ഗർഭിണിയായ യുവതിയെ ശ്വാസംമുട്ടിച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

ബംഗളൂരു: ഗർഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ബംഗളൂരുവിലാണ് സംഭവം. ഉത്തർപ്രദേശ് അസംഗഡ് സ്വദേശികളായ മനോജ് വിശ്വകർമ (28)യാണ് ഭാര്യ സ്വപ്നയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. സ്വപ്ന നാല് മാസം ഗർഭിണിയായിരുന്നു.
തെക്കൻ ബെംഗളൂരുവിലെ ലക്ഷ്മപ്പ ഗാർഡൻ പ്രദേശത്താണ് ഇരുവരും താമസിച്ചിരുന്നത്. മൂന്ന് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ദമ്പതികൾ മരപ്പണി ചെയ്താണ് ജീവിച്ചിരുന്നതെന്നും കഴിഞ്ഞ കുറച്ചുദിവസങ്ങളായി മനോജ് ജോലിക്കു പോയിരുന്നില്ലെന്നും വിവരമുണ്ട്. ദമ്പതികൾ തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
തർക്കത്തിനിടയിൽ മനോജ് സ്വപ്നയെ കയർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം, അതേ കയർ ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. അയൽവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി.











0 comments