ad
Deshabhimani

print edition പുതിയ ഉയരങ്ങളിലേക്ക്; കേരളത്തിന്റെ പവർ ബ്രാൻഡ്

industry
avatar
സന്തോഷ് ബാബു

Published on Feb 03, 2026, 05:22 PM | 4 min read

ന്ത്യയിലെ ആദ്യത്തെ ബ്രാന്റഡ് ഇന്‍വെര്‍ട്ടര്‍, ഇവാക്വേറ്റഡ് ട്യൂബില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍, ലിഥിയം അയണ്‍ ബാറ്ററി പാക്ക്...എന്നിങ്ങനെ ഇന്ത്യന്‍ പവര്‍ ഇലക്ട്രോണിക്സ് വ്യവസായത്തില്‍ പുതുവഴികള്‍ തുറന്ന് ഹരിതോര്‍ജത്തിലൂടെ പുതിയ ഉയരങ്ങളിലേക്ക് സഞ്ചരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് ഹൈക്കോണ്‍ ഇന്ത്യ.


വിപണിയുടെ ആവശ്യകത തിരിച്ചറിഞ്ഞ്, പുതുപുത്തന്‍ സാങ്കേതികവിദ്യകള്‍ സ്വീകരിച്ചുകൊണ്ട് മൂന്നരപ്പതിറ്റാണ്ടായുള്ള ഈ യാത്ര കേരളത്തിന്റെ മാനുഫാക്ചറിങ് ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയുടെ കഥകൂടിയാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)യുടെ എൻജിനിയറിങ് ലാബിലാണ് രാജ്യത്തെ ആദ്യ ബ്രാന്റഡ് ഇന്‍വെര്‍ട്ടറിന് തുടക്കമിട്ടതെന്ന് ഹൈക്കോണ്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ക്രിസ്റ്റോ ജോര്‍ജ് പറയുന്നു.


"കോയമ്പത്തൂര്‍ വിഎല്‍ബി ജാനകിയമ്മാള്‍ കോളേജില്‍ എൻജിനിയറിങ്ങിന് പഠിക്കുമ്പോള്‍ പ്രോജക്റ്റ് ചെയ്തത് കുസാറ്റിലായിരുന്നു. അക്കാലത്ത് പലപ്പോഴും അവിടെ ലാബില്‍ കറണ്ട് പോകുമായിരുന്നു. ഒരുദിവസം സാറ് ചോദിച്ചു, കറണ്ട് ഇല്ലാത്തപ്പോള്‍ കറണ്ട് കൊടുക്കാവുന്ന ഒരു ഉപകരണം ഉണ്ടാക്കാമോയെന്ന്. അത് ചെയ്തു. അന്ന് ഇന്‍വെര്‍ട്ടര്‍ എന്നൊരു ഉപകരണം വിപണിയില്‍ ഇല്ല. പഠനം കഴിഞ്ഞ് ജോലിക്ക് പോകാന്‍ താല്‍പ്പര്യം തോന്നിയില്ല. സ്വന്തമായി നിര്‍മിക്കാവുന്ന, വിപണനം ചെയ്യാവുന്ന ഒരു ഉൽപ്പന്നം കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ കോളേജില്‍ പ്രോജക്റ്റ് ചെയ്ത ഇന്‍വെര്‍ട്ടര്‍തന്നെ സംരംഭത്തിനായി തെര‍ഞ്ഞെടുക്കുകയായിരുന്നു.'' ക്രിസ്റ്റോ പറഞ്ഞു. ​


ആദ്യം ഹൈഡ്രോ കണ്‍ട്രോള്‍


എളുപ്പമായിരുന്നില്ല ഹൈക്കോണിന്റെ തുടക്കം. ഇന്‍വെര്‍ട്ടര്‍ ഉൽപ്പാദനം തുടങ്ങാന്‍ വലിയ മുടക്കുമുതല്‍ വേണമായിരുന്നു. പക്ഷേ, 25,000 രൂപയും ആവേശവും മാത്രമായിരുന്നു ക്രിസ്റ്റോയുടെ കൈമുതല്‍. അതിനാല്‍ പണമുണ്ടാക്കാന്‍, 1991 ല്‍ ഒല്ലൂരില്‍ പൂട്ടിക്കിടന്ന ചെറിയൊരു വീട് വാടയ്ക്കെടുത്ത് കൈയിലുള്ള തുകകൊണ്ട് മറ്റൊരു ഉൽപ്പന്ന നിര്‍മാണത്തിലേക്ക് തിരിഞ്ഞു. അങ്ങനെ ടാങ്കുകളിലെ വെള്ളത്തിന്റെ അളവറിഞ്ഞ് മോട്ടോര്‍ സ്വയം പ്രവര്‍ത്തിപ്പിക്കുന്ന "ഹൈഡ്രോ കണ്‍ട്രോള്‍' എന്ന വാട്ടര്‍ലെവല്‍ കണ്‍ട്രോളര്‍ വിപണിയിലെത്തിച്ചു. അതില്‍നിന്നാണ് "ഹൈക്കോണ്‍' എന്ന കമ്പനിപ്പേര് പിറന്നതെന്ന് ക്രിസ്റ്റോ പറയുന്നു. ​


