ഓപ്പൺ എഐയുടെ തലപ്പത്ത് ഇന്ത്യൻ വംശജന്‍; ചീഫ് ടെക്നോളജി ഓഫീസറായി ഉദയ് രുദ്ദരാജുവിനെ നിയമിച്ചു

ഉദയ് രുദ്ദരാജു
കാലിഫോർണിയ : ഓപ്പൺ എഐ തലപ്പത്ത് ഇന്ത്യൻ വംശജനെ നിയമിച്ച് കമ്പനി. ഇന്ത്യൻ വംശജനായ ഉദയ് രുദ്ദരാജുവിനെ ഓപ്പൺ എഐയുടെ ചീഫ് ടെക്നോളജി ഓഫീസറായി നിയമിച്ചു.
ഉദയ് രുദ്ദരാജു തന്നെയാണ് വിവരം ലിങ്ക്ഡിനിൽ പങ്കുവെച്ചത്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് എഐയിലായിരുന്ന ഉദയ് രുദ്ദരാജു കഴിഞ്ഞ വർഷമാണ് ഓപ്പൺ എഐലെത്തുന്നത്. ഓപ്പൺ എഐയോടൊപ്പമുള്ള ഒരു വർഷക്കാലം ഏറെ മികച്ചതായിരുന്നുവെന്നും ഏറ്റവും നവീനമായ എഐ മോഡലുകൾക്ക് പരിശീലനം നൽകാൻ ആവശ്യമായ കമ്പ്യൂട്ടിങ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുക്കാൻ തന്റെ ടീമിന് കഴിഞ്ഞുവെന്നും രുദ്ദരാജു കുറിച്ചു.
ഹൈദരാബാദിലെ ചൈതന്യ ഭാരതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നാണ് കംപ്യൂട്ടർ സയൻസിൽ ഉദയ് ബിരുദം നേടിയത്. പഠനത്തിനിടെ തന്നെ ആമസോൺ വെബ് സർവീസിൽ ഇന്റൺഷിപ്പും നേടിയിരുന്നു. പിന്നീട് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയ ഉദയ് രുദ്ദരാജു മിനിസോട്ട യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയത്. 2013ൽ ഇബേയ്‌ക്കൊപ്പം കരിയർ ആരംഭിക്കുകയും പിന്നീട് റോബിൻഹുഡ്, എക്‌സ്എ ഐ തുടങ്ങിയ കമ്പനികളിൽ പ്രവർത്തിക്കുകയും ചെയ്തു.










0 comments