അട്ടപ്പാടിയിൽ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: പിണറായി വിജയൻ

അട്ടപ്പാടി: അട്ടപ്പാടിയിൽ നിന്ന് കദനകഥകളാണ് കേൾക്കുന്നതെന്നും ഇനിയൊരു കുഞ്ഞുങ്ങൾക്കും ഈ ഗതിയുണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അട്ടപ്പാടിയിൽ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രശ്നത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അട്ടപ്പാടിയിൽ ജീവൻ നഷ്ടമായ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരുമായി സംസാരിച്ചു. പലർക്കും വാക്കുകൾ പൂർത്തിയാകാനാകുന്നില്ല. അമ്മമാർക്കുണ്ടാകുന്ന ഗുരുതരമായ വിളർച്ച, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞുങ്ങളിലെ അംഗവൈകല്യങ്ങൾ ഇതൊക്കെ ആശങ്കാജനകമായി വർധിക്കുകയാണ്. അട്ടപ്പാടിയിലുള്ള മുഴുവൻ ഗർഭിണിമാരുടെയും ഉത്തരവാദിത്തമുള്ള അഗളി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം അവതാളത്തിലാണ്. നേരത്തേ എല്ലാ ഊരുകളിലും എൻ എച്ച് എം ന്റെ മൊബൈൽ യൂണിറ്റുകൾ എത്തിയിരുന്നു. ഇപ്പോൾ അങ്ങനെ എത്തുന്നില്ല.
അമ്മമാർ നേരിടുന്ന സിക്കിൾസെൽ അനീമിയ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് നല്ല ചികിത്സനൽകാൻ മതിയായ ആരോഗ്യ ഉദ്യോഗസ്ഥർ ഇവിടെയുണ്ടായിരുന്നു. അവരെ കൂട്ടത്തോടെ സ്ഥലംമാറ്റി. അട്ടപ്പാടിയിൽ മാസം തികയാതെയുള്ള പ്രസവം വർധിക്കുന്നു. കുഞ്ഞുങ്ങളുടെ അംഗവൈകല്യവും വർധിക്കുന്നു.അട്ടപ്പാടിയിലെ മുഴുവൻ ഗർഭിണികളുടെയും ഉത്തരവാദിത്വം അഗളി ഹെൽത്ത് സെന്ററിന് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








0 comments