ഇന്‍വെര്‍ട്ടറില്‍നിന്ന് 
യുപിഎസിലേക്ക് ​


കൂട്ടുകാരും നാട്ടുകാരും അവര്‍ പറഞ്ഞറിഞ്ഞവരുമൊക്കെയായി ഹൈഡ്രോ കണ്‍ട്രോളിന് ആവശ്യക്കാര്‍ കൂടിയപ്പോള്‍ അതിലൂടെ ലഭിച്ച തുകയും 25,000 രൂപ ബാങ്ക് വായ്പയുമെടുത്താണ് ഹൈക്കോണ്‍ ഇന്‍വെര്‍ട്ടര്‍ നിര്‍മാണത്തിലേക്ക് കടന്നത്. 500, 1000 വാട്ട്സുകളിലായി രണ്ടുതരം ഇന്‍വെര്‍ട്ടറുകള്‍ നിര്‍മിച്ചു. ഇലക്ട്രോണിക് ജനറേറ്റര്‍, ശബ്ദമില്ല, പുകയില്ല തുടങ്ങിയ വിശേഷണങ്ങളുമായാണ് അവ വിപണിയിലെത്തിച്ചത്. വില്‍പ്പനയ്ക്ക് സെയില്‍സ് ടീമിനെ വച്ചു. ഓരോ വീട്ടിലും നേരിട്ടു ചെന്ന് ഉൽപ്പന്നം പരിചയപ്പെടുത്തിയായിരുന്നു വില്‍പ്പന. അപ്പോഴേയ്ക്കും ഓഫീസുകളില്‍ കംപ്യൂട്ടറുകളുടെ കാലമായി. വീടുകളിലേക്കും പേഴ്സണല്‍ കംപ്യൂട്ടറുകളെത്തി. അതോടെ ഇന്‍വെര്‍ട്ടറിന്റെ അടുത്ത വകഭേദമായ യുപിഎസിലേക്കും കടന്നു. 200, 300 കിലോവാട്ട്-വരെയുള്ള യുപിഎസുകള്‍ കമ്പനി വിപണിയിലെത്തിച്ചു. ​


ആറാംവര്‍ഷം ദേശീയ അവാര്‍ഡ് ​


അഞ്ചു വര്‍ഷംകൊണ്ട് ഹൈക്കോണിന്റെ മൂലധന നിക്ഷേപം 25,000 ല്‍നിന്ന്‌ നാല് ലക്ഷമായി വളര്‍ന്നു. ജീവനക്കാരുടെ എണ്ണം അഞ്ചില്‍നിന്ന് അറുപതായി. ഭൂരിപക്ഷവും സ്ത്രീകള്‍. അങ്ങനെ എല്ലാ വിഭാഗത്തിലും മുന്നേറിയപ്പോള്‍ ദേശീയ ചെറുകിട വ്യവസായ കോര്‍പറേഷ (എന്‍എസ്ഐസി)ന്റെ മികച്ച സംരംഭത്തിനുള്ള ദേശീയ പുരസ്കാരം ഇവരെ തേടിയെത്തി. പഠിച്ച കാര്യത്തിന് വലിയ പ്രധാന്യം നല്‍കി, അത് വ്യവസായമാക്കി, അഞ്ച് വര്‍ഷംകൊണ്ട് മികച്ച വളര്‍ച്ച കൈവരിച്ചു –എന്നതാണ് അവാര്‍ഡിന് പരിഗണിക്കുന്നതിനുള്ള പരിശോധനയ്ക്കായി ഡല്‍ഹിയില്‍നിന്ന്‌ ഒല്ലൂരിലെ യൂണിറ്റിലെത്തിയ എന്‍എസ്ഐസി സംഘം അന്ന് ഹൈക്കോണിനെ അടയാളപ്പെടുത്തിയത്. ​


