Deshabhimani

'ജാതീയ നിലപാടുകളും വ്യക്തിഹത്യയും അം​ഗീകരിക്കാനാവില്ല'; മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടിയാവശ്യപ്പെട്ട് സിപിഐ എം

su venkatesh judge
വെബ് ഡെസ്ക്

Published on Nov 18, 2026, 01:02 PM | 2 min read

ചെന്നൈ: സു വെങ്കടേശന്‍ എംപിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയ മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആർ സ്വാമിനാഥനെതിരെ കർശന നടപടി ആവശ്യപ്പെട്ട് സിപിഐ എം. ഭരണഘടനാപദവിയിലിരുന്ന് ജുഡീഷ്യൽ മര്യാദകൾ ലംഘിക്കുന്നതും, സ്വന്തം പ്രത്യയശാസ്ത്രപരവും ജാതീയവുമായ നിലപാടുകൾ പ്രചരിപ്പിക്കുന്നതും അംഗീകരിക്കാനാകില്ലെന്ന് സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം വ്യക്തമാക്കി. ജഡ്ജിക്കെതിരെ നടപടിയാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.


തമിഴ്നാട്ടിലെ പൊതുഗ്രന്ഥശാലകളിലേക്ക് പുസ്തകങ്ങൾ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ നടത്തിയ പരാമർശങ്ങളെ സു വെങ്കടേശൻ വിമർശിച്ചിരുന്നു. അഴിമതി നടത്തിയവരെ ശിക്ഷിക്കാതെ പരിഹാരം നിർദേശിച്ച ജഡ്ജിക്കെതിരെ വെങ്കടേഷൻ രം​ഗത്തെത്തുകയായിരുന്നു. പരിഹാരമായി കാഞ്ചി മഹാപെരിയവയെക്കുറിച്ചുള്ള പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ജഡ്ജിയുടെ നിർദേശം. അഴിമതി നടത്തിയവരെ നിയമപ്രകാരം ശിക്ഷിക്കുകയാണ് വേണ്ടതെന്നും പ്രായശ്ചിത്തം നിർദേശിക്കുന്നത് ജ്യോത്സ്യന്മാരുടെ ജോലിയാണെന്നും വെങ്കടേഷ് പ്രതികരിച്ചു.


ഇതിൽ പ്രകോപിതനായ ജ‍ഡ്ജ് വെങ്കടേശനെ വ്യക്തിഹത്യ നടത്തുകയായിരുന്നു. വെങ്കടേശൻ മെഴ്‌സിഡസ് ബെൻസ് കാറിൽ സഞ്ചരിക്കുന്നുവെന്നും വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നുവെന്നുമായിരുന്നു സ്വാമിനാഥന്റെ പരാമർശം. താൻ സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുമ്പോൾ കമ്യൂണിസ്റ്റ് രാഷ്ട്രീയം പറയുന്ന വെങ്കടേശൻ ഫസ്റ്റ് എസിയിലാണ് സഞ്ചരിക്കുന്നതെന്നും ജഡ്ജി ആക്ഷേപിച്ചു.


എന്നാൽ, ജഡ്ജിയുടെ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾക്ക് സു വെങ്കടേശൻ കൃത്യമായ മറുപടി നൽകി. ഇന്നുവരെ തനിക്ക് സ്വന്തമായി ഒരു കാർ പോലുമില്ലെന്നും മറ്റൊരാളുടെ വാഹനത്തിൽ യാത്ര ചെയ്തതിനെ ആഡംബരജീവിതമായി ചിത്രീകരിക്കുന്നത് വിലകുറഞ്ഞ വ്യക്തിപരമായ ആക്രമണമാണെന്നും അദ്ദേഹം തുറന്നടിച്ചു. പാർലമെന്റ് അംഗങ്ങൾക്ക് ലഭിക്കുന്ന ഔദ്യോഗിക യാത്രാസൗകര്യമാണ് ട്രെയിനിൽ ഉപയോഗിക്കുന്നത്. ഒരാളുടെ വസ്ത്രധാരണത്തേക്കാൾ, അതിനെ ഇത്തരത്തിൽ വിലയിരുത്തുന്നയാളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമാണ് സമൂഹം ശ്രദ്ധിക്കേണ്ടതെന്നും വെങ്കടേശൻ വ്യക്തമാക്കി.


മധുരയിലെ കലൈഞ്ജർ ലൈബ്രറി, കോയമ്പത്തൂരിലെ പെരിയാർ അറിവുലകം എന്നിവിടങ്ങളിലേക്കുള്ള പുസ്തകങ്ങൾ തെരഞ്ഞെടുത്തതിലും വാങ്ങിയതിലുമുള്ള നടപടികളാണ് കോടതി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു.


ജസ്റ്റിസ് സ്വാമിനാഥന്റെ ജാതിപക്ഷപാതപരമായ സമീപനങ്ങളും വിവേചനങ്ങളും നേരത്തെയും വലിയ വിവാദമായിട്ടുണ്ട്. 2025ൽ ജസ്റ്റിസ് സ്വാമിനാഥന്റെ കോടതിയിലെ ജാതിപക്ഷപാതപരമായ സമീപനങ്ങൾ ചൂണ്ടിക്കാട്ടി അഭിഭാഷകൻ എസ് വാഞ്ചിനാഥൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. ബ്രാഹ്മണ അഭിഭാഷകർക്ക് പ്രത്യേക പരിഗണന നൽകുകയും ബ്രാഹ്മണേതര അഭിഭാഷകരോട് വ്യത്യസ്ത സമീപനം സ്വീകരിക്കുകയും ചെയ്യുന്നതായാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. പരാതിക്കാരനായ വാഞ്ചിനാഥനെ പിന്നീട് സ്വാമിനാഥൻ അംഗമായ ബെഞ്ച് വിളിച്ചുവരുത്തിയതിനെതിരെ മുൻ ഹൈക്കോടതി ജഡ്ജിമാരും രംഗത്തെത്തിയിരുന്നു.


തനിക്കെതിരെ പരാതി നൽകിയ വാഞ്ചിനാഥനെ സ്വാമിനാഥൻ ഉൾപ്പെട്ട ബെഞ്ച് തന്നെ കോടതിയിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയത് ജുഡീഷ്യറിക്ക് തന്നെ നാണക്കേടുണ്ടാക്കിയിരുന്നു. ഈ നടപടിക്കെതിരെ മുൻ ഹൈക്കോടതി ജഡ്ജിമാർ അടക്കം രംഗത്തുവരികയും അഭിഭാഷകനെതിരായ കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


ജഡ്ജിയുടെ പൊതുപ്രസംഗങ്ങളിൽ പോലും ജാതീയ കാഴ്ചപ്പാടുകൾ പ്രകടമായിട്ടുണ്ടെന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് പി ഷൺമുഖം പറഞ്ഞു. ജുഡീഷ്യറിയുടെ അന്തസ്സിന് നിരക്കാത്ത ഇത്തരം ഇടപെടലുകൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സിപിഐ എമ്മിന്റെ നിലപാട്. ജഡ്ജിയുടെ പരാമർശങ്ങൾക്കെതിരെ സിപിഐ തമിഴ്നാട് സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home