പുലരുമോ സമാധാനം ? ലോകം പ്രതീക്ഷയിൽ
പുടിനും ട്രംപും ചൈനയിൽ, ത്രികക്ഷി ചര്‍ച്ച വ്യാഴാഴ്ച; കിം ജോങ് ഉനും എത്തുന്നു

ഷെൻഷെൻ:ആഗോള രാഷ്ട്രീയത്തിൽ നിര്‍ണായകമായേക്കാവുന്ന ത്രികക്ഷി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ എന്നിവർ ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി ചേര്‍ന്നുള്ള ചരിത്രപരമായ ത്രികക്ഷി ചര്‍ച്ചയ്ക്ക് വ്യാഴാഴ്ച ഷെൻഷെൻ നഗരം സാക്ഷിയാവും. ഇതിന് മുന്നോടിയായി ബുധനാഴ്ച ഷി ജിൻപിങ്ങും വ്ലാദിമിര്‍ പുടിനും തമ്മിൽ കണ്ടു.
ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയുടെ തുടര്‍ച്ചയായാണ് മൂന്ന് നേതാക്കളും തമ്മിലുള്ള പരസ്പര ചര്‍ച്ചയ്ക്ക് വേദി ഒരുങ്ങുന്നത്. ഈ വര്‍ഷം അഞ്ചാം തവണയാണ് ഷിയും പുടിനും കൂടിക്കാഴ്ച നടത്തുന്നത്. ഇതിനിടെ ട്രംപും കൂടി എത്തുന്നതോടെ ലോകം സമാധാന പ്രതീക്ഷയിലാണ്. റഷ്യ ഉക്രെയ്ൻ യുദ്ധവും ഇറാനെതിരായ അമേരിക്ക ഇസ്രയേൽ ആക്രമണങ്ങളും ചര്‍ച്ചകളിൽ ഇടം പിടിക്കുമെന്ന കരുതലാണ്. ഉക്രയ്ൻ യുദ്ധം വിഷയമാവില്ല എന്ന നിലപാടിലായിരുന്നു യു എസ്. എന്നാൽ പിന്നീട് ട്രംപ് ഇത് തിരുത്തി. ഇക്കാര്യവും തൃകക്ഷി ചര്‍ച്ചയുടെ വിഷയമാവും എന്ന് പ്രസ്താവിച്ചു. അതേസമയം, യുക്രെയ്ൻ വിഷയം ചൈനയുടെ പ്രശ്നമല്ലെന്ന നിലപാടാണ് ഷി ജിൻപിങ് മുന്നോട്ട് വെച്ചത്.
സമാധാന പ്രതീക്ഷ
ഉച്ചകോടിക്കിടെ നടക്കുന്ന ഈ കൂടിക്കാഴ്ചയിൽ ആഗോള സമാധാനം, വൻശക്തി രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ സ്ഥിരത എന്നിവ ചർച്ച ചെയ്യുമെന്ന് ചൈന അറിയിച്ചു. ഫെബ്രുവരിയിൽ യുഎസ്-റഷ്യ ആണവായുധ കരാർ അവസാനിച്ച സാഹചര്യത്തിൽ ആണവ നിരായുധീകരണവും, ഇറാൻ യുദ്ധവും ഉച്ചകോടിയിൽ ചർച്ചയാകുമെന്ന് യു എസ് വ്യക്തമാക്കി.
ഫിലിപ്പീൻസിൽ നിന്നാണ് ട്രംപ് ചൈനയിൽ എത്തുന്നത്. ഇതിനിടെ ഷെൻഷെനിൽ വെച്ച് പുടിനുമായും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായും ഒറ്റയ്ക്ക് ചർച്ചകൾ നടത്താൻ ആഗ്രഹിക്കുന്നതായി ട്രംപ് അറിയിച്ചിരുന്നു. പുടിനുമായി ആദ്യ വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. കിം ജോങ് ഉനും ചര്‍ച്ചകളുടെ ഭാഗമാവും എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട് ചെയ്യുന്നത്.
