ad
Deshabhimani

സര്‍ക്കാരിനൊപ്പം സംരംഭകരാകാം; തുടങ്ങാം അക്ഷയകേന്ദ്രം

akshaya center
വെബ് ഡെസ്ക്

Published on Feb 24, 2026, 12:30 AM | 2 min read

സംസ്ഥാന സർക്കാർ പൊതുജനങ്ങൾക്ക് സർക്കാരിനൊപ്പം സംരംഭകരാകാൻ വീണ്ടും അവസരമൊരുക്കുന്നു. 18നും 50നുമിടയ്ക്ക് പ്രായമുള്ളവർക്ക് ഇപ്പോൾ സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതിയുടെ ഭാഗമാകാം. 14 ജില്ലകളിലെ 1037 അംഗീകൃത ലൊക്കേഷനിലേക്കാണ് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തിൽ 880 സ്ഥലങ്ങളിലേക്കും പട്ടികജാതി വിഭാഗത്തിൽ 103, പട്ടികവർഗ വിഭാഗത്തിലേക്ക് 54 സ്ഥലങ്ങളിലേക്കും അപേക്ഷിക്കാം. എല്ലാ വിഭാഗക്കാർക്കും പ്രായപരിധി ബാധകമായിരിക്കും.


​സംസ്ഥാന ഐടി 
മിഷൻ പദ്ധതി


സർക്കാരിന്റെ ഇ- ഗവേണൻസ്‌ സേവനങ്ങൾ പൊതുജനങ്ങൾക്ക്‌ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്‌ സംസ്ഥാന വിവരസാങ്കേതിക വകുപ്പിന്‌ കീഴിലുള്ള ഐടി മിഷനിലൂടെയാണ് സർക്കാർ അക്ഷയപദ്ധതി നടപ്പാക്കുന്നത്. കെ സ്മാർട്ട്, ഇ ഡിസ്ട്രിക്ട്, ഭക്ഷ്യസുരക്ഷ, സ്ത്രീസുരക്ഷ, ആധാർ, ക്ഷേമപെൻഷൻ മസ്റ്ററിങ്, വിവിധ പ്രവേശന പരീക്ഷകളുടെ അപേക്ഷ സമർപ്പിക്കൽ, കണക്ട്‌ ടു ഹോം, ഡിജിറ്റൽ വർക്ക്‌ ഫോർ മാനേജ്മെന്റ് സിസ്റ്റം, ഡിജിറ്റൽ സർവേ ആൻഡ് ലാൻഡ്‌ റെക്കോർഡ്‌സ്‌ തുടങ്ങിയ ഓൺലൈൻ സേവനങ്ങളാണ് അക്ഷയകേന്ദ്രംവഴി നൽകുന്നത്.


​അടിസ്ഥാനയോഗ്യത


പ്ലസ്ടു/ പ്രീഡിഗ്രിയാണ് അക്ഷയ കേന്ദ്രങ്ങൾക്ക് അപേക്ഷിക്കാൻ ആവശ്യമായ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അധികയോഗ്യതയുള്ളവർക്കും സ്ത്രീകൾക്കും പട്ടികജാതി-, പട്ടികവർഗ വിഭാഗങ്ങൾക്കും കെട്ടിടത്തിന്റെ താഴെനിലയിൽ 300 ചതുരശ്രയടിയിൽ കുറയാത്ത സ്വന്തം / വാടകമുറി സൗകര്യമുള്ളവർക്കും മുൻഗണന (അധികമാർക്ക്) ലഭിക്കും.


​തെരഞ്ഞെടുപ്പിന് 
മൂന്നുഘട്ടങ്ങൾ


ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ, ഒഎംആർ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്നു തലത്തിലുള്ള പ്രക്രിയയിലൂടെയാണ്‌ സംരംഭകരെ തെരഞ്ഞെടുക്കുന്നത്. അപേക്ഷയുടെ സ്ക്രീനിങ്ങിൽ കുറഞ്ഞത് ഒമ്പത് മാർക്ക് നേടുന്നവർക്ക് ഒഎംആർ പരീക്ഷയ്ക്ക് യോഗ്യത ലഭിക്കും. അതിൽ 50 ശതമാനം മാർക്ക്‌ നേടിയാൽ അഭിമുഖഘട്ടത്തിലേക്ക് കടക്കാം. മൂന്നിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.


​സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ


അപേക്ഷ സമർപ്പിക്കുമ്പോൾ സർട്ടിഫിക്കറ്റുകളുടെ സ്കാൻചെയ്ത കോപ്പി അപ്‌ലോഡ്‌ ചെയ്യണം. ഈ രേഖകളുടെ അസ്സൽ വെരിഫിക്കേഷൻ സമയത്ത്‌ ഹാജരാക്കുകയും വേണം. കെട്ടിടത്തിന്റെ ഉടമസ്ഥത/ വാടകക്കരാർ വ്യക്തമാക്കുന്നതിന് കെ–സ്മാർട്ട് പോർട്ടലിൽനിന്ന് ലഭിക്കുന്ന ബിൽഡിങ് സർട്ടിഫിക്കറ്റ്‌, ഓണർഷിപ്‌ സർട്ടിഫിക്കറ്റ്‌, വാടകക്കരാർ എന്നിവ സമർപ്പിക്കണം.

അപേക്ഷകർക്കുള്ള എല്ലാ നിർദേശങ്ങളും അറിയിപ്പുകളും അപേക്ഷയിൽ സമർപ്പിച്ചിരിക്കുന്ന മൊബൈൽനമ്പർ, ഇ–മെയിൽ വിലാസം എന്നിവയിലൂടെ മാത്രമായിരിക്കും. അതിനാൽ ഫോൺനമ്പറും ഇ–മെയിൽ വിലാസവും കൃത്യമായി രേഖപ്പെടുത്തണം.


​ഓൺലൈനായി 
അപേക്ഷിക്കാം


സംസ്ഥാന സർക്കാരിന്റെ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ https://lbsedp. lbscentre.in/akshaya26/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

ഒരാൾക്ക് അപേക്ഷയിൽ പരമാവധി മൂന്ന്‌ ലൊക്കേഷൻ തെരഞ്ഞെടുക്കാവുന്നതാണ്‌. എന്നാൽ, ആദ്യ ലൊക്കേഷനായിരിക്കും മുൻഗണന ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് ഏഴ്.


​സംശയങ്ങൾക്ക് 
ഹെൽപ്- ലൈൻ


കൂടുതൽ വിവരങ്ങൾ അക്ഷയ ജില്ലാ പ്രോജക്ട്‌ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അക്ഷയ പദ്ധതിയുടെ https://akshaya.kerala.gov.in/ എന്ന വെബ്‌ സൈറ്റിലും ലഭ്യമാകും. സംശയങ്ങൾക്ക് എൽബിഎസിന്റെ ‌0471 256031, 312, (വാട്സ്ആപ്പ് 9400923669 ) എന്നീ ഹെൽപ് -ലൈൻ നമ്പറുകളിലും [email protected] എന്ന ഇ–മെയിലിലും ബന്ധപ്പെടാവുന്നതാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home