് സൃഷ്ടിക്കാനാഗ്രഹിക്കുന്നവർ ഇക്വിറ്റി- അടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങൾകൂടി സ്വീകരിക്കുന്നതാണ് നല്ലത്. ഇന്ന് മ്യൂച്വൽ ഫണ്ടുകൾ, ഇടിഎഫുകൾ ബോണ്ടുകൾ തുടങ്ങിയ കൂടിയ വരുമാനം തരുന്ന നിക്ഷേപ ഉൽപ്പന്നങ്ങൾ ഓൺലൈനായും ലഭ്യമാകും.
ഇവ കൂടിച്ചേർത്ത് പണപ്പെരുപ്പത്തെ ചെറുക്കാനാകുന്ന ഒരു സമതുലിത നിക്ഷേപപദ്ധതി രൂപപ്പെടുത്തേണ്ടതാണ്. അതിൽ സ്ഥിരനിക്ഷേപങ്ങളെ സുരക്ഷാനങ്കൂരങ്ങളായി ഉപയോഗിക്കാം.
( അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. ജാക്ക്സ് ആൻഡ് അസോസിയറ്റ് ചാർട്ടേർഡ് അക്കൗണ്ട്സ് പാർട്ണറും ആലപ്പുഴ ശാഖാ മേധാവിയുമാണ് ലേഖകൻ)









0 comments