ad
Deshabhimani

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രോസിക്യൂഷന്റെ വിജയം, അർഹമായ ശിക്ഷയെന്ന് പ്രോസിക്യൂട്ടർ

m j vijayakumar nenmara double murder

പബ്ലിക് പ്രോസിക്യൂട്ടർ എം ജെ വിജയകുമാർ

വെബ് ഡെസ്ക്

Published on Jul 20, 2026, 12:58 PM | 1 min read

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നൽകിയ കോടതി വിധി പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എം ജെ വിജയകുമാർ. കേരളത്തെ നടുക്കിയ ഇരട്ട കൊലപാതകത്തിന് അർഹമായ ശിക്ഷയാണ് ലഭിച്ചത്. ഏകദേശം 100 പേജുള്ള വിധിന്യായത്തിൽ, ഈ കേസ് 'അപൂർവങ്ങളിൽ അപൂർവമായത്' ആയിട്ടാണ് കോടതി പരിഗണിച്ചത്. പ്രകോപനമൊന്നുമില്ലാതെ അതീവ ആസൂത്രിതമായാണ് പ്രതി കൃത്യം നടത്തിയതെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് പശ്ചാത്താപത്തിന് ഒട്ടും സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചതായി വിജയകുമാർ പറഞ്ഞു.


പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രതിക്ക് മാനസിക സമ്മർദ്ദമുണ്ടെന്ന് വരുത്തിത്തീർക്കാൻ പ്രതിഭാഗം ശ്രമിച്ചെങ്കിലും, മെഡിക്കൽ ബോർഡ് പരിശോധനയിൽ അയാൾക്ക് യാതൊരുവിധ അസുഖങ്ങളുമില്ലെന്ന് തെളിഞ്ഞു. വിചാരണ വേളയിൽ നാല് സാക്ഷികൾ കൂറുമാറിയത് വെല്ലുവിളിയായെങ്കിലും, ശാസ്ത്രീയ തെളിവുകളുടെയും പ്രോസിക്യൂഷൻ വാദങ്ങളുടെയും അടിസ്ഥാനത്തിൽ കേസ് തെളിയിക്കാൻ സാധിച്ചു. കുറ്റപത്രം അതിവേഗം സമർപ്പിച്ച കേരള പൊലീസിനെയും അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി പ്രത്യേകം അഭിനന്ദിച്ചു. ഭയമില്ലാതെ സാക്ഷികളെ കോടതിയിൽ എത്തിക്കുക എന്നത് വലിയൊരു ദൗത്യമായിരുന്നുവെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.


കോടതിയുടെ വിധി സാമൂഹിക നീതി ഉറപ്പാക്കുന്നതാണെന്ന് വിജയകുമാർ പറഞ്ഞു. കൊല്ലപ്പെട്ട സുധാകരന്റെ മക്കളുടെ പുനരധിവാസത്തിനായി അവർക്ക് സർക്കാർ ജോലി നൽകണമെന്ന് വിധിയിൽ നിർദ്ദേശമുണ്ട്. കൂടാതെ, പ്രതി 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം. പ്രതിക്ക് സാമ്പത്തിക ശേഷിയില്ലാത്ത സാഹചര്യത്തിൽ ഈ തുക സംസ്ഥാന സർക്കാർ നൽകണം. കേസിലെ സാക്ഷികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകിക്കൊണ്ടുള്ള നിർദ്ദേശങ്ങളും വിധിയിലുണ്ട്; പ്രതിക്ക് പരോൾ അനുവദിക്കുകയാണെങ്കിൽ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അത് നൽകാവൂ എന്ന് കോടതി കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റം ചെയ്യുന്നവർക്ക് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന ശക്തമായ സന്ദേശമാണ് ഈ വിധിയിലൂടെ കോടതി നൽകിയിരിക്കുന്നതെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home