3000ത്തിലേറെ കേന്ദ്രങ്ങൾ, 15000 തൊഴിലാളികൾ, ദിവസവും മൂന്ന് ലക്ഷം സന്ദർശകർ; സിൽവർ ജൂബിലി നിറവിൽ അക്ഷയ

ഒരു സർട്ടിഫിക്കറ്റ് വേണം, പെൻഷൻ മസ്റ്ററിങ് നടത്തണം, പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കണം, ആധാറിലെ വിവരങ്ങൾ തിരുത്തണം... ആവശ്യങ്ങൾ പലതാണ്. പക്ഷേ, പലരുടെയും യാത്ര അവസാനിക്കുന്നത് ഒരിടത്ത്. നാട്ടിലെ അക്ഷയ കേന്ദ്രത്തിൽ. സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ പല കാര്യങ്ങളും ഒരിടത്തുനിന്ന് ചെയ്യാമെന്ന സൗകര്യം ഇന്ന് മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ അക്ഷയയുടെ തുടക്കം ഇതൊന്നിനും വേണ്ടിയായിരുന്നില്ല. കംപ്യൂട്ടർ എന്താണെന്നും അതെങ്ങനെ ഉപയോഗിക്കാമെന്നും സാധാരണക്കാരെ പഠിപ്പിക്കാനായിരുന്നു. മലപ്പുറത്തെ ചെറിയൊരു പരീക്ഷണമായി ആരംഭിച്ച അക്ഷയ ഇന്ന് കേരളത്തിന്റെ ഡിജിറ്റൽ സേവനങ്ങളുടെ പ്രധാന കണ്ണിയാണ്. ആ യാത്ര തുടങ്ങിയിട്ട് കാൽനൂറ്റാണ്ടാവുകയാണ്.
അക്ഷയയുടെ ആദ്യകാല പ്രചാരണത്തെക്കുറിച്ച് പറയുമ്പോൾ കൗതുകകരമായൊരു ചിത്രമുണ്ട്. മലപ്പുറത്തെ ചാലിയാർ പുഴയിൽ ഒരു വള്ളം. അതിൽ അക്ഷയ കേന്ദ്രത്തിന്റെ മാതൃകയുമായി പ്രചാരണത്തിനിറങ്ങിയവർ. കംപ്യൂട്ടർ പല വീടുകളിലും എത്താത്ത കാലത്ത് പുതിയൊരു സാങ്കേതികവിദ്യയെ പരിചയപ്പെടുത്താൻ നടത്തിയ ശ്രമങ്ങളിലൊന്നായിരുന്നു അത്. ഇന്ന് മൊബൈൽ ഫോണിൽ ഏതാനും നിമിഷങ്ങൾകൊണ്ട് ചെയ്യുന്ന കാര്യങ്ങൾക്കുപോലും അന്ന് കംപ്യൂട്ടർ പരിജ്ഞാനമുള്ളവരുടെ സഹായം വേണ്ടിയിരുന്നു.
2002 നവംബർ 18ന് എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ കാലത്താണ് അക്ഷയ പദ്ധതിക്ക് തുടക്കമായത്. മലപ്പുറത്ത് ആരംഭിച്ച പദ്ധതിയുടെ ആദ്യലക്ഷ്യം ഓരോ കുടുംബത്തിലും ഒരാൾക്കെങ്കിലും കംപ്യൂട്ടർ പരിജ്ഞാനം ഉറപ്പാക്കുകയായിരുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. സാധാരണക്കാരെ ഡിജിറ്റൽ സാക്ഷരതയിലേക്ക് എത്തിച്ച പദ്ധതി പിന്നീട് കേരളമാകെ വ്യാപിച്ചു.
2010ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ഇ-ഡിസ്ട്രിക്ട് പദ്ധതി അക്ഷയയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നൽകി. ആദ്യഘട്ടത്തിൽ കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് നടപ്പാക്കിയത്. കണ്ണൂരിൽ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനായിരുന്നു ഉദ്ഘാടനം ചെയ്തത്. ഇതിലൂടെ വരുമാനം, ജാതി, കൈവശാവകാശം തുടങ്ങിയ സർട്ടിഫിക്കറ്റുകൾക്ക് അക്ഷയ കേന്ദ്രങ്ങളിലൂടെ ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമൊരുങ്ങി. സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടിയിരുന്ന പല ആവശ്യങ്ങളും നാട്ടിലെ അക്ഷയ കേന്ദ്രങ്ങളിൽനിന്ന് നിറവേറ്റാമെന്നായി. 2013 മാർച്ചോടെ പദ്ധതി സംസ്ഥാനമാകെ വ്യാപിച്ചു. കംപ്യൂട്ടർ പരിശീലനകേന്ദ്രങ്ങളിൽനിന്ന് വിപുലമായ ജനസേവന ശൃംഖലയിലേക്കുള്ള അക്ഷയയുടെ മാറ്റത്തിന് ഇ-ഡിസ്ട്രിക്ട് പദ്ധതി അടിത്തറയിട്ടു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ അക്ഷയയുടെ സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾക്ക് അപേക്ഷിക്കാനും തുടർനടപടികൾ പൂർത്തിയാക്കാനും അക്ഷയ കേന്ദ്രങ്ങൾ സഹായകമായി. ലൈഫ് മിഷൻ ഇതിന് ഉദാഹരണമാണ്. 2020–21 സാമ്പത്തികവർഷത്തിൽ മാത്രം 8.4 ലക്ഷത്തിലേറെ ലൈഫ് മിഷൻ അപേക്ഷകളാണ് അക്ഷയ കേന്ദ്രങ്ങളിലൂടെ സമർപ്പിച്ചത്.
സാമൂഹ്യസുരക്ഷാ പെൻഷൻ മസ്റ്ററിങ്ങിലും അക്ഷയയുടെ സേവനം വിപുലമായി. 2019ൽ ആരംഭിച്ച ഓൺലൈൻ മസ്റ്ററിങ്ങിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഗുണഭോക്താക്കൾ അക്ഷയയെ ആശ്രയിച്ചു.
ഇരുപത്തിനാല് വർഷത്തിനിടെ സാങ്കേതികവിദ്യ ഏറെ മാറി. കംപ്യൂട്ടറുകൾ വീടുകളിലെത്തി. ഇന്റർനെറ്റ് മൊബൈൽ ഫോണുകളിലേക്ക് ചുരുങ്ങി. പല സർക്കാർ സേവനങ്ങളും ജനങ്ങൾക്ക് നേരിട്ട് ഓൺലൈനായി ഉപയോഗിക്കാമെന്നായി. എന്നിട്ടും നാട്ടിലെ അക്ഷയ കേന്ദ്രങ്ങളുടെ പ്രസക്തി കുറഞ്ഞില്ല. അപേക്ഷകളിലെ സംശയങ്ങൾ തീർക്കാനും രേഖകൾ ശരിയാക്കാനും ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാനും ഇന്നും നിരവധി പേർ അക്ഷയയെ ആശ്രയിക്കുന്നു.








0 comments