Deshabhimani

അഖിലേന്ത്യാ കിസാൻസഭ: അശോക് ധാവ്ളെ പ്രസിഡന്റ്, വിജൂ കൃഷ്‌ണൻ ജനറൽ സെക്രട്ടറി

kisan sabha.jpg

അഖിലേന്ത്യാ കിസാൻസഭ ട്രഷറർ പുഷ്പേന്ദർ ത്യാഗി, പ്രസിഡൻ്റ് അശോക് ധാവ്ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ

ഫോട്ടോ: P V Sujith
വെബ് ഡെസ്ക്

Published on Nov 18, 2026, 02:18 PM | 2 min read

മല്ല റെഡ്ഡി നഗർ (നൽഗൊണ്ട): അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റായി ഡോ. അശോക് ധാവ്ളെയെ വീണ്ടും തെരഞ്ഞെടുത്തു. മലയാളിയായ ഡോ. വിജൂ കൃഷ്ണനാണ് ജനറൽ സെക്രട്ടറി. ഖജാൻജി പുഷ്പേന്ദർ ത്യാഗിയാണ് ട്രഷറർ. കേരളത്തിൽ നിന്നുള്ള ഇ പി ജയരാജൻ, എം വിജയകുമാർ, എസ് കെ പ്രീജ എന്നിവരെ വൈസ് പ്രസിഡന്റുമാരായും കൃഷ്ണ പ്രസാദ്, കെ എൻ ബാല​ഗോപാൽ, വത്സൻ പാനോളി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ഓമല്ലൂർ ശങ്കരൻ, എം സ്വരാജ്, എം പ്രകാശൻ, കെ കെ രാ​ഗേഷ്, ഗോപി കോട്ടമുറിക്കൽ എന്നിവരെ സെൻട്രൽ കമ്മിറ്റി അം​ഗങ്ങളായും തെരഞ്ഞെടുത്തു.



Ashok Dhawale.jpg

അശോക് ധാവ്ളെ


ഇന്ത്യയിലെ കർഷകപ്രക്ഷോഭങ്ങളിൽ മൂന്ന് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുന്ന പോരാളിയാണ് അഖിലേന്ത്യാ കിസാൻസഭാ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അശോക് ധാവ്ളെ. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമാണ്.


1978ൽ എസ്എഫ്‌ഐയിലൂടെയാണ് അശോക് ധാവ്ളെ പൊതുരംഗത്തേക്ക് കടന്നുവന്നത്. മഹാരാഷ്ട്ര സ്വദേശിയും എംബിബിഎസ് ബിരുദധാരിയുമാണ്. 1980 മുതൽ 89 വരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു 1989 മുതൽ 95വരെ ഡിവൈഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു.


1993ലാണ് അഖിലേന്ത്യാ കിസാൻ സഭയുടെ ഭാഗമായി പ്രവർത്തനം തുടങ്ങിയത്. 2001 മുതൽ 2009 വരെ കിസാൻസഭ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായി. 2017ൽ ഹരിയാനയിൽ നടന്ന 34-ാം അഖിലേന്ത്യാ സമ്മേളനത്തിൽ പ്രസിഡന്റായി. 1998 മുതൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗമാണ്. 2005 മുതൽ 2015 വരെ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായി കണ്ണൂരിൽ നടന്ന 23-ാം പാർടി കോൺഗ്രസിലാണ് പൊളിറ്റ് ബ്യൂറോ അംഗമായത്. ജനാധിപത്യ മഹിളാഅസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മറിയം ധാവ്ളെയാണ് ഭാര്യ.


vijoo Krishnan.jpg

വിജൂ കൃഷ്ണൻ


കിസാൻസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ്, കർഷകരെ അവകാശസമരത്തിൽ അണിനിരത്തിയ നേതൃപാടവവുമാണ് വിജൂ കൃഷ്ണൻ വീണ്ടും ജനറൽ സെക്രട്ടറിയായി ചുമ തലയേൽക്കുന്നത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമാണ്.


1995ൽ ജെഎൻയുവിൽ എസ്എഫ്ഐ പ്രവർത്തകനായാണ് പൊതുരംഗത്തെത്തിയത്. 2004ൽ എസ്എഫ്ഐ ഡൽഹി സംസ്ഥാന സെക്രട്ടറിയും കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായി കാർഷിക സമ്പദ് വ്യവസ്ഥ വിഷയത്തിൽ ഡോക്ടറേറ്റ് നേടിയശേഷം ബംഗളൂരു സെന്റ് ജോസഫ് കോളേജ് പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തര ബിരുദ വിഭാഗം മേധാവിയായി. 2008 ൽ അധ്യാപനം അവസാനിപ്പിച്ച് ഇന്ത്യൻ കർഷകരുടെ പ്രശ്ന‌ങ്ങൾ ഏറ്റെടുത്ത് പൊതുരംഗത്ത് സജീവമായി.


2009 മുതൽ കിസാൻസഭ മുഴുവൻസമയ പ്രവർത്തക നായി വിവിധ സംസ്ഥാനങ്ങളിലെ കർഷകരെ സംഘടിപ്പിച്ച് സമരങ്ങളുടെ മുൻനിരയിലെത്തി. 2018ൽ മഹാരാഷ് ട്രയിൽ നടന്ന കിസാൻ ലോങ് മാർച്ച് മുതൽ ഡൽഹി കർഷക പ്രക്ഷോഭം വരെയുള്ള സമരങ്ങളിൽ മുഖ്യനേതൃത്വം വഹിച്ചു. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയനിൽ അഫിലിയറ്റ് ചെയ്ത ട്രേഡ് യൂണിയൻ ഇന്റർനാഷണൽ ഇൻ അഗ്രികൾച്ചറിൻ്റെ സെക്രട്ടറിയറ്റ് അംഗമാണ്. കണ്ണൂർ കരിവെള്ളൂരിലെ ഡോ. പി കൃഷ്ണൻ്റെയും വൈക്കത്ത് ശ്യാമളയുടെയും മകനാണ്. ഗവേഷകയായ സമതയാണ് ഭാര്യ. മകൾ: റിയ




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home