കേരളത്തിൽ മ്യൂച്വൽ ഫണ്ടിൽ സ്ത്രീമുന്നേറ്റം

കൊച്ചി : കേരളത്തിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ 28.5 ശതമാനവും സ്ത്രീകളാണെന്നും സമീപകാലത്തായി സംസ്ഥാനത്തെ സ്ത്രീകളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപ താൽപ്പര്യത്തിൽ വൻ വളർച്ചയാണ് കാണുന്നതെന്നും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി). മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ സ്ത്രീപങ്കാളിത്തത്തിന്റെ ദേശീയ ശരാശരി 25.7 ശതമാനമാണ്. സംസ്ഥാനത്തെ ഉയർന്ന വിദ്യാഭ്യാസവും സാമ്പത്തിക അച്ചടക്കവും യുവതലമുറയുടെ വർധിച്ച നിക്ഷേപ അവബോധവുമാണ് ഈ നേട്ടത്തിന് കാരണമെന്ന് ആംഫി ചീഫ് എക്‌സിക്യൂട്ടീവ് വെങ്കട് ചലാസനി പറഞ്ഞു.
കേരളത്തിൽനിന്നുള്ള മ്യൂച്ചൽ ഫണ്ടുകളുടെ ആകെ ആസ്തിമൂല്യം 2025 മെയ് അവസാനത്തെ കണക്കുകൾപ്രകാരം 94,829.36 കോടി രൂപയാണ്. രാജ്യത്തെ മ്യൂച്ചൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആകെ ആസ്തിയായ 72.19 ലക്ഷം കോടിയുടെ 1.3 ശതമാനമാണിത്. 16,229.30 കോടി രൂപയുമായി കൊച്ചിയാണ് മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത്. 10,163.09 കോടി നിക്ഷേപിച്ച തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ.
നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ തുടർച്ചയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന എസ്ഐപി (സിസ്റ്റെമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) വിഭാത്തിൽ മാർച്ചിലെ കണക്കുപ്രകാരം 28,788.69 കോടിയുടെ ആസ്തിയാണ് കേരളത്തിൽനിന്നുള്ളത്. സംസ്ഥാനത്തുനിന്നുള്ള ആകെ മ്യൂച്ചൽ ഫണ്ട് ആസ്തിയുടെ 34 ശതമാനമാണിത്. പ്രതിമാസ എസ്‌ഐപി നിക്ഷേപം 635 കോടി രൂപയിലെത്തി. നിക്ഷേപകരുടെ എണ്ണത്തിൽ സംസ്ഥാനം 11 വർഷംകൊണ്ട് 23 ശതമാനം വളർച്ച കൈവരിച്ചു. 2014 മാർച്ചിൽ നിക്ഷേപകരുടെ എണ്ണം 10.45 ലക്ഷമായിരുന്നത് 2025 മാർച്ചിൽ 13.13 ലക്ഷമായി വർധിച്ചെന്നും ആംഫി പറയുന്നു.










0 comments