ഫിലിപ്പീൻസിൽ ആസിയാൻ, ക്വാഡ് ഉച്ചകോടികളിൽ പങ്കെടുക്കാനെത്തിയ ട്രംപിനെതിരെ മനിലയിൽ പ്രതിഷേധങ്ങള്‍ അരങ്ങേറി. കിമ്മുമായുള്ള കൂടിക്കാഴ്ചയുടെ കാര്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ അപൂര്‍വ ധാതുക്കളുടെ ഉത്പാദനത്തിൽ അമേരിക്ക പത്ത് മാസത്തിനകം ചൈനയ്ക്ക് ഒപ്പമെത്തുമെന്ന് ട്രംപ് അവകാശപ്പെട്ടു. ഇതിനിടെ, സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്ക് അത്യാധുനിക എഐ ചിപ്പുകൾ കയറ്റുമതി ചെയ്യുന്നതിന് പ്രത്യേക ലൈസൻസ് നിർബന്ധമാക്കിക്കൊണ്ട് അമേരിക്ക പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കയും ചെയ്തു.
പുതിയ ആശങ്കകള്‍
കാനഡയും യൂറോപ്യൻ നാറ്റോ സഖ്യകക്ഷികളുമായുള്ള അമേരിക്കയുടെ ബന്ധത്തിൽ വിള്ളലുകൾ വീണിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിനിടയിലാണ് ട്രംപ് അമേരിക്കയുടെ പ്രധാന എതിരാളികളായ ചൈനീസ്, റഷ്യൻ നേതാക്കളുമായി വേദി പങ്കിടുന്നത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചൊവ്വാഴ്ച ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും പരസ്പരമുള്ള ഇറക്കുമതി തീരുവകൾ കുറയ്ക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെ ചൈനീസ് ചാരവൃത്തി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനത്തുനിന്ന് നീക്കിയതും, എഐ ചിപ്പുകൾ ചൈനയ്ക്ക് ലഭ്യമാകുന്നതും ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിൽ വലിയ ചർച്ചാവിഷയമാണ്. തായ്‌വാൻ വിഷയം താൻ ഉന്നയിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഷി ജിൻപിങ് ഈ വിഷയം ചർച്ചയ്ക്ക് കൊണ്ടുവരുമെന്നാണ് ഇതര നേതാക്കള്‍ കരുതുന്നത്.
ഇറാൻ യുദ്ധത്തിൽ വിടുതൽ ഉണ്ടാകുമോ
ത്രികക്ഷി ഉച്ചകോടി ഇറാനെതിരായ ആക്രമണങ്ങളിലും പശ്ചിമേഷ്യൻ സംഘര്‍ഷങ്ങളിലും അയവ് വരുത്തുമോ എന്ന കാത്തിരിപ്പിലാണ് ലോകം. വിലക്കയറ്റവും യുദ്ധ പ്രത്യാഘാതങ്ങളുമായി വലഞ്ഞിരിക്കയാണ് മിക്ക രാജ്യങ്ങളും. ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടു. ഇതോടെ ഇന്ധനവില ഉയർന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെയും അമേരിക്കൻ വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. അമേരിക്കൻ കോൺഗ്രസിലും യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഇത് യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
ഉപരോധങ്ങൾ നീക്കുന്നത്, മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകുന്നത്, ആണവ നിയന്ത്രണങ്ങൾ, ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നത് എന്നിവ ഉൾപ്പെടുന്ന ഏഴിന നിർദ്ദേശത്തിന്മേൽ പ്രാദേശിക മധ്യസ്ഥർ ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ ഒരിട്ടതും എത്താത്ത സാഹചര്യമാണ്. ആര് ആദ്യം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും എന്നതിലാണ് തർക്കം നിലനിൽക്കുന്നത്.
ഷെൻഷെൻ ഉച്ചകോടിയിലൂടെ ചൈനയുടെയും റഷ്യയുടെയും ഇടപെടൽ ഉണ്ടായാൽ ഉപരോധങ്ങളിലും സൈനിക നീക്കങ്ങളിലും ഒരു താൽക്കാലിക അയവ് എങ്കിലും ഉണ്ടായി വന്നേക്കാം. ഇരുപക്ഷവും കടുത്ത നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ ഉടനടി ഒരു ശാശ്വത സമാധാന കരാർ പ്രതീക്ഷകളിൽ ഇല്ല.








0 comments