ലിഥിയം അയണ്‍ ബാറ്ററി പാക്ക്


പുതിയ ആവശ്യങ്ങളിലേക്ക് ലോകം ചുവടുവച്ചപ്പോള്‍ 2018 ല്‍ ലിഥിയം അയണ്‍ ബാറ്ററി പാക്ക് ഉണ്ടാക്കുന്ന ഇന്ത്യയിലെ ആദ്യ കമ്പനികളിലൊന്നായി ഇവർ വളര്‍ന്നു. ഗോദ്റെജിന് വേണ്ടിയായിരുന്നു ആദ്യ പാക്ക്. മുംബൈയില്‍ അവരുടെ ഫോര്‍ക്ക് ലിഫ്റ്റുകളില്‍ അതുപയോഗിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) വരാന്‍ തുടങ്ങുന്ന സമയമായിരുന്നത്. 2020ൽ ചാലക്കുടിയിലെ വെള്ളിക്കുളങ്ങരയില്‍നിന്ന് ഇവി മുച്ചക്രവാഹനങ്ങളും വിപണിയില്‍ എത്തിച്ചു. ഭാവി ഇവിയുടേതാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഒരു ഇലക്ട്രിക് വാഹനത്തിന്റെ വിലയുടെ 65 ശതമാനത്തോളം ബാറ്ററിയുടേതാണ്. ഇതില്‍ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിലേക്കും കടന്നത്- -– ക്രിസ്റ്റോ വ്യക്തമാക്കി. ​


കൊച്ചിയില്‍ 33 കോടിയുടെ നിക്ഷേപം


കഥമാറുകയാണിപ്പോള്‍. പുത്തന്‍ സാങ്കേതികവിദ്യകള്‍ ഏറ്റെടുക്കുന്നതില്‍ എന്നും വ്യത്യസ്തമായ വഴികള്‍ പിന്തുടര്‍ന്ന ഹൈക്കോണ്‍ കൊച്ചിയില്‍ 33 കോടി മുതല്‍മുടക്കില്‍ പണിത പുതിയ ഫാക്ടറി സെപ്തംബറില്‍ വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തതോടെ ഈ കേരള ബ്രാന്‍ഡ് കേരളവും തമിഴ്നാടും കര്‍ണാടകയും കടന്ന് ഉത്തരേന്ത്യന്‍ വിപണിയിലേക്കും ചുവടുവയ്ക്കാന്‍ സജ്ജമായിരിക്കുകയാണ്.


കിൻഫ്രാ ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്ററിലെ അഞ്ച് ഏക്കറില്‍ 52,000 ചതുരശ്ര അടിയില്‍ ഒരുക്കിയിരിക്കുന്ന ഫാക്ടറിയില്‍നിന്ന് നൂതന സാങ്കേതികവിദ്യയില്‍ ഇലക്ട്രോണിക് ജനറേറ്റര്‍ "റീലോഞ്ച്' ചെയ്യുകയാണ്. വലിയ ഡീസല്‍ ജനറേറ്ററുകളെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് "ഇ ജെന്‍' എന്ന പേരിലാണ് മൂന്നുമുതല്‍ 300 കിലോവാട്ട്-വരെ ശേഷിയില്‍ ഇലക്ട്രോണിക് ജനറേറ്റര്‍ വിപണിയിലെത്തിക്കുന്നത്. ഇലക്ട്രിക് മുച്ചക്രവാഹനങ്ങളും ലിഥിയം ബാറ്ററി പാക്കുകളും നിർമിക്കുന്നതിനുള്ള യൂണിറ്റും കോർപറേറ്റ് ഓഫീസും ഇവിടെയുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പകല്‍ ഉൽപ്പാദിപ്പിക്കുന്ന സൗരോര്‍ജം സംഭരിച്ചുവയ്ക്കാവുന്ന 20, 40 അടി കണ്ടെയ്നറുകളുടെ വലിപ്പമുള്ള ബാറ്ററി പാക്കുകളും ഇവിടെ നിര്‍മിക്കും. ​


ഹിറ്റാകാന്‍ "ഹെറ്റോ' ഇ ഓട്ടോ


ദിവസം 100 വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതാണ് ഇലക്ട്രിക് 3 വീലര്‍ യൂണിറ്റ്. "ഹെറ്റോ' ബ്രാന്‍ഡില്‍ കമ്പനിയുടെ സ്വന്തം ലിഥിയം അയണ്‍ ബാറ്ററിയില്‍ 165 കിലോമീറ്റര്‍ റേഞ്ചിലാണ് ഇ ഓട്ടോ ലഭ്യമാക്കുന്നത്. പുതിയ മൂന്ന് മോഡലുകള്‍ കൂടി വിപണിയിലെത്തിക്കാനുളള തയ്യാറെടുപ്പിലുമാണ്. ഇവയോടൊപ്പം യുപിഎസ്, സോളാർ ഹൈബ്രിഡ് ഇൻവെർട്ടറുകൾ, സോളാർ വാട്ടർ ഹീറ്ററുകൾ തുടങ്ങി അമ്പതിലധികം ഉൽപ്പന്നങ്ങള്‍ ഹൈക്കോണിന്റെ ഉൽപ്പന്ന നിരയിലുണ്ട്. ​


