Deshabhimani

അതിർത്തികൾക്കപ്പുറമുള്ള സൗഹൃദം; മിസ് യൂണിവേഴ്സ് വേദിയിൽ കൈകോർത്ത് ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും

india bangla pak miss universe
വെബ് ഡെസ്ക്

Published on Nov 18, 2026, 11:54 AM | 2 min read

പ്യൂർട്ടോറിക്കോ: രാജ്യങ്ങൾ തമ്മിൽ അതിർത്തികളുണ്ട്. രാഷ്ട്രീയ ഭിന്നതകളുമുണ്ട്. എന്നാൽ സൗഹൃദത്തിന് അതൊന്നും തടസ്സമല്ലെന്ന് ഓർമിപ്പിക്കുകയാണ് മിസ് യൂണിവേഴ്സ് വേദിയിൽനിന്നുള്ള മൂന്ന് യുവതികളുടെ ചിത്രങ്ങൾ. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സുന്ദരിമാരാണ് മത്സരത്തിനിടയിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ പലപ്പോഴും സംഘർഷഭരിതമാകുമ്പോൾ പരസ്പരസ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായാണ് ഇവർ ശ്രദ്ധനേടുന്നത്.


പ്യൂർട്ടോറിക്കോയിൽ നടക്കുന്ന 75–ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കാസിയ ലിസ് മെജോ, പാകിസ്ഥാന്റെ മിസ്ബ അർഷാദ്, ബംഗ്ലാദേശിന്റെ സമീറ ഖാൻ മഹി എന്നിവരാണ് ചിത്രങ്ങളിലുള്ളത്. സ്വന്തം രാജ്യങ്ങളുടെ പേരെഴുതിയ സാഷുകൾ ധരിച്ച് ഒരുമിച്ചുനിൽക്കുന്ന ചിത്രങ്ങൾ മൂവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.


'രാജ്യങ്ങൾ വ്യത്യസ്തം, പതാകകളും വ്യത്യസ്തം. പക്ഷേ, ഞങ്ങൾക്കിടയിൽ നിറയെ സ്നേഹവും സൗഹൃദവുമുണ്ട്. ആത്മാർഥമായ ബന്ധങ്ങളെ തടയാൻ അതിർത്തികൾക്കാവില്ല. മിസ് യൂണിവേഴ്സ് വേദിയിൽ ഈ മനോഹര നിമിഷങ്ങൾ ഒരുമിച്ച് പങ്കിടാനായതിൽ സന്തോഷം' എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സഹോദരീസ്നേഹത്തെ സൂചിപ്പിക്കുന്ന 'സിസ്റ്റർഹുഡ്' എന്ന ഹാഷ്ടാഗും ഒപ്പമുണ്ടായിരുന്നു.


ഇതിന് പിന്നാലെ മിസ്ബ അർഷാദ് പങ്കുവച്ച പ്രതികരണവും ശ്രദ്ധനേടി. 'എന്റെ സുന്ദരികളായ സഹോദരിമാരായ കാസിയ ലിസ് മെജോയ്ക്കും സമീറ ഖാൻ മഹിക്കുമൊപ്പം' എന്നായിരുന്നു മിസ്ബയുടെ കുറിപ്പ്. മത്സരവേദിയിൽ കിരീടത്തിനായി പരസ്പരം മാറ്റുരയ്ക്കുമ്പോഴും വേദിക്ക് പുറത്ത് വളരുന്ന സൗഹൃദമാണ് ചിത്രങ്ങളിലൂടെ ഇവർ പങ്കുവച്ചത്.



മൂവരുടെയും വസ്ത്രധാരണവും ശ്രദ്ധേയമായി. പാകിസ്ഥാന്റെ പരമ്പരാഗത എംബ്രോയ്ഡറി ഉൾപ്പെടുത്തിയ ആധുനിക വസ്ത്രമാണ് മിസ്ബ ധരിച്ചത്. പാകിസ്ഥാന്റെ കരകൗശല പാരമ്പര്യവും വിവിധ സംസ്കാരങ്ങളുടെ സ്വാധീനവും വസ്ത്രത്തിൽ പ്രതിഫലിപ്പിച്ചതായി മിസ്ബ പറഞ്ഞു. ബർഗണ്ടി നിറത്തിലുള്ള കോ-ഓർഡ് സെറ്റിലാണ് കെസിയ എത്തിയത്. ഇളംനീല പാന്റ് സ്യൂട്ടായിരുന്നു സമീറയുടെ വേഷം.


കേരളത്തിൽനിന്നുള്ള കെസിയ ലിസ് മെജോയാണ് ഇത്തവണ ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. നവംബർ 24ന് പ്യൂർട്ടോറിക്കോയിലെ സാൻ ഹ്വാനിലുള്ള ഹോസെ മിഗ്വൽ അഗ്രെലോട്ട് കൊളീസിയത്തിലാണ് മിസ് യൂണിവേഴ്സ് ഫൈനൽ നടക്കുക. വിവിധ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ അവസാനഘട്ട തയ്യാറെടുപ്പുകളിലാണ്.


ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ചരിത്രപരമായും സാംസ്കാരികമായും ഏറെ ബന്ധങ്ങളുള്ള രാജ്യങ്ങളാണ്. അതേസമയം രാഷ്ട്രീയവും നയതന്ത്രപരവുമായ ഭിന്നതകളും നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിലാണ് മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കുവച്ച സൗഹൃദചിത്രങ്ങൾ ശ്രദ്ധേയമാകുന്നത്. കിരീടത്തിനായുള്ള മത്സരത്തിനൊപ്പം അതിർത്തികൾക്കപ്പുറം വളരുന്ന സൗഹൃദത്തിനും മിസ് യൂണിവേഴ്സ് വേദി സാക്ഷിയാകുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home