Deshabhimani

ഗുജറാത്ത് കലാപം: മോദിക്കെതിരായ അന്വേഷണം തടഞ്ഞത് കോൺഗ്രസ് നേതാക്കളെന്ന് വീരപ്പ മൊയ്ലി

veerappa moily
വെബ് ഡെസ്ക്

Published on Nov 18, 2026, 12:47 PM | 2 min read

ബെംഗളൂരു:ഗുജറാത്ത് കലാപക്കേസിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് പുറത്തെത്തിച്ച അന്വേഷണം തടഞ്ഞത് ചില കോൺഗ്രസ് നേതാക്കള്‍ ഇടപെട്ടെന്ന് കര്‍ണാടക മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ വീരപ്പ മൊയ്ലി വെളിപ്പെടുത്തി. യുപിഎ സര്‍ക്കാര്‍ കേന്ദ്ര ഭരണത്തിൽ ഇരുന്ന സമയത്ത് ചില നേതാക്കള്‍ ഇതിനായി രഹസ്യമായി ഇടപെട്ടതായാണ് വെളിപ്പെടുത്തൽ. അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങായിരുന്നില്ല അദ്ദേഹത്തെ മറികടന്ന് ചില മുതിര്‍ന്ന നേതാക്കളാണ് അട്ടിമറിക്ക് കരുനീക്കിയത് എന്നും അദ്ദേഹം പറഞ്ഞു.


കര്‍ണാടക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ സോണിയാ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' പുസ്തകം പ്രകാശനം ചെയ്യവേയാണ് വീരപ്പ മൊയ്ലിയുടെ വാക്കുകള്‍. അന്നത്തെ കേസ് അട്ടിമറിയുടെ ഫലം കോൺഗ്രസ് ഇപ്പോള്‍ അനുഭവിക്കയാണെന്നും തത്കാലം കൂടുതൽ വെളിപ്പെടുത്താൻ ഇല്ലെന്നും പറഞ്ഞു. കേസ് അന്വേഷണം നടന്ന 2010-11 കാലഘട്ടത്തിൽ കേന്ദ്ര നിയമമന്ത്രി കൂടിയായിരുന്നു വീരപ്പ മൊയ്ലി. ബെംഗളൂരുവിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുത്തില്ല.


ആ ക്ലീൻ ചിറ്റിന് പിന്നിൽ കോൺഗ്രസ്


"ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്വേഷണത്തിന് പിന്നാലെ 2010 ൽ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങി എങ്കിലും പിന്നീട് അദ്ദേഹത്തിന് ഗുജറാത്തിന് പുറത്ത് കഴിയേണ്ടി വന്നു. അദ്ദേഹത്തിന്റെ കേസ് ഗുജറാത്തിന് പുറത്താണ് വിചാരണ ചെയ്തത്. ഈ അവസരം മുതലാക്കിയാണ് ആഭ്യന്തര മന്ത്രി സ്ഥാനം വരെ സ്വന്തമാക്കിയത്."


"കലാപ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന അടുത്തയാള്‍ ആകേണ്ടിയിരുന്നത് നരേന്ദ്രമോദിയാണ്. പക്ഷേ, നമ്മുടെ യുപിഎ സര്‍ക്കാര്‍ അന്വേഷണം നിര്‍ത്തി വെച്ചു. മൻമോഹൻ സിങ്ങായിരുന്നില്ല. മറ്റു ചില നേതാക്കളായിരുന്നു പിന്നിൽ. കൂടുതൽ കാര്യം ഞാൻ ഇപ്പോള്‍ പറയുന്നില്ല" എന്നിങ്ങനെയായിരുന്നു വീരപ്പ മൊയ്ലിയുടെ വാക്കുകള്‍.


സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് ഗുജറാത്ത് കലാപം അന്വേഷിക്കാൻ 2009 ൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് തന്നെയും. കലാപത്തിന് പിന്നിലെ ഗൂഢാലോചനയിലെ പങ്ക് സംബന്ധിച്ച് 2010 ൽ അന്വേഷകര്‍ മോദിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ പിന്നീട് അന്വേഷണം വഴി മാറി. മാധ്യമങ്ങള്‍ രഹസ്യ ക്യാമറ ഓപ്പറേഷൻ വഴി സാക്ഷി മൊഴികള്‍ സഹിതം കലാപത്തിലെ വിവിധ നേതാക്കളുടെ പങ്കാളിത്തം പുറത്തെത്തിച്ചു. കലാപത്തിന്റെ ഗൂഢാലോചനയും നേതൃത്വവും ആസൂത്രണവും സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തെത്തി. എന്നാൽ എസ്ഐടി അന്വേഷണം യിപിഎ സര്‍ക്കാരിന് അകത്ത് തന്നെ നേതാക്കള്‍ ഇടപെട്ട് അട്ടമറിച്ചു എന്ന വിവരമാണ് അന്ന് മന്ത്രിസഭയിൽ അംഗമായിരുന്ന വീരപ്പ മൊയ്ലി ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. 2012 ലാണ് കേസിൽ അന്വേഷക സംഘം മോദിക്ക് ക്ലീൻ ചിറ്റ് നൽകിയത്.


2002 ലാണ് ഇന്ത്യ കണ്ട ഏറ്റവും ക്രൂരവും ആസൂത്രിതവുമായ ഗുജറാത്ത് കലാപത്തിന് ലോകം സാക്ഷ്യം വഹിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home