2000 ഡീലര്‍മാര്‍ 
ശക്തമായ സര്‍വീസ് ശൃംഖല ​


വരുമാനത്തിന്റെ നാല് ശതമാനം സാങ്കേതികവിദ്യയ്ക്കായി ചെലവഴിക്കുകയാണ് കമ്പനി. മൂന്ന് നിർമാണ യൂണിറ്റുകളും 450 ജീവനക്കാരും പത്തു ലക്ഷത്തോളം ഉപയോക്താക്കളും ചേര്‍ന്ന ഈ ശൃംഖലയില്‍ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യയും പുതുക്കുന്നതിന് ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (ഡിഎസ്ഐആര്‍) അംഗീകരിച്ച ആര്‍ ആന്‍ഡ് ഡി സെന്ററുമുണ്ട്. വീടുകള്‍, ഓഫീസുകള്‍, ഫാക്ടറികള്‍, ആശുപത്രികള്‍, ഷോറൂമുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഹൈക്കോണ്‍ ഉൽപ്പന്നങ്ങള്‍ വിന്യസിക്കപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2000 ഡീലര്‍മാരും 15 സര്‍വീസ് സെന്ററുകളും സര്‍വീസിന് മാത്രമായി 250 ജീവനക്കാരുമുണ്ട്.


വ്യവസായത്തിനും ജീവിതത്തിനുംരാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും വ്യവസായം നടത്താനും ജീവിക്കാനും മികച്ച ഇടമാണ് കേരളമെന്നും പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ വ്യവസായ മേഖലയില്‍ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നതെന്നും ഹൈക്കോണ്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ക്രിസ്റ്റോ ജോര്‍ജ് പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കില്‍ തുടര്‍ച്ചയായി ഒന്നാംസ്ഥാനത്ത്‌ വരുന്നത് ഇതിന് മികച്ച തെളിവാണെന്നും തൊഴിലാളികളുടെ മനോഭാവും വളരെ മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യവസായികള്‍ക്കിടയില്‍ ഈ മാറ്റങ്ങള്‍ക്ക് വലിയ സ്വീകാര്യതയുണ്ട്. ചിലര്‍ അത് പുറത്തേക്ക് പറയുന്നില്ലെന്ന് മാത്രം. സര്‍ക്കാര്‍ വ്യവസായ നിക്ഷേപം നടത്തുന്നവരുടെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുന്നുണ്ട്. മുമ്പൊരിക്കലും ഉണ്ടാകാത്ത അത്ര വേഗത്തിലാണ് ഇപ്പോള്‍ നടപടികള്‍ സ്വീകരിക്കുന്നതും നയങ്ങള്‍ നടപ്പാക്കുന്നതും. ഇത് വ്യവസായികള്‍ക്കും പുതിയ നിക്ഷേപകര്‍ക്കും വലിയ ആത്മവിശ്വാസം നല്‍കുന്നു. ഒരു വിനോദസഞ്ചാരകേന്ദ്രം മാത്രമായി അറിയപ്പെട്ടിരുന്ന കേരളത്തെ സർക്കാർ ഹൈടെക് ഇന്‍ഡസ്ട്രി ഹബ്ബുകൂടിയായി മാറ്റിയെടുക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. നമ്മുടെ മനുഷ്യവിഭവശേഷി വളരെ ശക്തമാണ്. പുറത്തേക്ക് ജോലിക്ക് പോയ പലരും തിരിച്ചുവന്നുതുടങ്ങി. അതില്‍ പലരും സംരംഭകരുമാകുന്നു. സര്‍ക്കാര്‍ വ്യവസായ മേഖലയിലെ ആവശ്യമില്ലാത്ത നിരവധി നിയമങ്ങള്‍ ഭേദഗതി ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആര്‍ക്കുവേണമെങ്കിലും പഞ്ചായത്തുകളിൽപ്പോലും അതിവേഗം സംരംഭം ആരംഭിക്കാം. വീട്ടമ്മമാര്‍ക്ക് വീടുകളില്‍ ചെറിയ ചെറിയ സംരംഭങ്ങളും തുടങ്ങാമെന്നായിരിക്കുന്നു. അത് വലിയ മാറ്റമാണ്. മുമ്പ് എത്ര ഓഫീസുകള്‍ കയറിയിറങ്ങണമായിരുന്നു. ഒരു മികച്ച ഇക്കോസിസ്റ്റമാണ് ഇതിലൂടെ ശക്തിപ്പെടുന്നതെന്നും സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നതെന്നും ക്രിസ്റ്റോ ജോര്‍ജ് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home