വീട്ടിലെ തൻ്റേടി, 'ബാലനി'ലെ തീപ്പൊരി

ഡോളി ജൂൺ
സുമേഷ് കെ ബാലൻ
Published on Jul 16, 2026, 03:12 PM | 2 min read
തോക്കുകൊണ്ട് വിറപ്പിച്ചും വാക്കുകൊണ്ട് ചിരിപ്പിച്ചും അഭിനയത്താൽ കണ്ണുനനയിച്ചും ബാലൻ സിനിമയിലൂടെ വൈറലായ ഡോളി ജൂൺ ദേശാഭിമാനി യോട് സംസാരിക്കുന്നു
76 –ാം വയസ്സിൽ ചട്ടയും മുണ്ടുമുടുത്ത് കൈയിലൊരു തോക്കുമായാണ് ഡോളി ജൂൺ എന്ന ഡോളിയമ്മാമ്മ വീൽചെയറിലേറി മലയാള സിനിമയിലേക്കെത്തിയത്. തോക്കുകൊണ്ട് വിറപ്പിച്ചും വാക്കുകൊണ്ട് ചിരിപ്പിച്ചും അഭിനയം കൊണ്ട് കണ്ണുനനയിച്ചും ‘ബാല’നിലൂടെ വൈറലായ താരം. തൃശൂരാണ് താമസമെങ്കിലും കോട്ടയം മുണ്ടക്കയം ചിറ്റടിയാണ് ഡോളിയമ്മാമ്മ എന്ന ഡോളി ജൂണിന്റെ ജന്മനാട്. കുഞ്ഞുനാളിലേ നാട്ടിൽനിന്ന് പറിച്ചുനടേണ്ടി വന്നെങ്കിലും മലയോര മണ്ണിന്റെ കരുത്താണ് ഇൗ പ്രായത്തിലും തന്നെ തന്റേടിയായി നിലനിർത്തുന്നതെന്ന് ഡോളി ജൂൺ.
വെട്ടൊന്ന് മുറി രണ്ട്
ആർക്കും കീഴ്‌പ്പെടാത്ത, ആരുടെ മുന്നിലും തോറ്റുകൊടുക്കാത്ത മനുഷ്യരാണ് മലയോരങ്ങളിലുള്ളവർ. വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതം. എടാന്ന് വിളിച്ചാ പോടാന്ന് പറയുന്നവർ. കാടിനോടും മലയോടും മൃഗങ്ങളോടും പോരടിച്ചാണ് അവർ ജീവിച്ചത്. അതാണ് ആ പ്രകൃതത്തിന് പിന്നിലെന്ന് തോന്നുന്നു. അപ്പന് റബർ എസ്‌റ്റേറ്റിലായിരുന്നു ജോലി. സ്ഥിരമായി ഒരിടത്തും നിൽക്കാത്ത ശീലമായിരുന്നു അപ്പന്റേത്. ഞങ്ങൾ കുഞ്ഞായിരിക്കുമ്പോ മുണ്ടക്കയത്തുനിന്ന് നിലമ്പൂർ കരുളായിയിലേക്ക് പോയി. അവിടെനിന്ന് തൃശൂർ മംഗലം ഡാമിലേക്കെത്തി. അവിടെവച്ചായിരുന്നു കല്യാണം. പിന്നീട് കൈപ്പറമ്പിലേക്ക് മാറി.
ഡോളി ജൂൺ ബാലൻ സിനിമയിൽ
സാറാമ്മ എന്നാ പള്ളിയിലെ പേര്. ഇന്നുവരെ അതാരും വിളിച്ചിട്ടില്ല. വല്ല്യപ്പച്ചിയാണ് ഡോളിയെന്ന് പേരിട്ടത്. ഭർത്താവ് ജോസ് ഇത്തിരി സാഹിത്യം ഒക്കെ ചേർത്ത് പേര് താരാ ജൂൺ എന്നാക്കി. പിന്നീട് ഡോളി ജൂൺ എന്നായി വിളിപ്പേര്. മുണ്ടക്കയത്ത് ഇപ്പോ ബന്ധുക്കൾ ആരുമില്ല.
റീൽസിൽനിന്ന് ബിഗ് സ്‌ക്രീനിലേക്ക്
സിനിമയിൽ അഭിനയിക്കും എന്ന് സ്വപ്‌നത്തിൽപോലും കരുതിയിരുന്നില്ല. കൊച്ചുമകൻ ഒളിച്ചും പാത്തുമെടുത്ത റീൽസുകളാണ് സിനിമയിലേക്ക് വിളിക്കാൻ കാരണം.
