റെഡ്മി നോട്ട് 17 സീരീസ് ഇന്ത്യയിലേക്ക്; പ്രീമിയം ഫീച്ചറുകളുമായി പുതിയ സ്മാർട്ട്‌ഫോണുകൾ

Photo: Redmi
ന്യൂഡൽഹി : റെഡ്മി നോട്ട് 17 സീരീസ് സ്മാർട്ട്‌ഫോണുകൾ ഓഗസ്റ്റ് 6ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ചൈനീസ് വിപണിയിൽ അവതരിപ്പിച്ച മോഡലിൽ നിന്ന് ചെറിയ മാറ്റങ്ങളോടെയായിരിക്കും ഫോൺ ഇന്ത്യയിൽ എത്തുകയെന്നും സൂചനയുണ്ട്. എന്നാൽ ഈ സീരീസിലെ പ്രോ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഷവോമി ഇതുവരെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് റെഡ്മി നോട്ട് 17, റെഡ്മി നോട്ട് 17 പ്രോ എന്നീ രണ്ട് മോഡലുകൾ ചൈനയിൽ പുറത്തിറങ്ങിയത്. ചൈനീസ് പതിപ്പ് പ്രകാരം റെഡ്മി നോട്ട് 17 സ്മാർട്ട്ഫോണിൽ 120Hz റീഫ്രെഷ് റേറ്റുള്ള 7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി (OLED) ഡിസ്‌പ്ലേയാണുള്ളത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 4 ജെൻ 4 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 12GB റാമും 512GB സ്റ്റോറേജുമുള്ള ഫോൺ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 3യിലാണ് പ്രവർത്തിക്കുന്നത്.
50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ സെൽഫി ക്യാമറയുമുള്ള ഫോണിൽ 45W ഫാസ്റ്റ് ചാർജിങ് ലഭ്യമാകുന്ന 8000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഈ ഫോൺ പോകോ എം8 പവർ എന്ന പേരിലും റീബ്രാൻഡ് ചെയ്ത് എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
റെഡ്മി നോട്ട് 17 പ്രോ മോഡൽ 120Hz റീഫ്രെഷ് റേറ്റുള്ള 6.83 ഇഞ്ച് 1.5K അമലോഡ് ഡിസ്‌പ്ലേയുമായാണ് വരുന്നത്. സ്‌നാപ്ഡ്രാഗൺ 6s ജെൻ 4 ചിപ്‌സെറ്റാണ് ഇതിലുള്ളത്. 50 മെഗാപിക്സൽ പ്രധാന ക്യാമറയുള്ള ഫോണിൽ 67W ഫാസ്റ്റ് ചാർജിങ് ലഭ്യമാകുന്ന 9000mAh ബാറ്ററിയാണുള്ളത്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണമേകുന്ന ഐപി68, ഐപി69 റേറ്റിങ്ങുകളും ഈ ഫോണിനുണ്ട്.











0 comments