പാങ്ങപ്പാറ കൊലപാതകം; അഭിറാമിനെ കൊല്ലാനുപയോഗിച്ച ബെൽറ്റും മൊബൈൽ ഫോണും കണ്ടെത്തി

പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നോരത്തെ തെറ്റിയാര്‍ തോട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു
തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ബെൽറ്റും അഭിറാമിന്റെ മൊബൈൽ ഫോണുമാണ് കണ്ടെത്തിയത്. രണ്ടാം പ്രതി ഉമറുമായി വീണ്ടും നടത്തിയ തെളിവെടുപ്പിനിടെ, കൊലപാതകം നടന്ന ആളൊഴിഞ്ഞ സ്ഥലത്തിന് സമീപത്തെ കിണറ്റിൽനിന്നാണ് ഇവ കണ്ടെത്തിയത്.
കഴക്കൂട്ടം അസിസ്റ്റന്റ് പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ മുതൽ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘത്തിന്റെ സഹായത്തോടെയാണ് കിണറ്റിൽ തിരച്ചിൽ നടത്തിയത്. ഏറെനാളായി അന്വേഷണസംഘം കണ്ടെത്താൻ ശ്രമിച്ചിരുന്ന തെളിവുകളാണ് ലഭിച്ചത്. കേസിന്റെ തുടർനടപടികളിൽ ഇവ നിർണായകമാകും.
ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് അഭിറാമിനെ കൊലപ്പെടുത്തിയതെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും അഭിറാമിന്റെ മൊബൈൽ ഫോണും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒന്നാം പ്രതിയായ 17കാരനും രണ്ടാം പ്രതി ഉമറും തെളിവുകൾ ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ച് പലതവണ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്.
മൊബൈൽ ഫോൺ സമീപത്തെ തെറ്റിയാർ തോട്ടിൽ എറിഞ്ഞെന്നായിരുന്നു ആദ്യം നൽകിയ മൊഴി. പിന്നീട് കൊലപാതകം നടന്ന സ്ഥലത്തിനടുത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ തോട്ടിലും കുറ്റിക്കാട്ടിലും സ്കൂബ സംഘത്തിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും തെളിവുകൾ കണ്ടെത്താനായിരുന്നില്ല. ഉമറിന്റെ വീട്ടിലും ബെൽറ്റിനായി തിരച്ചിൽ നടത്തിയിരുന്നു.
പാങ്ങപ്പാറ സ്വദേശിയായ അഭിറാമിനെ പെൺസുഹൃത്തിന്റെ പേരിൽ സന്ദേശമയച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. തുടർന്ന് മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിക്കുകയായിരുന്നു. നവംബർ രണ്ടിനാണ് പേരൂർ അങ്കണവാടിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്.








0 comments