അഭിനയത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. കഥ കേട്ടപ്പോൾ ചെയ്യാന്ന് തോന്നി. എന്താണ് അഭിനയം, എന്താണ് അഭിനയിക്കേണ്ടത് എന്നൊന്നും അറിഞ്ഞിട്ടല്ല ഉറപ്പ് പറഞ്ഞത്. ഒരു ധൈര്യത്തിന് അഭിനയിക്കാം എന്നങ്ങ് പറഞ്ഞതാണ്. ‘ബാലനി'ലെ അമ്മൂമ്മ തൊണ്ണൂറു ശതമാനവും ഞാൻതന്നെയാണ്. അതുകൊണ്ടുകൂടിയാണ് ചിദംബരവും ഗണപതിയുമൊക്കെ വിളിച്ചപ്പോ ഒകെ പറഞ്ഞത്.
ബാലൻ കണ്ട് നിരവധി പേർ വിളിക്കുന്നുണ്ട്. സിനിമ എല്ലാവർക്കും ഇഷ്‌ടമായതിൽ സന്തോഷം. സിനിമയിൽ അഭിനയിക്കാനും പലരും വിളിക്കുന്നുണ്ട്. കഥ കേട്ട് എന്റെ ആരോഗ്യത്തിനും പ്രകൃതത്തിനും ഇണങ്ങുന്ന കഥായാണെങ്കിൽ മാത്രമേ ചെയ്യൂ. ചിദംബരവും ഗണപതിയുമൊക്കെ എന്നെ നന്നായി നോക്കിയിരുന്നു. ഞാനും ഹാപ്പിയായിരുന്നു. വീൽചെയറിൽ അതിവേഗം വരുന്ന ഡ്യൂപ്പ് ചെയ്യാനിരുന്ന റോൾ വരെ ഞാൻ തന്നെ ചെയ്തു. വയനാട്ടിലായിരുന്നു ഷൂട്ടിങ്.
തന്റേടികളാകണം പെണ്ണുങ്ങൾ
ഏത് സാഹചര്യത്തിലും നമുക്ക് അതിജീവിക്കാൻ പറ്റണം. എഴുന്നേറ്റ് നിൽക്കാൻ ആവതില്ലെങ്കിലും ധൈര്യത്തോടെ നേരിടണം. ‘ബാല’നിലെപ്പോലെ എപ്പോഴും തോക്കുംകൊണ്ട് നടക്കണം എന്നല്ല. എന്താണോ കൈയിലുള്ളത് അതുവച്ച് സന്ദർഭത്തിന് അനുസരിച്ച് നേരിടണം. വയസ്സായ സ്‌ത്രീകൾവരെ ആക്രമിക്കപ്പെടുന്ന കാലമാണ്. ജീവൻ പോകുമെന്ന സ്ഥിതിയാണേ ഒരാളെ തീർക്കണമെങ്കിൽ തീർക്കാനുള്ള മനോധൈര്യം വേണം. മക്കളില്ലാത്ത സമയത്ത് ഞാനും ഒറ്റയ്‌ക്കാകാറുണ്ട്. പക്ഷേ ആരെയും നേരിടാനാകുമെന്ന ചങ്കൂറ്റമുണ്ട്. ഇൗ പ്രായത്തിലും അധ്വാനിച്ചുതന്നെയാണ് ജീവിക്കുന്നത്. കഴിയുന്ന ജോലികൾ ഇപ്പോഴും ചെയ്യും. കടമാണ് ബാലൻസെങ്കിലും ഹാപ്പിയാണ് ലൈഫ്.
പുതുതലമുറയേക്കുറിച്ച്
പുതുതലമുറയ്‌ക്ക് ഉപദേശം നൽകാൻ ഞാനാളല്ല. ഉപദേശം കേൾക്കാൻ ഇഷ്‌ടപ്പെടുന്നോരുമല്ല അവർ. കാലം മാറി. ഒരു മകൻ യുകെയിൽ, മറ്റൊരാൾ യുഎസിൽ, അപ്പനും അമ്മയും നാട്ടിൽ. അതാ അവസ്ഥ. അപ്പനമ്മമമാർ നാട്ടിൽ ഒറ്റപ്പെടുന്നുണ്ട്. പക്ഷേ പുതിയ തലമുറയെ കുറ്റം പറയാനാകില്ല. അവരുടെ ആഗ്രഹങ്ങളും ജീവിതവും നടക്കണ്ടേ.
പുതിയ തലമുറ എപ്പോഴും മൊബൈൽ ഫോണിലാണെന്ന് നമ്മൾ കുറ്റം പറയും. 76 വയസ്സായ എനിക്ക് ഫോൺ കൈയിൽ ഇല്ലെങ്കിൽ ദേഷ്യം വരും. നേരമ്പോക്കിന് ഫോൺ വേണം. ഇല്ലേൽ ബോറടിച്ച് മരിക്കും. എന്റെ കാര്യം ഇതാണെങ്കി പുതിയ പിള്ളാരുടെ കാര്യം പറയണോ..?











0 comments