ad
Deshabhimani

ഹോർമുസ് കടലിടുക്ക് 'റെഡ് ലൈൻ'; ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ഇറാൻ

Hormuz Strait
വെബ് ഡെസ്ക്

Published on Jul 16, 2026, 03:19 PM | 2 min read

തെഹ്റാൻ : ഹോർമുസ് കടലിടുക്ക് തങ്ങളുടെ 'റെഡ് ലൈൻ' ആണെന്ന് വ്യക്തമാക്കി ഇറാൻ. യുഎസ് പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ് ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമാക്കി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെതിരെ യുഎസ് ആക്രമണം തുടരുന്നതിനിടെയാണ് പ്രതികരണം. ബുധനാഴ്ച രാത്രിയും യുഎസ് അഞ്ചാം ദിവസത്തെ ആക്രമണം നടത്തിയതായും, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയെന്ന ലക്ഷ്യത്തോടെ ഇറാന്റെ തുറമുഖങ്ങൾക്കെതിരെ നാവിക ഉപരോധം ഏർപ്പെടുത്തിയതായും റിപ്പോർണ്ട്.


ഇറാൻ സൈനിക വക്താവ് നടത്തിയ പ്രസ്താവനയിലാണ് ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലുള്ള നിർണായക മേഖലയാണെന്ന് വ്യക്തമാക്കിയത്. ആഗോള എണ്ണ, വാതക കയറ്റുമതിയുടെ വലിയൊരു പങ്ക് കടന്നുപോകുന്ന ഈ പാതയുടെ നിയന്ത്രണം തീരപ്രദേശങ്ങളെയും ദ്വീപുകളെയും മാത്രം ആശ്രയിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപ് ഇറാന്റെ വൈദ്യുത നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടിയായി ഇറാൻ സൈന്യം മേഖലയിൽ ശേഷിക്കുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ കൂടുതൽ ശക്തവും വ്യാപകവുമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.


ഗൾഫ് രാജ്യങ്ങളിൽ ആശങ്ക


അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിച്ച് ഇറാനെ ആക്രമിക്കാൻ അനുവദിക്കുന്ന അയൽരാജ്യങ്ങൾക്കെതിരെയും ഇറാൻ മുന്നറിയിപ്പ് നൽകി. കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടതായി ഇറാൻ അവകാശപ്പെട്ടു. ബഹ്റൈനിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറനുകൾ മുഴങ്ങിയതായും കുവൈത്ത് ഡ്രോൺ ഭീഷണികൾ നേരിടുന്നതായി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.


ജോർദാനിലെ അൽ അസ്റാഖ് വ്യോമതാവളവും കുവൈത്തിലെ അലി അൽ സാലിം വ്യോമതാവളവും ലക്ഷ്യമിട്ടതായി ഇറാൻ സൈന്യം അറിയിച്ചു. ബഹ്റൈൻ പ്രതിരോധ മന്ത്രാലയം ഇറാന്റെ വ്യോമാക്രമണ ശ്രമങ്ങൾ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി വ്യക്തമാക്കി.


പ്രാദേശിക യുദ്ധഭീഷണി ശക്തമാകുന്നു


ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ കയറ്റുമതി തടയുമെന്ന ഇറാന്റെ ഭീഷണിയും പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടാനുള്ള മുന്നറിയിപ്പും സംഘർഷം വീണ്ടും പൂർണതോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.


യെമനിലെ ഹൂതി സഖ്യകക്ഷികളെ ഉപയോഗിച്ച് ചെങ്കടലിലെ ബാബ് അൽ മന്ദബ് കടലിടുക്കിലും ഇറാൻ പുതിയ മുന്നണി തുറക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ഗതാഗത പാതകളിൽ രണ്ടാമത്തേതിനും ഭീഷണിയാകുമെന്നാണ് ആശങ്ക.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home