വഖഫ് ബോർഡ്; യുഡിഎഫ് സർക്കാരിന്റേത് ന്യൂനപക്ഷങ്ങളോടും മതനിരപേക്ഷ സമൂഹത്തോടുമുള്ള വഞ്ചന: സിപിഐ എം

തിരുവനന്തപുരം : ബിജെപിയുടെ വർഗ്ഗീയ അജണ്ടക്കനുസരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതിയിൽ നിലപാടെടുത്ത യുഡിഎഫ് സർക്കാർ ന്യൂനപക്ഷങ്ങളോടും, കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ് കാണിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ ഹർജിയിലെ ആവശ്യം അനുസരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്നാണ് സർക്കാർ സമ്മതിച്ചിരിക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാർ അജണ്ട തെളിഞ്ഞു കാണാം.
കേന്ദ്ര ബിജെപി സർക്കാരിന്റെ നിയമഭേദഗതിക്കെതിരെ എൽഡിഎഫ് സർക്കാർ നിയമസഭയിൽ ഏകകണ്‌ഠമായി പ്രമേയം പാസാക്കിയിരുന്നു. അധികാരത്തിൽ എത്തിയപ്പോൾ ബിജെപി അനുകൂല നിലപാടിലേക്ക് യുഡിഎഫ് എത്തിയത് എന്ത് ഡീലിന്റെ ഭാഗമായാണ്? മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടക കക്ഷികൾ ഇത് അംഗീകരിക്കുന്നുണ്ടോയെന്നും ഇത് സംബന്ധിച്ച് എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്നും ലീഗ് വ്യക്തമാക്കണം.
ബിജെപി നേതാവിന്റെ ഹർജിയോട് സർക്കാർ യോജിക്കുന്നുവോ എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തോട് പൂർണമായി പിന്തുണയ്ക്കുന്നു എന്നാണ് എ ജി മറുപടി നൽകിയത്. നേരത്തെ ബിജെപിയുമായി ഉണ്ടാക്കിയ ധാരണയുടെ തുടർച്ചയാണ് വഖഫ് ബോർഡിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തം. മുസ്ലീം ലീഗിനെ പിന്തുണക്കുന്ന സാമുദായിക സംഘടനകളും ഇതിൽ അഭിപ്രായം പറയേണ്ടതുണ്ട്.
ആർഎസ്‌എസിന്റെ ദീർഘകാല അജണ്ടയുടെ ഭാഗമായി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന്, പൗരരുടെ ഭരണഘടനാപരമായ അവകാശങ്ങളെ തള്ളിയാണ് വഖഫ് നിയമ ഭേദഗതി കേന്ദ്രം കൊണ്ടുവന്നത്. അന്ന് അതിനെതിരെ പാർലമെന്റിൽ ശക്തമായ നിലപാട് എടുത്തത് സിപിഐ എം അടക്കമുള്ള ഇടതുപാർടികളാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കാഴ്‌ചക്കാരനായി നിന്നു, പ്രിയങ്കാ ഗാന്ധി സഭയിൽ പോലും എത്തിയില്ല. നിയമം ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരരാക്കുമെന്ന് സിപിഐ എം എംപിമാർ പാർലമെന്റിൽ നിലപാടെടുത്തു. മധുരയിൽ സിപിഐ എം പാർടി കോൺഗ്രസിൽ പങ്കെടുത്തുകൊണ്ടിരുന്ന എംപിമാരെ അടിയന്തിരമായി പാർലമെന്റിലേക്ക് എത്തിച്ചാണ് അന്ന് നിയമഭേദഗതിക്കെതിരെ ശബ്ദമുയർത്തിയത്.
ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനായി കൊണ്ടുവന്ന ഭേദഗതി `ന്യൂനപക്ഷങ്ങളെ സഹായിക്കാനാണ്' എന്ന പച്ചക്കള്ളമാണ് ബിജെപി പ്രചരിപ്പിച്ചത്. നിയമഭേദഗതി എന്തിനായിരുന്നുവെന്ന് മധ്യപ്രദേശിൽ ബിജെപി നേതാവും മന്ത്രിയുമായ സൻവാർ പട്ടേലിനെ ചെയർമാനാക്കി വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതോടെ വ്യക്തമാവുകയും ചെയ്‌തു. ഈ യാഥാർഥ്യങ്ങൾ മുന്നിലുള്ളപ്പോഴാണ് യുഡിഎഫ് സർക്കാർ ബിജെപിക്ക് വഴങ്ങി ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് സമ്മതിച്ചിരിക്കുന്നത്.
സർവകലാശാലകളിൽ ഗവർണർ നിർദേശിക്കുന്നവരെ വൈസ് ചാൻസലർമാരായും, സിൻഡിക്കേറ്റ് അംഗങ്ങളായും യുഡിഎഫ് സർക്കാർ നിയമിക്കുന്നു. പിഎം ശ്രീയിലും ബിജെപിക്ക് വഴങ്ങുന്നു. ദേവസ്വം കേസുകൾ കൈകാര്യം ചെയ്യാനെന്ന പേരിൽ ആർഎസ്‌എസുകാരനെ പ്ലീഡർ ആക്കുന്നു. മറ്റ് നിയമകാര്യ തസ്‌തികകളിലും ബിജെപിക്കാർക്ക് യഥേഷ്ടം അവസരം നൽകുന്നു. `കേരളം ഭരിക്കുന്നത് ബി.ജെ.പിയാണോ' എന്ന ചോദ്യം അനുദിനം അന്വർഥമാക്കുകയാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ. വർഗീയതയ്ക്ക് സാഷ്ടാംഗം കീഴടങ്ങുന്ന യുഡിഎഫ് സർക്കാർ വഖഫ് ബോർഡ് നിലപാടിലൂടെ ജനങ്ങൾക്കിടയിൽ കൂടുതൽ തുറന്നുകാട്ടപ്പെട്ടുവെന്നും സിപിഐ എം പ്രസ്‌താവനയിൽ പറഞ്ഞു.











0 comments