ad
Deshabhimani

ഐഎസ്ആർഒയിൽ അസാധാരണ കൊഴിഞ്ഞുപോക്ക്; ഏതാനും മാസത്തിനിടെ രാജിവെച്ചുപോയത് 100ലധികം ശാസ്ത്രജ്ഞർ

ISRO

Photo: ISRO

വെബ് ഡെസ്ക്

Published on Jul 16, 2026, 03:32 PM | 2 min read

ബം​ഗളൂരു: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ISRO) ശാസ്ത്രജ്ഞരുടെ അസാധാരണ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നൂറിലധികം ശാസ്ത്രജ്ഞരാണ് രാജിവെച്ചുപോയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഗഗൻയാൻ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ഏറ്റവും നിർണായക ബഹിരാകാശ ദൗത്യങ്ങളിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ രാജിവെച്ചവരുടെ കൂട്ടത്തിൽപ്പെടുന്നു. ശാസ്ത്രജ്ഞർ വിആർഎസ് എടുക്കുകയോ രാജിവയ്ക്കുകയോ ചെയ്തിട്ടുള്ളതായാണ് വിവരം.


ബംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിന്ന് മാത്രം 80-ഓളം ആളുകളാണ് വിട്ടുപോയത്. വിഎസ്എസ്സിയിൽ നിന്ന് ഇരുപതോളം പേരും രാജിവച്ചു. ഇതുവരെ 100-നും 120നു ഇടയിൽ ആണ് രാജി നടന്നിട്ടുള്ളത്. കൂടുതൽ പേർ ജോലി വിടാനുള്ള സാധ്യതയും നിലനിൽക്കുന്നു. എൽവിഎം 3 പ്രൊജക്റ്റ് ഡയറക്ടർ വിഎസ്എസ് സിയിലെ വിക്ടർ ജോസഫ്, സ്പാഡെക്‌സ് പ്രൊജക്റ്റ് ഡയറക്ടർ, ചന്ദ്രയാൻ 3 പദ്ധതിയുടെ ഭാഗമായിരുന്ന യുവ ശാസ്ത്രജ്ഞൻ തുടങ്ങിയവരാണ് അടുത്തിടെ രാജിവെച്ച പ്രമുഖർ.


ഏറെ നിർണായകമായ ഘട്ടത്തിൽ പരിചയസമ്പന്നരായ ശാസ്ത്രജ്ഞർ രാജിവെച്ചുപോകുന്ന സാഹചര്യത്തിൽ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി കേന്ദ്ര ബഹിരാകാശ വകുപ്പ് നിബന്ധനകൾ കർശനമാക്കിക്കൊണ്ട് കേന്ദ്ര സർ‍ക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2020 മുതൽ നിലവിലുണ്ടായിരുന്ന ഇളവുകൾ പിൻവലിക്കുകയും നിർണായക ദൗത്യങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ രാജി അംഗീകരിക്കുന്ന അധികാരം വിവിധ കേന്ദ്രങ്ങളുടെ ഡയറക്ടർമാരിൽ നിന്ന് കേന്ദ്രതലത്തിലേക്ക് മാറ്റുകയും ചെയ്തു.


ബഹിരാകാശ വകുപ്പിന്റെ സർക്കുലർ പ്രകാരം, ഗഗൻയാൻ ഉൾപ്പെടെയുള്ള ദേശീയ പ്രാധാന്യമുള്ള പദ്ധതികളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ രാജിയോ സ്വമേധയാ വിരമിക്കലോ ഇനി പതിവ് നടപടിക്രമമായി അംഗീകരിക്കില്ല. അത്തരം അപേക്ഷകളിൽ സെന്റർ ഡയറക്ടർ സ്വയം തീരുമാനമെടുക്കരുതെന്നും അന്തിമ അംഗീകാരത്തിനായി കേന്ദ്ര ബഹിരാകാശ വകുപ്പിന് കൈമാറണമെന്നും സർക്കുലർ വ്യക്തമാക്കുന്നു. ജൂലൈ 14 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.


അതേസമയം, ഐഎസ്ആർഒയിൽ നിന്ന് നിരവധി പേർ ജോലി വിട്ടതായി ചെയർമാൻ വി. നാരായണൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സ്ഥാപനത്തിന് പ്രതിസന്ധിയില്ലെന്ന് സാഹചര്യം നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ ജോലി വിടുന്നത് ഏതൊരു സ്ഥാപനത്തിലും നടക്കുന്നതാണെന്നും ഒരാൾ പോകുമ്പോൾ മറ്റൊരാൾ ചുമതലയേറ്റെടുക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ പ്രതികരിച്ചു.


ബഹിരാകാശ ഗവേഷണ മേഖലയിലെ സ്വകാര്യവൽക്കരണം ഇ‍ൗ കൊഴിഞ്ഞുപോക്കിന്‌ ആക്കം കൂട്ടിയതായി പറയപ്പെടുന്നു. അതോടൊപ്പം ദീർഘകാല പദ്ധതികളിലെ സമ്മർദവും ജോലിഭാരവും ചിലരുടെയെങ്കിലും രാജിക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എൻജിനീയർമാരും ശാസ്ത്രഞ്ജന്മാരുമായ 700 ഓളം പേരാണ് പത്ത്‌–പന്ത്രണ്ട്‌ വർഷത്തിനിടെ വിരമിക്കൽ പ്രായത്തിനുമുമ്പ്‌ സ്ഥാപനം വിട്ടത്‌. ഈ നിർണായകഘട്ടത്തിൽ വൈദഗ്ധ്യമുള്ള ശാസ്ത്രജ്ഞന്മാരുടെ അഭാവം വൻ തിരിച്ചടിയാവുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home