കുതിച്ചും കിതച്ചും 'പൊന്ന്'; ഇന്ന് വാങ്ങിയാൽ ലാഭമോ നഷ്ടമോ?

എ ഐ പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിടിഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,16,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി സഹിതം ഒന്നര ലക്ഷം രൂപ വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലി മാറും. കേരളത്തിൽ സാധാരണ മൂന്നു മുതൽ മുപ്പതു ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്. പണിക്കൂലിക്ക് പുറമെ മൂന്നു ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജും നൽകണം.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലേയും സ്വർണവിലയെ സ്വാധീനിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധവും ഇന്ധന പ്രതിസന്ധിയും ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്ന സാഹചര്യം സ്വർണവിലയിലും വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്‍.
വിവാഹ സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിൽ സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമാണ് നൽകുന്നത്.സ്വർണാഭരണങ്ങൾ, നാണയങ്ങൾ അല്ലെങ്കിൽ കട്ടികള്‍ എന്നിവ വാങ്ങുന്നതിന് പകരമായി ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് മ്യൂച്ച്വൽ ഫണ്ടുകൾ തുടങ്ങിയ ബദലുകൾക്ക് ആവശ്യക്കാരേറെയാണ്.
സ്വര്‍ണം ആഭരണമായി കൈവശം വെക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങളും സൂക്ഷിക്കാനുള്ള പ്രയാസവും കാരണമാണ് പലരും ഡിജിറ്റല്‍ ഗോള്‍ഡ് തെരഞ്ഞെടുക്കുന്നത്. പണിക്കൂലി നല്‍കേണ്ടതില്ല എന്നതും വില്‍ക്കുമ്പോള്‍ മൂല്യം കുറയില്ല എന്നതുമാണ് നിക്ഷേപകരെ ഡിജിറ്റല്‍ ഗോള്‍ഡിലേക്ക് ആകര്‍ഷിക്കുന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്കും പതിച്ചു. മെയ് മാസത്തെ ഏറ്റവും ഉയർന്ന വില 1,23,120 ആണ്. മെയ് 13നാണ് സ്വർണവില ഈ ഉയരം തൊട്ടത്. വിപണിയില്‍ ചാഞ്ചാട്ടം ശക്തമായതിനാല്‍ വാങ്ങുന്നതിന് മുൻപ് ഏറ്റവും പുതിയ നിരക്ക് അറിയുന്നത് നല്ലതാണ്.











0 comments