Deshabhimani

തിരിച്ചുവരാൻ തയാറെന്ന് ജെൻസൻ ഹുവാങ്, വേണ്ടെന്ന് വിലക്കി എൻവിഡിയ

Jensen Huang
വെബ് ഡെസ്ക്

Published on Nov 18, 2026, 11:48 AM | 1 min read

സാന്റാ ക്ലാര:ചൈനീസ് വനിതയുമായുള്ള രഹസ്യബന്ധത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച രാജിവെച്ച് പുറത്തു പോകേണ്ടി വന്ന ജെൻസൻ ഹുവാങ്ങിനെ കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് എഐ ചിപ് നിര്‍മാണ കമ്പനിയായ എൻവിഡിയ. ബോര്‍ഡ് ആവശ്യപ്പെട്ടാൽ തിരിച്ചുവരാൻ തയാറാണെന്ന് ഹുവാങ് പ്രസ്താവന ഇറക്കി. മണിക്കൂറുകള്‍ക്കുള്ളിലാണ് ചെയർപേഴ്‌സൺ ഹാർവി ജോൺസ് ഇതിനെതിരെ, തിരിച്ചെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രതികരിച്ചത്.


കമ്പനി വിട്ടതിനുശേഷമുള്ള തന്റെ ആദ്യ പരസ്യപ്രതികരണത്തിൽ, വ്യക്തിജീവിതത്തിൽ തനിക്ക് "ഗുരുതരമായ പിഴവുകൾ" സംഭവിച്ചതായി ഹുവാങ് കുറ്റസമ്മതം നടത്തിയിരുന്നു. ഓഹരി ഉടമകളുടെയും ജീവനക്കാരുടെയും രാജ്യത്തിന്റെയും താല്പര്യ പ്രകാരം ബോർഡ് ആവശ്യപ്പെടുകയാണെങ്കിൽ തിരിച്ചുവരാൻ തയ്യാറാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ സന്നദ്ധത മുന്നോട്ട് വെച്ചു.


ടെസ്‌ല, സ്‌പേസ് എക്സ് സിഇഒ ഇലോൺ മസ്‌ക്, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവർ ഹുവാങ്ങിന്റെ തിരിച്ചുവരവിനെ പിന്തുണച്ച് പ്രസ്താവന ഇറക്കിയിരുന്നു. ഹുവാങ് ഒരു വലിയ പാഠം പഠിച്ചുവെന്നും അദ്ദേഹത്തെ തിരിച്ചെടുക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും മനിലയിൽ വെച്ച് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു. എൻവിഡിയ ജീവനക്കാരും നിക്ഷേപകരും ചേർന്ന് ആരംഭിച്ച 'സ്റ്റാൻഡ് വിത്ത് ജെൻസൻ' എന്ന ഓൺലൈൻ പെറ്റീഷനും വലിയ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാൽ ബോര്‍ഡ് ഇവ തള്ളി.


ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ചൈനീസ് വ്യവസായിയുമായും, തനിക്ക് കീഴിൽ ജോലി ചെയ്തിരുന്ന ഒരു മുതിർന്ന എക്സിക്യൂട്ടീവുമായും ഹുവാങ്ങിന് രഹസ്യ ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. യു എസ് കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിച്ച് എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ ചൈനീസ് കമ്പനികൾക്ക് കൈമാറിയെന്ന ആരോപണത്തിൽ കമ്പനി നിലവിൽ അമേരിക്കൻ അന്വേഷണം നേരിടുകയാണ്.


ദേശീയ സുരക്ഷാ ലംഘനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി യു എസ് ജനപ്രതിനിധി സഭയുടെ വിവിധ സമിതികൾക്ക് മുന്നിൽ ഹാജരാകാൻ ജെൻസൻ ഹുവാങ് സമ്മതിച്ചിട്ടുണ്ട്. ഡിസംബർ ഒന്നിന് ഹുവാങ്ങും, ഡിസംബർ രണ്ടിന് കമ്പനിയുടെ ജനറൽ കൗൺസൽ ടിം ടെറ്ററും സമിതിക്ക് മുന്നിൽ മൊഴി നൽകും.


ഇടക്കാല സിഇഒ ആയി ചുമതലയേറ്റ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കൊളെറ്റ് ക്രെസ് ആണ് ഇപ്പോള്‍ കമ്പനിയെ പ്രതിനിധീകരിക്കുന്നത്.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home